21 November Thursday

ചെറുപുഴയിലെ കരാറുകാരന്റെ മരണം; റോഷി ജോസിനും അബ്ദുൾസലീമിനും ജാമ്യമില്ല

പ്രത്യേക ലേഖകൻUpdated: Thursday Oct 3, 2019

കണ്ണൂർ >  ചെറുപുഴയിലെ കരാറുകാരൻ ജോസഫ്‌ മുതുപാറകുന്നേലിന്റെ മരണവുമായി ബന്ധപ്പെട്ട കേസുകളിലെ പ്രധാന പ്രതികളായ കോൺഗ്രസ്‌ നേതാവ്‌ റോഷി ജോസ്‌, മുസ്ലിംലീഗ്‌ നേതാവായ  പി വി അബ്ദുൾ സലീം എന്നിവരുടെ ജാമ്യാപേക്ഷ തലശേരി സെഷൻസ്‌ കോടതി തള്ളി. ആത്മഹത്യാ പ്രേരണക്കേസിലും കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെ പേരിൽ നടത്തിയ വിശ്വാസവഞ്ചനക്കേസിലും യഥാക്രമം രണ്ടും മൂന്നും പ്രതികളാണിവർ.

ആത്മഹത്യാ പ്രേരണക്കേസിൽ നാലാംപ്രതിയായ കെ കെ സുരേഷ്‌ കുമാറിന്റെ  മുൻകൂർ ജാമ്യാപേക്ഷയും  സെഷൻസ്‌ ജഡ്‌ജിയുടെ ചുമതല വഹിക്കുന്ന അഡീഷണൽ ജില്ലാ ജഡ്‌ജി എ ഹാരീസ്‌ തള്ളി. അതേസമയം പ്രായം പരിഗണിച്ച്‌, രണ്ടുകേസുകളിലെയും ഒന്നാം പ്രതിയായ  കുഞ്ഞികൃഷ്‌ണൻ നായർക്ക്‌ ജാമ്യം അനുവദിച്ചു.
   
 കേസ്‌ ഡയറിയടക്കം പരിശോധിച്ചും വിശദമായ വാദത്തിന്റെയും അടിസ്ഥാനത്തിലാണ്‌ കോടതി റോഷി ജോസിന്റെയും അബ്ദുൾസലീമിന്റെയും ജാമ്യാപേക്ഷ തള്ളിയത്‌. ജാമ്യം അനുവദിക്കുന്നത്‌ പബ്ലിക്‌ പ്രോസിക്യൂട്ടർ ബി പി ശശീന്ദ്രൻ എതിർത്തു. സുരേഷ്‌ കുമാറിന്‌ മുൻകൂർ ജാമ്യം അനുവദിക്കരുതെന്നും ആവശ്യപ്പെട്ടു. എൺപത്തൊമ്പതുകാരനായ കുഞ്ഞികൃഷ്‌ണൻ നായരുടെ ജാമ്യഹർജിയെ പ്രോസിക്യൂഷൻ കാര്യമായി എതിർത്തില്ല. ഒരു ലക്ഷം രൂപയുടെ രണ്ട്‌ ആൾ ജാമ്യത്തിലാണ്‌ ജാമ്യം അനുവദിച്ചത്‌. എല്ലാ തിങ്കളാഴ്‌ചയും അന്വേഷണ ഉദ്യോഗസ്ഥൻമുമ്പാകെ ഹാജരാകണം. പ്രതിയുടെ പ്രായം പരിഗണിച്ചുമാത്രമാണ്‌ ജാമ്യം അനുവദിക്കുന്നതെന്ന്‌ കോടതി പറഞ്ഞു.
  
 കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റ്‌ ചെയർമാനും ട്രസ്‌റ്റിന്റെ മറവിൽ രൂപംകൊടുത്ത സ്വകാര്യസംരംഭമായ ചെറുപുഴ ഡെവലപ്പേഴ്‌സിന്റെ പ്രസിഡന്റുമാണ്‌  കുഞ്ഞികൃഷ്‌ണൻ നായർ. കോൺഗ്രസ്‌ നേതാവും  ചെറുപുഴ പഞ്ചായത്ത്‌ മുൻ പ്രസിഡന്റുമായ റോഷി ജോസ്‌ സെക്രട്ടറിയും മുസ്ലിംലീഗ്‌ നേതാവായ അബ്ദുൾസലീം ട്രഷറുമാണ്‌.
  
  സെപ്‌തംബർ 20നാണ്‌  കെ കുഞ്ഞികൃഷ്‌ണൻ നായർ, റോഷി ജോസ്,  പി വി അബ്ദുൾസലീം, സി ഡി സ്കറിയ, ജെ സെബാസ്റ്റ്യൻ എന്നിവർ വഞ്ചനക്കേസിൽ അറസ്‌റ്റിലായത്‌. ആദ്യ മൂന്നുപേരും പിന്നീട്‌ ആത്മഹത്യാപ്രേരണക്കേസിലും പ്രതികളായി. അന്വേഷണ ഉദ്യോഗസ്ഥൻ ജയിലിലെത്തി അറസ്‌റ്റ്‌ രേഖപ്പെടുത്തുകയായിരുന്നു. ഇതിനിടെ  സ്‌കറിയയ്‌ക്കും സെബാസ്‌റ്റ്യനും പയ്യന്നൂർ ഒന്നാം ക്ലാസ്‌  മജിസ്‌ട്രേട്ട്‌ കോടതി ജാമ്യം അനുവദിച്ചു.
   
 കുഞ്ഞികൃഷ്‌ണൻ നായരുടെ മകനാണ്‌ മുൻകൂർ ജാമ്യം നിഷേധിക്കപ്പെട്ട കെ കെ സുരേഷ്‌ കുമാർ.  തളിപ്പറമ്പ്‌ ഡിവൈഎസ്‌പി ടി കെ രത്‌നകുമാർ, പെരിങ്ങോം സിഐ എം ഇ രാജഗോപാൽ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ്‌ കേസ്‌ അന്വേഷിക്കുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top