11 December Wednesday

ചേലക്കരയിൽ 72.77% 
വയനാട്‌ 64.71% ; രണ്ടിടത്തും പോളിങ്‌ 
കുറഞ്ഞു

വെബ് ഡെസ്‌ക്‌Updated: Thursday Nov 14, 2024

ചേലക്കര ചെറുതുരുത്തി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 31–ാം നമ്പർ പോളിങ് ബൂത്തിലെ തിരക്ക്

തിരുവനന്തപുരം
ഉപതെരഞ്ഞെടുപ്പിൽ വയനാട് ലോക്‌സഭാ മണ്ഡലത്തിൽ 64.71 ശതമാനവും ചേലക്കര നിയമസഭാ മണ്ഡലത്തിൽ 72.77 ശതമാനവും പോളിങ്‌. രണ്ടിടത്തും കഴിഞ്ഞ തവണത്തേക്കാൾ പോളിങ്‌ കുറവാണ്‌. വയനാട്‌ കഴിഞ്ഞ തവണ 73.57 ശതമാനമായിരുന്നു പോളിങ്‌. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചേലക്കരയിൽ 77.40 ശതമാനവും.
സാങ്കേതിക പ്രശ്‌നങ്ങളാൽ വോട്ടിങ്‌യന്ത്രം പണിമുടക്കി ചില ബൂത്തുകളിൽ ഏതാനും മിനിറ്റ്‌ പോളിങ്‌ മുടങ്ങി. വൈകിട്ട്‌ ആറിന്‌ പോളിങ്‌ അവസാനിക്കുന്ന സമയത്തും ചില ബൂത്തിൽ വോട്ടർമാരുടെ നീണ്ടനിരയായിരുന്നു. ആറുവരെ എത്തിയ മുഴുവൻ പേർക്കും വോട്ടുചെയ്യാൻ അവസരമൊരുക്കി.

ചേലക്കരയിലെ 213103 വോട്ടര്‍മാരില്‍ 155077 പേര്‍ വോട്ട് രേഖപ്പെടുത്തി. എൽഡിഎഫ്‌ സ്ഥാനാർഥി യു ആർ പ്രദീപ്‌ കൊണ്ടയൂർ വിദ്യാസാഗർ ഗുരുകുലം സ്‌കൂളിലെ 25–-ാം നമ്പർ ബൂത്തിലും കെ രാധാകൃഷ്‌ണൻ എംപി തോന്നൂർക്കര എയുപി സ്‌കൂളിലും ബിജെപി സ്ഥാനാർഥി കെ ബാലകൃഷ്‌ണൻ പാമ്പാടി സ്‌കൂളിലെ 116–--ാം നമ്പർ ബൂത്തിലും വോട്ടുചെയ്‌തു. യുഡിഎഫ്‌ സ്ഥാനാർഥി രമ്യ ഹരിദാസിന്‌ മണ്ഡലത്തിൽ വോട്ടില്ല.  വയനാട്ടിൽ എൽഡിഎഫ്‌ സ്ഥാനാർഥി സത്യൻ മൊകേരിക്കും യുഡിഎഫ്‌, എൻഡിഎ സ്ഥാനാർഥികൾക്കും മണ്ഡലത്തിൽ വോട്ടില്ലായിരുന്നു. മന്ത്രി ഒ ആർ കേളു കാടിക്കുളം എടയൂർക്കുന്ന്‌ ജിഎൽപിഎസിലും സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എം സ്വരാജ്‌ മാങ്കുത്ത്‌ ജിഎൽപി സ്‌കൂളിലും വോട്ടുചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top