25 April Thursday

ഒന്നാംഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായി; പലഘടകങ്ങള്‍ യോജിച്ചുള്ള പുനര്‍നിര്‍മാണമാണ് ലക്ഷ്യം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Aug 28, 2018

തിരുവനന്തപുരം > ഒന്നാഘട്ട രക്ഷാപ്രവര്‍ത്തനം പൂര്‍ത്തിയായതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പുനരധിവാസം പൂര്‍ത്തിയായികൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മാനവീക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ചുള്ള  പ്രവര്‍ത്തന ശൈലിയാണ് ഈ ഘട്ടത്തില്‍ സ്വീകരിച്ച് വന്നത്. നാടിന്റെ ഉജ്വലമായ പാരമ്പര്യം കൂടുതല്‍ കരുത്തോടെ മുമ്പോട്ട് കൊണ്ട് പോകാന്‍ ഈ തലമുറയ്ക്ക് കഴിഞ്ഞു എന്നത് ചരിത്രത്തില്‍ രേഖപ്പെടുത്തും.നമ്മുടെ നാടിന്റെ പ്രവര്‍ത്തനം  ലോകത്ത് എല്ലായിടത്തുള്ളവര്‍ക്കും പ്രചോദനമാകുമെന്നും അദ്ദേഹം പറഞ്ഞു.

പുനരധിവാസം പൂര്‍ത്തിയായി വരുന്ന ഘട്ടത്തില്‍ കളക്ടര്‍മാരുമായി വിശദമായി ചര്‍ച്ച നടത്തി.  കൂടുതല്‍ നിര്‍ദേശങ്ങള്‍ നല്‍കി കഴിഞ്ഞു. വീടുകളിലേക്ക് മടങ്ങിപോകുമ്പോള്‍ വീട്ടില്‍  ഒരു പാത്രം പോലും ഇല്ലാത്ത അവസ്ഥയായിരിക്കും. ഇതിനെ മറികടക്കാന്‍ പ്രാഥമികമായ സൗകര്യങ്ങള്‍ക്കുള്ള സഹായം പ്രാദേശികമായി സമാഹരിച്ച് നല്‍കാന്‍ കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അടിയന്തര ധനസഹായമായി പ്രഖ്യാപിച്ച 10000  ഉടന്‍ കൈകളിലെത്തും. കഴിഞ്ഞ നാല് ദിവസം ബാങ്ക് അവധിയായതിനാലാണ് അതിന് ചെറിയ തടസം നേരിട്ടത്. അടുത്ത പ്രവൃത്തിദിവസത്തിനുള്ളില്‍ തന്നെ ഇത് കൈകളിലെത്തിക്കാനുള്ള നടപടി കൈക്കൊണ്ടതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രളയക്കെടുതിയില്‍ ഒട്ടേറെ വസ്തുക്കള്‍ നശിച്ചു. വാഹനം, വീട്ടുപകരണങ്ങള്‍ എന്നിവ ഇതില്‍പ്പെടും. ഇന്‍ഷൂറന്‍സ് തുക ഇതിനെല്ലാം ലഭ്യമാകേണ്ടതുണ്ട്. സാങ്കേതിക കാരണങ്ങളാല്‍ അതിന് തടസമുണ്ടാകാതിരിക്കാന്‍ ഇന്‍ഷുറന്‍സ് അധികാരികളെ വിളിച്ച് ചേര്‍ത്ത് ചീഫ് സെക്രട്ടറി ചര്‍ച്ച നടത്തും.

വളരെയധികം മാലിന്യമാണ് മലവെള്ളം കൊണ്ടു വന്നത്. ഈ മാലിന്യങ്ങളെ കരുതലോടെ കൈകാര്യം ചെയ്യണം. വീടുകളിലുള്ളതും  ഉപയോഗ ശൂന്യമായതും  പുഴയിലോ കായലിലോ തള്ളരുത്. അക്കാര്യത്തില്‍ ജാഗ്രത പുലര്‍ത്തണം. മാലിന്യം  നിക്ഷേപിക്കാന്‍ പറ്റിയ ഒരു സ്ഥലം കണ്ടെത്തണം. അവ തരംതിരിച്ച് വെച്ച ശേഷം സംസ്‌കരിക്കാന്‍ പറ്റുന്ന അങ്ങനെ ചെയ്യാം അല്ലാത്തവ നീക്കം ചെയ്യണം. ഈ മാലിന്യങ്ങള്‍ പുഴയില്‍ തള്ളുന്നവര്‍ക്കെതിരെ നിയമ നടപടി കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് ദുരിതാശ്വാസ ക്യാമ്പുകള്‍ കുറയുന്നു. സ്‌കൂളുകളിലുള്ള ക്യാമ്പുകള്‍ പൂര്‍ണമായും ഒഴിപ്പിക്കും. പകരം പൊതു സ്ഥലങ്ങള്‍ ഓഡിറ്റോറിയങ്ങള്‍ എന്നിവിടങ്ങളിലേക്ക് ക്യാമ്പ് മാറ്റും. ഇന്നത്തെ കണക്കു പ്രകാരം 53703 കുടുംബങ്ങളിലായി 197518 പേര്‍ മാത്രമാണ് ക്യാമ്പുകളിലുള്ളത്. 

