13 November Wednesday

VIDEO - അഴിമതിയിൽ നിന്ന് മാറാത്തവർക്ക് "സർക്കാർ കെട്ടിടത്തിൽ' ഉറങ്ങാം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Sunday Oct 20, 2019

മട്ടന്നൂർ >   അഴിമതിയെന്ന ശീലത്തിൽനിന്ന്‌ മാറാൻ കഴിയാത്തവർക്ക്‌  വീട്ടിൽ കിടന്നുറങ്ങാൻ കഴിയാത്ത സ്ഥിതി വരുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. ഭരണനേതൃത്വത്തിലടക്കം ഉയർന്ന തലങ്ങളിൽ അഴിമതി തീർത്തും ഇല്ലാതായിട്ടുണ്ട്‌. അതിനനുസരിച്ച്‌ എല്ലാവരും മാറിയില്ലെങ്കിൽ വിഷമമുണ്ടാകും. അഴിമതിക്കാർ സർക്കാർ ഭദ്രമായി പണിത കെട്ടിടത്തിൽ പോയി കിടക്കേണ്ടി വരും. അഴിമതിക്ക്‌ പുറപ്പെടുന്നവരെല്ലാം ഇത്‌ ഓർമിക്കുന്നത്‌ നല്ലതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മട്ടന്നൂരിൽ റവന്യു ടവറിന്റെയും സ്‌പെഷ്യാലിറ്റി ആശുപത്രിയുടെയും ശിലാസ്ഥാപനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.

 രാജ്യത്ത്‌ അഴിമതി ഏറ്റവും കുറവ്‌ കേരളത്തിലാണ്‌. എന്നാൽ പൂർണമായും ഇല്ലാതായി എന്ന്‌ പറയാനാവില്ല. ജീവിക്കുന്നതിനുള്ള ന്യായമായ ശമ്പളം സർക്കാർ നൽകുന്നുണ്ട്‌. അതിൽ ഭൂരിപക്ഷം പേരും തൃപ്‌തരാണ്‌. ചിലരാണ്‌ ഈ കെട്ട മാർഗം സ്വീകരിക്കുന്നത്‌. പിടിയിലാകുന്നതുവരെയാണ്‌ ഇത്‌ അനുഭവിക്കാനാവുക. പിടിയിലായാൽ അതുവരെയുള്ളതെല്ലാം ഇല്ലാതാകും എന്നുമാത്രമല്ല സമൂഹത്തിൽനിന്നും കുടുംബത്തിൽനിന്നും ഒറ്റപ്പെടും.  സഹായിച്ചവരും ഒറ്റപ്പെടുമെന്നതും ഓർക്കണം. അങ്ങിനെയുള്ള ജീവിതം വേണോയെന്ന്‌ എല്ലാവരും ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ഓഫീസിലെത്തുന്ന കടലാസുകളിലെ ജീവൽ പ്രശ്‌നങ്ങൾ ഉൾക്കൊള്ളാനുള്ള മാനവികമൂല്യങ്ങൾ സ്വായത്തമാക്കാൻ ജീവനക്കാർക്കാകണം. നാട്ടുകാരുടെ ചെലവിൽ കഴിയുന്നവരാണ്‌ എന്ന ബോധം എപ്പോഴും ഉണ്ടാകണം. ജനങ്ങളുടെ സേവകരാണ്‌ നമ്മൾ. യഥാർഥ യജമാനൻമാരെ ഭൃത്യരായി കാണുന്ന നിലയുണ്ടാവരുത്‌. മിക്കവാറും പേർ നന്നായി പെരുമാറുന്നുണ്ട്‌. കുറച്ചുപേരാണ്‌ മാറിനിൽക്കുന്നത്‌. അതും മാറണമെനനും അദ്ദേഹം പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top