30 September Saturday

ചേർത്തല മെഗാ ഫുഡ്‌ പാർക്ക്‌ സജ്ജം; 600 കോടി നിക്ഷേപം 3000 തൊഴിൽ

മിൽജിത്‌ രവീന്ദ്രൻUpdated: Friday Mar 4, 2022

തിരുവനന്തപുരം > കേരളത്തിന്റെ വ്യവസായ വികസനത്തിന്‌ കുതിപ്പേകി ചേർത്തലയിൽ സംസ്ഥാന വ്യവസായ വികസന കോർപറേഷൻ (കെഎസ്‌ഐഡിസി) നിർമിച്ച മെഗാ ഫുഡ്‌ പാർക്ക്‌ പ്രവർത്തനസജ്ജമായി. സർക്കാരിന്റെ നൂറുദിന പരിപാടിയുടെ ഭാഗമായി പാർക്ക്‌ നാടിന്‌ സമർപ്പിക്കും. കടൽ ഭക്ഷ്യ സംസ്‌കരണമേഖലയിൽ കേന്ദ്രീകരിച്ചുള്ള പാർക്ക്‌ പൂർണമായി പ്രവർത്തനക്ഷമമാകുന്നതോടെ 600 കോടിയുടെ നിക്ഷേപവും നേരിട്ടുള്ള 3000 തൊഴിലവസരവുമാണ്‌ പ്രതീക്ഷിക്കുന്നത്‌. നിലവിൽ 200 കോടിയുടെ നിക്ഷേപവും 400 പേർക്ക്‌ തൊഴിലും ലഭിച്ചു.

ചേർത്തല പള്ളിപ്പുറത്ത്‌ 84 ഏക്കറിൽ 128.49 കോടി ചെലവഴിച്ചാണ്‌ പാർക്ക്‌ സ്ഥാപിച്ചത്‌. റോഡുകൾ, ഗോഡൗൺ, 3000 മെട്രിക്‌ ടൺ ശേഷിയുള്ള കോൾഡ്‌ സ്‌റ്റോറേജ്‌ സംവിധാനം, ഡീപ്‌ ഫ്രീസ്‌ സംവിധാനം, പാർക്കിങ്‌ സൗകര്യം, വൈദ്യുതി–- ജലവിതരണ ശൃംഖല, അഡ്‌മിനിസ്‌ട്രേറ്റീവ്‌ ഓഫീസ്‌, സംരംഭങ്ങൾക്ക്‌ വാടകയ്‌ക്ക്‌ എടുക്കാവുന്ന കെട്ടിടങ്ങൾ എന്നിവയുണ്ട്‌.

അമ്പത്തെട്ട്‌ ഏക്കറാണ്‌ വ്യവസായ യൂണിറ്റുകൾക്ക്‌ കൈമാറുക. ഇതിൽ 56 ഏക്കർ 30 സംരംഭത്തിനായി അനുവദിച്ചു. നാലു യൂണിറ്റ്‌ പൂർണമായും നാലു യൂണിറ്റ്‌ ഭാഗികമായും പ്രവർത്തനസജ്ജമായി. ഫുഡ്‌ പാർക്കിനോടനുബന്ധിച്ചുള്ള പ്രീ പ്രോസസിങ്‌ സെന്ററുകൾ  മത്സ്യബന്ധന തുറമുഖങ്ങളായ തോപ്പുംപടി, വൈപ്പിൻ, മുനമ്പം എന്നിവിടങ്ങളിലാണ്‌ സ്ഥാപിക്കുന്നത്‌. മെഗാ ഫുഡ്‌ പാർക്ക്‌ കേരളത്തിന്റെ ഭക്ഷ്യ സംസ്‌കരണമേഖലയിൽ പുതിയ നാഴികക്കല്ലാകും. സംസ്ഥാനത്തെ മത്സ്യ–- അനുബന്ധ തൊഴിലാളികൾക്കും പ്രയോജനം ലഭിക്കും. മുഖ്യമന്ത്രി പിണറായി വിജയൻ 2017 ജൂൺ 11നാണ്‌ പാർക്കിന്‌ ശിലയിട്ടത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top