28 February Friday

അഴിമതി കാണിക്കുന്നവരോട്‌ ദയ കാണിക്കില്ല: മുഖ്യമന്ത്രി പിണറായി

വെബ് ഡെസ്‌ക്‌Updated: Tuesday Jan 28, 2020

കാസർകോട്‌ >  അഴിമതി കാണിക്കുന്നവരോട്‌ ദയ കാണിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. വിദ്യാനഗഗറിൽ എൻജിഒ യൂണിയൻ ജില്ലാ കമ്മിറ്റി ഓഫീസ്‌ കെട്ടിടം ഉദ്‌ഘാടനം ചെയ്ത്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിന്റെ സാമ്പത്തിക പ്രയാസത്തിനിടയിലും അർഹമായ ശമ്പളവും  ആനുകൂല്യങ്ങളും സർക്കാർ ജീവനകാർക്ക്‌ നൽകുന്നുണ്ട്‌. അഴിമതി നടത്തുന്നവർ ചെറിയ ശതമാനം മാത്രമാണ്‌.  ഇവരെ കൊണ്ട്‌ സിവിൽ സർവീസ്‌ മൊത്തം പേരുദോഷം കേൾക്കുകയാണ്‌. അഴിമതി നടത്താതെ മെച്ചപ്പെട്ട നിലയിൽ ജീവിക്കുന്നവരെ പോലെ ഇവർക്കും കഴിയാനാകും. ഇവരെ തിരുത്താൻ മറ്റുള്ളവർ ശ്രദ്ധിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

മറ്റുള്ളവർ അഴിമതി നടത്തുമ്പോൾ എന്തിനാണ്‌ പരാതിപ്പെടുന്നത്‌ കടുത്ത നടപടിയുണ്ടാകില്ലെ എന്ന ചിന്തയാണ്‌ ജീവനക്കാർക്കുള്ളത്‌. അഴിമതിക്കാരോട്‌ ഒരു ദയയും കാണിക്കരുത്‌. അഴിമതിക്കാരെ വെച്ചുപൊറുപ്പിക്കില്ല. കർക്കശമായ നടപടിയുണ്ടാകും. എല്ലാതലത്തിലും അഴിമതി ഇല്ലാതാക്കാൻ നല്ല ശ്രമം നടത്തുന്നുണ്ട്‌. അഴിമതി പിടിക്കപ്പെട്ടാൽ ഉണ്ടാകുന്ന ഭവിഷ്യത്ത് അത്തരക്കാർ ഓർക്കണം.

  എല്ലാ വകുപ്പുകളും കൂട്ടായി ചേർന്ന്‌ ഫയലുകൾ തീർക്കാനുള്ള യജ്ഞം നടത്തിക്കഴിഞ്ഞു. എന്നിട്ടും ഒട്ടേറെ ഫയലുകൾ തീർപ്പ്‌ കാത്ത്‌ കഴിയുകയാണ്‌. കൂട്ടായി നടത്തിയ ശ്രമത്തിന്റെ ഫലമായി ഒരു പ്രത്യേക സംസ്‌കാരം ആർജിക്കാനായി. ഇത്‌ തടരാനുള്ള പുതിയ തീരുമാനങ്ങൾ സർക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടാകും. ഫയലുകൾ വേഗത്തിൽ തീർക്കണമെന്ന സമീപനമാണ്‌ എല്ലാ സർവീസ്‌ സംഘടനകളും പ്രകടിപ്പിച്ചിട്ടുള്ളത്‌. നിസാരമായ കാര്യങ്ങൾക്ക്‌ വലിയ കാലതാമസമുണ്ടാകുന്നത്‌ മാറ്റണം.  സർക്കാരിന്റെ പ്രവർത്തനം ജനങ്ങൾക്ക്‌ പ്രയോജനപ്പെടണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

 കാര്യങ്ങൾ കാലതാമസമില്ലാതെ നടക്കണം. ചുവപ്പ്‌ നാട ഉണ്ടായിക്കൂട. പുതിയ രീതിയിലേക്ക്‌ നാടിനെ മാറ്റാൻകഴിയണം. കേരളം ശമ്പളത്തിലും ആനുകൂല്യത്തിലും കൂലിയിലും രാജ്യത്തെ മറ്റിടങ്ങളിലേതിനെക്കാൾ വളരെ മുന്നിലാണ്‌. പക്ഷേ അതനുസരിച്ചു ഫലം ഉണ്ടാകുന്നില്ല. അവരവരുടെ കാര്യങ്ങൾ നിർവഹിച്ച്‌ പോയാൽ മാത്രം പോര. മറ്റുള്ളവരുടെ കാര്യങ്ങളും നടത്തി കൊടുക്കണം. ആരുടെയെങ്കിലും പ്രത്യേക ശുപാർശയിലുടെയായിരിക്കരുത്‌ ഇത്‌. എല്ലാവർക്കും ഒരുപോലെ നീതി കിട്ടണം– മുഖ്യമന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top