19 November Tuesday

സുപ്രീംകോടതി വിധി ഉൾക്കൊള്ളണം; സംയമനത്തോടെ, സമാധാനം നിലനിർത്തണം: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Nov 9, 2019

തിരുവനന്തപുരം >   അയോധ്യ തർക്കഭൂമി കേസിൽ സുപ്രീംകോടതി വിധി അന്തിമമാണെന്നതിനാൽ അത്‌ ഉൾക്കൊള്ളണമെന്നും സമാധാനം നിലനിർത്താനുള്ള താൽപ്പര്യത്തോടെ വേണം വിധിയോട്‌ പ്രതികരിക്കാനെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.

രാജ്യത്തിന്റെ പരമോന്നത കോടതിയുടെ വിധി വന്നിരിക്കുകയാണ്‌. രാജ്യത്ത്‌ രക്തച്ചൊരിച്ചിലും കലാപങ്ങളും ഉണ്ടാക്കിയ പ്രശ്‌നത്തിലാണ്‌ സുപ്രീംകോടതിയുടെ ഭരണഘടനാ ബഞ്ച്‌ വിധി പ്രഖ്യാപിച്ചത്‌. ബാബറി മസ്‌ജിദ്‌ പൊളിച്ചതും രാമവിഗ്രഹം കൊണ്ടുവച്ചതും നിയമവിരുദ്ധമാണെന്ന്‌ കോടതി സ്ഥിരീകരിച്ചു. ബാബറി മസ്‌ജിദ്‌ പൊളിച്ചതിനെ തുടർന്നാണ്‌ രാജ്യം നിരവധിയായ കലാപങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചത്‌. ഈ വിധിയോടെ ഭൂമി തർക്കവുമായി ബന്ധപ്പെട്ട നിയമപരമായ വിഷയങ്ങളിലാണ്‌ തീർപ്പ്‌ ഉണ്ടായിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വിധി തങ്ങൾ കാലാകാലങ്ങളായി ഉയർത്തുന്ന വാദങ്ങൾക്കും ആവശ്യങ്ങൾക്കും വിഘാതമാണെന്ന്‌ ധരിക്കുന്നവരുണ്ടാവാം. അതോടൊപ്പം തങ്ങളുടെ ആവശ്യങ്ങളാണ്‌ അംഗീകരിക്കള്ളെട്ടത്‌ എന്ന്‌ ധരിക്കുന്നവരുമുണ്ട്‌. രണ്ട്‌കൂട്ടരും സംയമനത്തോടെ കാര്യങ്ങളെ സമീപിക്കണം. സമാധാനം നിലനിർത്താനുള്ള താൽപ്പര്യത്തോടെ പ്രതികരിക്കണം.

ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള ആ പ്രതികരണം. അതേ രീതിയിൽ കൂടുതൽ പ്രതിബദ്ധതയോടെ നാം തുടരണം. വിധിയോടുള്ള പ്രതികരണങ്ങൾ ഐക്യവും മതനിരപേക്ഷതയും സംരക്ഷിച്ചുകൊണ്ടുള്ളതാവണം. സുപ്രീംകോടതി വിധി അന്തിമമാണെന്നതിനാൽ അത്‌ ഉൾക്കൊള്ളണമെന്നും പിണറായി വിജയൻ പറഞ്ഞു. 

സമാധാനവും ശാന്തിയും ഭരണഘടന വിഭാവനം ചെയ്യുന്ന മൂല്യങ്ങളുടെ കരുത്തുമാവണം ഈ സന്ദർഭത്തിലെ നമ്മുടെ പരിഗണന. സമാധാനം കാത്തുസൂക്ഷിക്കാനുള്ള എല്ലാ നടപടികളും കേരള സർക്കാർ കൈക്കൊണ്ടിട്ടുണ്ട്‌. പ്രകോപനപരമായ പ്രതികരണങ്ങൾ അനുവദിക്കില്ല. പൊലീസ്‌ ജാഗ്രത പാലിക്കുന്നുണ്ട്‌. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന എല്ലാവരും സമാധാനം നിലനിർത്തുന്നതിന്‌ സഹകരിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top