വീടുകള്‍ താമസയോഗ്യമാക്കി മാറ്റുന്നതിന് സന്നദ്ധ സംഘടനകളും പ്രവര്‍ത്തകരും എണ്ണയിട്ട യന്ത്രം കണക്കെയാണ് പ്രവര്‍ത്തിക്കുന്നത്. യുവജനങ്ങള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്. രക്ഷാ പ്രവര്‍ത്തനത്തിലെന്ന പോലെ  ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും യുവാക്കള്‍ക്ക് സജീവമവാന്‍ കഴിയുമെന്നാണ് പ്രതീക്ഷ. ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് കൂടുതല്‍ ആളുകളെ ആവശ്യമുണ്ട്. കൂടൂതല്‍ ആളുകള്‍ എത്തിച്ചേരണം. വളണ്ടിയറായി ചേരാന്‍ കൂടുതല്‍ ആളുകള്‍ സന്നദ്ധരാവണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.

കന്നുകാലികള്‍ക്ക് തീറ്റ എത്തിക്കും. ഇതിനായുള്ള നടപടികള്‍ മൃഗസംരക്ഷണ വകുപ്പ്  സ്വീകരിക്കും. കന്നുകാലികളുടെ മൃതശരീരങ്ങള്‍  മറവ് ചെയ്യാന്‍ നിര്‍ദേശവും നല്‍കിയിട്ടുണ്ട്.

എല്ലാ വീടുകളും ശുദ്ധമായ കുടിവെള്ളം വിതരണത്തിന് നടപടി എടുത്തിട്ടുണ്ട്.  പ്രയാസമുള്ള സ്ഥലത്ത് കിയൊസ്‌കുകള്‍ സ്ഥാപിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

പകര്‍ച്ചവ്യാധികള്‍ തടയുന്നതിനാവശ്യമായ നടപടികള്‍ കൈക്കൊള്ളുന്നുണ്ട്. ഇതിന്റെ ഭാഗമായി ആരോഗ്യവകുപ്പ് നല്‍കുന്ന നിര്‍ദേശങ്ങള്‍ പാലിക്കുക.എല്ലാവരും പ്രതിരോധ മരുന്നുകള്‍ കഴിക്കാന്‍ തയ്യാറാവണം. എല്ലാവരേയും ചികിത്സിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്.

സ്വന്തം വീടുകളിലേക്ക് താമസിക്കാന്‍ ചെല്ലുന്നവരില്‍ സാധരണയിലും താഴെ വരുമാനമുള്ളവരുടെ കാര്യം സര്‍ക്കാര്‍ പ്രത്യേകം ശ്രദ്ധ വെക്കും. ഇവരുടെ കാര്യത്തില്‍ പ്രാദേശികമായി കണക്കാക്കി സ്‌പോണ്‍സര്‍ ചെയ്യാന്‍ തയ്യാറുള്ള ഉദാരമതികളെ കണ്ടെത്തി സഹായം എത്തിക്കുന്തിനുളള നടപടിക്ക് കളക്ടര്‍മാര്‍ക്ക് നിര്‍ദേശം.

പുനര്‍നിര്‍മാണം വലിയ ദൗത്യമാണ്. ഇതിനായി പലഘടകങ്ങള്‍ യോജിക്കണം. അതിനായി സര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്.  സാമ്പത്തികം, ഏത് തരത്തിലുള്ള പുനനിര്‍മാണം, അസംസ്‌കൃത വസ്തുകള്‍, ജീവനോപാധികള്‍ ഉറപ്പ് വരുത്താന്‍ സാധിക്കണം എന്നിയാണവ.  പണം കണ്ടെത്തുന്ന എന്നുള്ളത് തന്നെയാണ് പ്രശ്‌നമെന്നും  നാടിനെ സംരക്ഷിക്കുക എന്നൊരു പൊതുബോധം വളര്‍ന്നു വന്നാല്‍ നമുക്കിതിനെ മറികടക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 ലോകത്താകെ ജോലിയെടുക്കുന്ന മലയാളികളോടായി അഭ്യര്‍ഥന. പുനര്‍നിര്‍മാണ പ്രക്രിയക്കായി ഒരു മാസത്തെ ശന്ബളം നല്‍കുക. മാസം ഒന്നാകെ കിട്ടുന്ന ശമ്പളം പത്ത് മാസമായി തന്നാല്‍ മതി. ഈ പ്രവൃത്തിയിലൂടെസ്വന്തം  നാടിനെ സംരക്ഷിച്ചു എന്ന ചാരിതാര്‍ഥ്യം കൊണ്ട് നടക്കാന്‍ സാധിക്കും.

