14 December Saturday

ആരോഗ്യരംഗം മെച്ചപ്പെടുത്താൻ മുഖ്യമന്ത്രി ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 20, 2019

തിരുവനന്തപുരം > ആർദ്രം മിഷൻ വിജയകരമായി നടപ്പാക്കുന്ന പശ്ചാത്തലത്തിൽ ആരോഗ്യരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് അഭിപ്രായം തേടി മുഖ്യമന്ത്രി പിണറായി വിജയൻ ഡോക്ടർമാരുമായി കൂടിക്കാഴ്ച നടത്തി. സർക്കാർ, സ്വകാര്യ മേഖലയിലെ ഡോക്ടർമാർ യോഗത്തിൽ പങ്കെടുത്തു.

ചികിത്സയ്‌ക്കൊപ്പം രോഗപ്രതിരോധത്തിനും ഊന്നൽ നൽകുന്ന ആരോഗ്യനയമാണ് കേരളത്തിനാവശ്യമെന്ന് ഡോക്ടർമാർ അഭിപ്രായപ്പെട്ടു. ആരോഗ്യ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ച നടന്നു. വിദ്യാർഥികളിൽ പൊണ്ണത്തടി വർധിച്ചുവരുന്നതിന് കാരണം ജങ്ക് ഫുഡാണ്. ഇത് ജീവിതശൈലി രോഗങ്ങൾക്കും കാരണമാവുന്നു. ജീവിതശൈലീ രോഗത്തെക്കുറിച്ചുള്ള ബോധവത്കരണം സ്‌കൂളുകളിൽ നിന്നുതന്നെ ആരംഭിക്കണം.

പ്രമേഹവും രക്തസമ്മർദ്ദവും നിയന്ത്രണാതീതമായി വർധിക്കുന്നു. ഇത് കിഡ്ണിയെ ബാധിക്കുന്ന സ്ഥിതിയുണ്ട്. ആശ വർക്കർമാർ, കുടുംബശ്രീ, ആരോഗ്യസേന എന്നിവരെ ഉപയോഗിച്ച് ഇവ നിയന്ത്രിക്കുന്നതിന് നടപടിയെടുക്കണം. പ്രമേഹവും രക്തസമ്മർദ്ദവും കണ്ടെത്തുന്നതിന് പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ സംവിധാനം ഒരുക്കണം. കിടപ്പിലായ പ്രമേഹ രോഗികൾക്ക് വീടുകളിൽ മരുന്നെത്തിച്ചു നൽകാൻ നടപടി സ്വീകരിക്കാവുന്നതാണെന്നും അഭിപ്രായമുയർന്നു.

പ്രായം ചെന്നവരുടെ പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനാവണം. തദ്ദേശസ്ഥാപനങ്ങൾ മുഖേന ജിറിയാട്രിക് ഡേ കെയർ കേന്ദ്രങ്ങൾ ആരംഭിക്കുന്നത് പരിഗണിക്കണം. ജില്ലാ ആശുപത്രികളിൽ ജിറിയാട്രീഷ്യനെ നിയമിക്കണം. കുട്ടികളിലെ വൃക്കരോഗ ചികിത്‌സയ്ക്ക് സമഗ്ര പദ്ധതി ആവിഷ്‌കരിക്കണം.സംസ്ഥാനത്തിന് മെന്റൽ ഹെൽത്ത് പോളിസി വേണമെന്നും ജില്ലാ ആശുപത്രികൾക്ക് കീഴിൽ ഡീഅഡിക്ഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും നിർദ്ദേശമുണ്ടായി.

 മെഡിക്കൽ കോളേജുകളിലെ പീഡിയാട്രിക് വിഭാഗത്തിനു കീഴിൽ ബിഹേവിയറൽ പീഡിയാട്രിക് കേന്ദ്രങ്ങൾ വേണം. കേരളം മെന്റൽ ഹെൽത്ത് ആക്റ്റ് നടപ്പാക്കണം. നിംഹാൻസ് മാതൃകയിൽ കേരളത്തിൽ മാനസികാരോഗ്യ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കണം. കാൻസർ രോഗികളുടെ സംസ്ഥാന രജിസ്ട്രി തയ്യാറാക്കണം.

 നവജാതശിശുക്കളിലെ ഭാരക്കുറവിന് പ്രധാന കാരണം വീട്ടിലെ പുരുഷൻമാരുടെ പുകവലിയാണെന്ന് പഠനങ്ങളിൽ കണ്ടെത്തിയിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് വ്യാപക ബോധവത്കരണം നടത്തണമെന്നും ഡോക്ടർമാർ നിർദ്ദേശിച്ചു. കേരളത്തിൽ മെഡിക്കൽ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നത് പരിഗണിക്കണം.

ട്രോമ കെയർ മേഖലയിൽ കൂടുതൽ ഇടപെടലുകൾ ഉണ്ടാവണം. ഗ്രാമീണ മേഖലയിലും ട്രോമ കെയർ കേന്ദ്രങ്ങൾ ആരംഭിക്കണമെന്നും നിർദ്ദേശമുണ്ടായി. ആരോഗ്യമന്ത്രി കെ കെ ശൈലജ, പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡെ എന്നിവർ യോഗത്തിൽ പങ്കെടുത്തു
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top