16 January Saturday

ചെമ്പൂച്ചിറ സ്കൂള്‍ കെട്ടിടം പൂർണസുരക്ഷിതം ; വാപ്കോസ്‌ ഇടക്കാല റിപ്പോർട്ട്

വെബ് ഡെസ്‌ക്‌Updated: Saturday Nov 28, 2020


തൃശൂർ
ചെമ്പൂച്ചിറ സ്കൂൾ കെട്ടിടം സുദൃഢവും പൂർണസുരക്ഷിതവുമെന്ന് നിർമാണപ്രവർത്തനങ്ങളുടെ മേൽനോട്ടം വഹിക്കുന്ന കേന്ദ്ര സർക്കാർ സ്ഥാപനമായ വാപ്കോസിന്റെ ഇടക്കാല റിപ്പോർട്ട്.  നിർമാണവുമായി ബന്ധപ്പെട്ടുയർന്ന പരാതിയെത്തുടർന്നാണ്‌‌ വാപ്കോസ് പദ്ധതി നിയന്ത്രിക്കുന്ന കൈറ്റിന് ഇടക്കാല റിപ്പോർട്ട് സമർപ്പിച്ചത്‌. വാപ്കോസിന് വേണ്ടി തദ്ദേശസ്വയംഭരണ വകുപ്പ് മുൻ ചീഫ് എൻജിനിയർ സജികുമാറിന്റെ നേതൃത്വത്തിലുള്ള ഏഴംഗ ടീമാണ് പരിശോധന നടത്തിയത്. കിഫ്ബി ധനസഹായത്തോടെ‌ മൂന്നു കോടിരൂപയുടെ അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തൽ പദ്ധതിയിൽപ്പെടുത്തിയായിരുന്നു നിർമാണം.‌

പരിശോധനയിൽ കെട്ടിടത്തിന്റെ കോൺക്രീറ്റ് നിർമിതി ഉൾപ്പെടെയുള്ള ഘടന പൂർണസുരക്ഷിതമാണെന്നും റീബൗണ്ട് ഹാമർ ടെസ്റ്റുൾപ്പെടെ നടത്തിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷകസംഘം വിലയിരുത്തി.  ടോയ്‍ലറ്റ് ബ്ലോക്ക്, സ്റ്റെയർ റൂം എന്നിവിടങ്ങളിലെ പ്ലാസ്റ്ററിങ്ങിൽ പോരായ്മകളുണ്ട്. ലോക്ഡൗൺ കാലത്ത് കരാറുകാരൻ നടത്തിയ പ്ലാസ്റ്ററിങ്‌ പ്രവർത്തനങ്ങളിൽ തകരാർ കണ്ടെത്തിയയുടനെ ഇതുമായി ബന്ധപ്പെട്ട് നോട്ടീസ് നൽകിയിട്ടുണ്ട്. ഈ ഭാഗത്തെ തുക നൽകുന്നതുമായി ബന്ധപ്പെട്ട്‌ അളവെടുക്കുകയോ ബില്ലുകൾ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. പ്ലാസ്റ്ററിങ്ങിലെ സാംപിളുകൾ ഗുണനിലവാര പരിശോധനയ്ക്കായി ശേഖരിച്ചു. അപര്യാപ്തത കണ്ട ഭാഗങ്ങളിലെ ആർസിസി കോളങ്ങളും ബീമുകളും ബലപരിശോധന നടത്തി സുരക്ഷിതമാണെന്ന് കണ്ടെത്തി. സൈറ്റിൽ ഗുണനിലവാര രജിസ്റ്റർ, ഹിൻഡറൻസ് രജിസ്റ്റർ, സിമന്റ്- കോൺക്രീറ്റ്- ക്യൂബ് രജിസ്റ്റർ, സൈറ്റ്  ഓർഡർ ബുക്ക് തുടങ്ങിയവ സൂക്ഷിച്ചിട്ടുണ്ട്.

കെട്ടിടത്തിന്റെ ബലത്തിനും ഘടനയ്ക്കും ഒരു പ്രശ്നവുമില്ലാതെ പുതിയ കെട്ടിടത്തിന്റെ ഒരു ഭാഗം പഠനത്തിന് കഴിഞ്ഞ അക്കാദമിക് വർഷം ഉപയോഗിച്ചിട്ടുണ്ട്. പ്ലാസ്റ്ററിങ്ങിലെ പ്രശ്നം കെട്ടിടത്തിന്റെ ബലവുമായി ബന്ധമില്ലാത്തതാണെങ്കിൽപോലും ഇക്കാര്യം  അന്വേഷണത്തിന് വിധേയമാക്കാനും വീഴ്ച വരുത്തിയവർക്കെതിരെ നടപടികൾ എടുക്കാനും നിദേശിച്ചിട്ടുണ്ടെന്ന്‌ കൈറ്റ് -ഇൻഫ്ര കോ-ഓർഡിനേറ്റർ (ടെക്നിക്കൽ) എസ് ചന്ദ്രകുമാർ അറിയിച്ചു.
ചെമ്പൂച്ചിറ സ്‌കൂളിലെ കെട്ടിടനിർമാണ പ്രവർത്തനം സംബന്ധിച്ച് അടിയന്തര അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ വിദ്യാഭ്യാസ സെക്രട്ടറി എ ഷാജഹാന് മന്ത്രി സി രവീന്ദ്രനാഥ് നിർദേശം നൽകിയിരുന്നു.   പ്രവർത്തനങ്ങൾ പരിശോധിച്ച് കുറവുകളുണ്ടെങ്കിൽ പരിഹരിച്ച് അടിയന്തരമായി പണി പൂർത്തീകരിക്കുന്നതിന് നിർവഹണ ഏജൻസിയോട് നിർദേശിച്ചതായും മന്ത്രി സി രവീന്ദ്രനാഥ്  അറിയിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top