കൊച്ചി
മഴ നനയാതെ വിമാനത്തിൽ കയറാൻ സൗകര്യമൊരുക്കാത്തതിന് കൊച്ചി വിമാനത്താവള അധികൃതർ യാത്രക്കാരന് 16,000 രൂപ നഷ്ടപരിഹാരം നൽകാൻ എറണാകുളം ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമീഷന്റെ ഉത്തരവ്. വെണ്ണല സ്വദേശി ടി ജി എൻ കുമാർ നൽകിയ പരാതിയിലാണ് ജില്ലാ ഉപഭോക്തൃ കോടതി പ്രസിഡന്റ് ഡി ബി ബിനു, അംഗങ്ങളായ വി രാമചന്ദ്രൻ, ടി എൻ ശ്രീവിദ്യ എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടത്.
എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യാനെത്തിയപ്പോഴാണ് പരാതിക്കാരന് ദുരനുഭവം ഉണ്ടായത്. മഴ നനഞ്ഞ വസ്ത്രവുമായി ഡൽഹിവരെ യാത്ര ചെയ്തതിനാല്‍ പനി ബാധിച്ച് മൂന്നുദിവസം ആശുപത്രിയിൽ കിടക്കേണ്ടി വന്നു. ആ ദിവസം കോഴിക്കോട് വിമാനത്താവളത്തിൽനിന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് തിരിച്ചുവിട്ടതും സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ കുറവുമൂലം യാത്രക്കാരന് ഏറെ ബുദ്ധിമുട്ടുകൾ ഉണ്ടായെന്നുമാണ് പരാതി.
വൻ ലാഭം ഉണ്ടാക്കുന്ന സ്ഥാപനങ്ങൾപോലും ഉപഭോക്താക്കളുടെ അവകാശം സംരക്ഷിക്കുന്നതിൽ നിരുത്തരവാദപരമായ നിലപാടാണ് സ്വീകരിക്കുന്നതെന്നും കമീഷൻ വിലയിരുത്തി. പരാതിക്കാരൻ അനുഭവിച്ച ശാരീരിക ബുദ്ധിമുട്ടുകൾക്കും മനഃക്ലേശത്തിനും 8,000 രൂപ നഷ്ടപരിഹാരവും 8,000 രൂപ കോടതിച്ചെലവുമടക്കം 16,000 രൂപ സിയാൽ അധികൃതർ ഒരുമാസത്തിനകം നൽകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..