ബിസിനസുകാരും വ്യാപാരികളും വരുമാനത്തിന്റെ ഒരു ഭാഗം സംഭാവന ചെയ്യാന്‍ തയ്യാറാകണം. നഴ്‌സറി കുട്ടികള്‍ മുത്ല്‍ സീനിയര്‍ സിറ്റിസണ്‍ വരെ പങ്കളാികളാകുന്ന, എല്ലാവര്‍ക്കും പങ്കാളികളാകാന്‍ പറ്റുന്ന തരത്തിലുള്ള  ഒരു സംവിധാനത്തിന് രൂപം നല്‍കും. എല്ലാവരും  സ്വയമേ സംഭാവന നല്‍കാന്‍ മുന്നോട്ട് വരണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്ക് വീരോചിതമായ യാത്രയയപ്പ് നല്‍കുക എന്നത് നമ്മുടെ ഉത്തരവാദിത്വമാണ്. സേനവിഭാഗങ്ങള്‍ പ്രവര്‍ത്തിച്ചത് നമ്മളില്‍ ഒരാളെപ്പോലെയാണ്. അതോടൊപ്പം നാം കാണിച്ച കരുത്ത്, മര്യാദ, ആതിഥ്യ മര്യാദ എന്നിവ ഏറ്റുവാങ്ങിയാണ് അവര്‍ മടങ്ങുന്നത്.  രക്ഷാപ്രവര്‍ത്തനത്തില്‍ മുഴുകിയവരില്‍ ജില്ലാ കളക്ടര്‍മാരുള്‍പ്പെടെയുള്ളവരുമായി വീഡിയോ കോണ്‍ഫ്രന്‍സ് വഴി ദിവസേന സംവദിച്ചരുന്നു. ഏത് പ്രതിസന്ധിയേയും തരണം ചെയ്യാന്‍ ഉള്ള കരുത്ത് കളക്ടര്‍മാര്‍ കാണിച്ചു. കേരള ജനതക്ക് ഒരിക്കലും മറക്കാനാവാത്ത പ്രവര്‍ത്തനമാണ് അവര്‍ കാഴ്ച വെച്ചത്.

കേരളത്തെ സാഹായിക്കാനായി സുപ്രീംകോടതി ജഡ്ജിമാര്‍ ഉള്‍പ്പെടയുള്ളവര്‍ നടത്തിയ ഇടപെടല്‍ അത്യന്തം ശ്ലാഖനീയമാണ്.  സംസ്ഥാനത്തിന് പുറത്തുള്ള മാധ്യമപ്രവര്‍ത്തകരും ദൗത്യം എറ്റെടുത്തിട്ടുണ്ട്. എന്‍ഡിടിവി, ന്യൂസ് 18 എന്നിവര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അഭിനന്ദാര്‍ഹമാണ്. പുനര്‍നിര്‍മാണത്തെകുറിച്ച് മാധ്യമങ്ങള്‍ നടത്തിക്കൊണ്ടിരിക്കുന്ന ചര്‍ച്ചയും  വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്ന് വരുന്ന നിര്‍ദേശങ്ങള്‍ പരിഗണിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

ലോക കേരള സഭ ചേര്‍ന്ന് പ്രവാസികളുടെ പങ്കാളിത്തം എങ്ങനെ വേണമെന്നതുള്‍പ്പെടെയുള്ളവ പരിഗണിക്കും.  കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്ത് നിന്നും സഹായം ലഭിക്കുന്നുണ്ട്. അതോടൊപ്പം  ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നും സഹായങ്ങള്‍ കിട്ടുന്നുണ്ട്. സാമ്പത്തിക അടിത്തറ ഉണ്ടാക്കാന്‍ നമുക്കാവും, നാം ഒന്നായി നിന്നാല്‍ നമുക്ക് അത് നേടിയെടുക്കാന്‍ ആവുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top