16 January Saturday

ഇടത്തോട്ട്‌ ചായാൻ വീണ്ടും ചെറായി

വെബ് ഡെസ്‌ക്‌Updated: Tuesday Nov 24, 2020

വൈപ്പിൻ
ഒരു ഇടവേളയ്‌ക്കുശേഷം കഴിഞ്ഞതവണ എൽഡിഎഫ്‌ തിരിച്ചുപിടിച്ച ചെറായി ഡിവിഷനിൽ വികസനത്തിന്റെ അടയാളങ്ങൾ ചൂണ്ടിക്കാട്ടിയാണ്‌ എൽഡിഎഫ്‌ മുന്നേറ്റം. നാടിന്റെ വികസനത്തിന്‌ ദിശാബോധം നൽകുന്ന കിഫ്‌ബിയിൽ 140 കോടി മുടക്കി നിർമിക്കുന്ന മുനമ്പം–-അഴീക്കോട്‌ പാലത്തിന്റെ ടെൻഡർ നടപടികൾ ആരംഭിച്ചതടക്കം അവകാശപ്പെടാൻ പദ്ധതികളുടെ നീണ്ടനിര. 

പള്ളിപ്പുറം പഞ്ചായത്തിലെ 23ഉം കുഴുപ്പിള്ളിയിലെ ഒന്നുമുതൽ ഏഴുവരെയും 11, 12 വാർഡുകളും എടവനക്കാട്ടെ മൂന്നുമുതൽ ഏഴുവരെ ഒഴിച്ചുള്ള 10 വാർഡുകളും നായരമ്പലത്തെ ഒന്നാംവാർഡും ഉൾപ്പെടെ 44 വാർഡുകളാണ് ഡിവിഷനിൽ.

സമരയൗവനത്തിന്റെ മുഖമായ അഡ്വ. എം ബി ഷൈനിയാണ് എൽഡിഎഫിന്റെ സാരഥി. എസ്എഫ്ഐയിലൂടെ പൊതുരംഗത്തെത്തിയ ഷൈനിക്ക്‌, വിദ്യാർഥിപ്രക്ഷോഭങ്ങൾക്കിടെ നിരവധിതവണ പൊലീസിന്റെ മർദനമേറ്റു. സിപിഐ എം വൈപ്പിൻ ഏരിയ കമ്മിറ്റി അംഗവും ജനാധിപത്യ മഹിളാ അസോസിയേഷൻ വൈപ്പിൻ ഏരിയ സെക്രട്ടറിയുമാണ്‌.

ഹൈക്കോടതി അഭിഭാഷകയായ ഷൈനി, ഓൾ ഇന്ത്യ ലോയേഴ്സ് യൂണിയൻ ഹൈക്കോർട്ട് കമ്മിറ്റി അംഗവുമാണ്‌. എസ്എഫ്ഐ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറിയറ്റ് അംഗം, ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം, വൈപ്പിൻ ബ്ലോക്ക് പ്രസിഡന്റ്, മാല്യങ്കര എസ്എൻഎം കോളേജ് ചെയർമാൻ എന്നീ നിലകളിൽ പ്രവർത്തിച്ചു. ഗവൺമെന്റ്‌ പ്ലീഡറായ അഡ്വ. ഇ സി ബിനീഷാണ്‌ ഭർത്താവ്‌. മകൾ: എമി ബി ഷൈനി.

അഡ്വ. വാണി ഹരിഹരനാണ് പ്രധാന എതിരാളി. 2010ൽ പള്ളിപ്പുറം പഞ്ചായത്ത്‌ 10–-ാംവാർഡിലെ അംഗമായിരുന്നു. നിയമബിരുദവും പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തരബിരുദവും നേടി. ഭർത്താവ്‌: പി എസ്‌ സുധി. മക്കൾ: സൂനുവേൽ, സത്യസ്വരൂപ്‌.

സിവിൽ എൻജിനിയറിങ് പഠനം പൂർത്തിയാക്കിയ പി എസ് അമൃതയാണ് എൻഡിഎ സ്ഥാനാർഥി. ബിജെപി നായരമ്പലം പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറിയാണ്‌. ദേശീയ കബഡി ടീം അംഗമായിരുന്ന അമൃത, നായരമ്പലത്തെ വിമുക്തഭടൻ പുന്നക്കാട്ട് സന്തോഷിന്റെ മകളാണ്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top