23 March Saturday

അതിജീവിച്ച്‌ ചേക്കുട്ടി; 5 മാസംകൊണ്ട്‌ 32 ലക്ഷം ചേന്ദമംഗലം കൈത്തറിയ്‌ക്ക്‌

വെബ് ഡെസ്‌ക്‌Updated: Wednesday Feb 13, 2019

കൊച്ചി > പറവൂർ ചേന്ദമംഗലത്തെ കൈത്തറി ഗ്രാമങ്ങളിൽ വെള്ളം കയറിയപ്പോൾ നഷ്ടപെട്ടത്  ആയിരക്കണക്കിനാളുകളുടെ സ്വപ്‌നങ്ങളാണ്, അധ്വാനമാണ്‌, പ്രതീക്ഷകളാണ്. കെട്ടുപോയ ആ പ്രതീക്ഷകൾക്ക് വീണ്ടും തിരി തെളിയിക്കാനായിരുന്നു ചേക്കുട്ടിയുടെ വരവ്. വെള്ളം കയറി ഉപയോഗശൂന്യമായ കൈത്തറി തുണിത്തരങ്ങള്‍ അണുവിമുക്തമാക്കി കൊച്ചിയിലെ സൗഹൃദകൂട്ടായ്‌മ ഒരുക്കിയ ചേക്കുട്ടി പാവകളിൽനിന്ന്‌ ചേന്ദമംഗലം കൈത്തറി പുനർജ്ജനിക്കുകയാണ്‌. ചേക്കുട്ടി വിൽപ്പനയിലൂടെ 23 ലക്ഷത്തിന്റെ സ്റ്റോക്ക് നശിച്ചു പോയ കരിംപാടത്തെ യൂണിറ്റിലേക്ക് 32 ലക്ഷം രൂപയാണ്‌ 5 മാസംകൊണ്ട്‌ ലഭിച്ചത്‌. ഇനി ലഭിക്കുന്ന ബാക്കി പണം കുരിയപ്പിള്ളിയിലെ സ്‌ത്രീകളുടെ യൂണിറ്റിലേക്ക് നൽകും.

ആഗസ്‌ത്‌ പതിനഞ്ചോടെ ഉയർന്നുപൊങ്ങിയ പ്രളയജലം പതിനാറിന് വൈകിട്ട് ചേന്ദമംഗലത്തെ കൈത്തറിശാലകൾക്ക് മുകളിലൂടെ ഒഴുകാൻ തുടങ്ങി. 22ന്‌ മാത്രമേ തൊഴിലാളികൾക്ക് ഇവിടെ എത്താനായുള്ളൂ. ഓണത്തിനായി നെയ്‌തുവച്ചവയും  തറികളിൽ പാതിനെയ്‌‌തവയും  ശേഖരിച്ചുവച്ച നൂലും നശിച്ചു. ചേന്ദമംഗലം കരിമ്പാടം കൈത്തറി നെയ്‌ത്ത്‌  സഹകരണ സംഘത്തിന് മാത്രമുണ്ടായത്‌ 25 ലക്ഷം രൂപയുടെ നഷ്ടം.  തറികൾക്കുണ്ടായ നാശം  കൂട്ടിച്ചേർത്താൽ  നഷ്ടക്കണക്ക്‌ അമ്പത് ലക്ഷത്തിലേറെ.  അറുപതോളം തൊഴിലാളികുടുംബത്തിന്റെ ജീവനോപാധിയാണ് തകർന്നത്. മിക്ക തൊഴിലാളികളുടെ വീടുകൾക്കും പ്രളയം ആഘാതമേൽപ്പിച്ചിരുന്നു. ചേന്ദമംഗലം കൈത്തറി ഗ്രൂപ്പിൽ ഏഴ് സഹകരണ സംഘങ്ങൾ. അതിൽ ചേന്ദമംഗലത്തുള്ള അഞ്ച് സംഘങ്ങൾക്കും സമാനമായ നഷ്ടമുണ്ടായി. 

ചെളിപുരണ്ട തുണിത്തരങ്ങള്‍ ക്ലോറിന്‍ ഉപയോഗിച്ച് അണുവിമുക്തമാക്കിയ സാരികളാണ് ചേക്കുട്ടിയാണ് ജീവനെടുക്കുന്നത്. 1500 രൂപ വിലവരുന്ന ഒരു സാരി ഉപയോഗിച്ച് 360 പാവകള്‍ ഉണ്ടാക്കുന്നു. 9000 രൂപയുടെ പാവകളാണ് ഒരു സാരികൊണ്ട്‌ ഉണ്ടാക്കുന്നതും. കൊച്ചിയില്‍ നിന്നുള്ള ലക്ഷ്‌മി, ഗോപിനാഥ് എന്നീ സുഹൃത്തുക്കളാണ് ചേന്ദമംഗലം കൈത്തറിയുടെ അതിജീവനത്തിനായുള്ള വേറിട്ട ആശയത്തിന്റെ വക്താക്കള്‍.


പ്രധാന വാർത്തകൾ
 Top