22 August Thursday

‘കൊന്ന’ ചവറ സരസൻ അഞ്ചാണ്ടിനുശേഷം നാട്ടിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 21, 2019

കേരള രാഷ്ട്രീയത്തിൽ വൻചർച്ചയായതാണ്‌ കൊല്ലത്തെ ചവറ സരസന്റെ തിരോധാനം.  വ്യക്തി വൈരാഗ്യത്തിന്റെയും രാഷ്ട്രീയ മുതലെടുപ്പിന്റെയും പര്യായമായി ചവറ സരസൻ എന്ന പേര്‌. 1981 ജനുവരി ഒന്നിനാണ് സരസനെ ചവറയിൽനിന്ന് കാണാതായത്.  ആർഎസ‌്പിക്കാരനായിരുന്ന സരസൻ കോൺഗ്രസിൽ ചേർന്നതിനാൽ തിരോധാനത്തിന് അസാധാരണത്വം കൈവന്നു. |

നിറം പിടിപ്പിച്ച കഥകളുമായി ചില പത്രങ്ങൾ  വ്യാജവാർത്തകളുടെ പരമ്പര സൃഷ്ടിച്ചു. അന്വേഷണം ആവശ്യപ്പെട്ട് നാടെങ്ങും യോഗങ്ങളും ജാഥകളും നടന്നു. പൊലീസ് 1981 ജനുവരി 27ന‌് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു.  രാഷ്ട്രീയഛായ കൈവന്നതോടെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറി. സരസനെ കൊലപ്പെടുത്തിയതാണെന്നും ആർഎസ‌്‌പി നേതാക്കളായ അന്നത്തെ വിദ്യാഭ്യാസ മന്ത്രി ബേബിജോണിനും വി പി രാമകൃഷ്ണപിള്ളയ്ക്കും സരസന്റെ തിരോധാനത്തിൽ  പങ്കുണ്ടെന്നും വാർത്ത പ്രചരിപ്പിച്ചു.അടുത്ത തെരഞ്ഞെടുപ്പിൽ വോട്ട് ചോദിക്കാനെത്തിയ ബേബിജോണിനെ എതിരേറ്റത് അസഭ്യവർഷമായിരുന്നു. കൊലയാളിക്ക് വോട്ട് ചെയ്യണോ എന്നായിരുന്നു ചോദ്യം. ‘നമ്മുടെ പ്രിയപ്പെട്ട സരസൻ കൊല്ലപ്പെട്ടു’എന്ന അനൗൺസ്മെന്റുമായി സരസന്റെ ഫോട്ടോവച്ച വാഹനങ്ങൾ നാടെങ്ങും ചീറിപ്പാഞ്ഞു. 

‘എന്റെ മകൻ എവിടെ’ എന്ന ശീർഷകത്തിൽ ബേബിജോണിനുള്ള സരസന്റെ അമ്മയുടെ തുറന്ന കത്ത‌്  നാടെങ്ങും ചർച്ചയായി. ചവറയിൽ നേരിട്ടെത്തിയ ഇന്ദിരാഗാന്ധി  സരസന്റെ വ്യദ്ധമാതാവിന്റെ കണ്ണീർ തുടയ്ക്കാൻ കോൺഗ്രസ് സ്ഥാനാർഥിക്ക് വോട്ട് ചെയ്യാൻ അഭ്യർഥിച്ചു. കടുത്ത മത്സരത്തിനൊടുവിൽ 621 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ബേബിജോൺ വിജയിച്ചു. കാണാതായി അഞ്ചരവർഷത്തിനു ശേഷം കർണാടകത്തിൽ നിന്ന് അന്വേഷണ ഉദ്യോഗസ്ഥർ സരസനെ   കണ്ടെത്തി നാട്ടിലെത്തിച്ചു.
 


പ്രധാന വാർത്തകൾ
 Top