26 July Monday
അന്വേഷണം ക്രൈംബ്രാഞ്ചിന്

ചാവക്കാട് ഹനീഫ വധക്കേസ് പുനരന്വേഷിക്കും

വെബ് ഡെസ്‌ക്‌Updated: Friday Oct 28, 2016

തിരുവനന്തപുരം > കോണ്‍ഗ്രസ് ഗ്രൂപ്പ് വൈര്യത്തിന്റെ പേരില്‍ ചാവക്കാട് ഹനീഫയെ  കൊലപ്പെടുത്തിയ കേസ് പുനരന്വേഷിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ഉത്തരവിട്ടു. ക്രൈംബാഞ്ചിന്റെ പ്രത്യേക സംഘമാകും പുനരന്വേഷണം നടത്തുക. ഹനീഫയുടെ ഉമ്മ അയിഷാബിയുടെ പരാതിയില്‍ കേസ് പുനരന്വേഷിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് അന്വേഷണം അട്ടിമറിച്ച് പ്രമുഖ കോണ്‍ഗ്രസ് നേതാക്കളെ പൊലീസ് രക്ഷിച്ചത് വന്‍ വിവാദമായിരുന്നു. 

ചാവക്കാട് തിരുവത്രയില്‍ അണ്ടത്തോട് ചാലില്‍ കോയാമോന്റെ മകന്‍ ഹനീഫ (42)യെ 2015 ആഗസ്ത് ഏഴിന് രാത്രി പത്തോടെ വീട്ടുവളപ്പില്‍വച്ച് ഉമ്മയുടെ മുമ്പിലിട്ട് പത്തംഗസംഘം കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. എ ഗ്രൂപ്പുകാരനായ ഹനീഫയെ ഗ്രൂപ്പ് പോരിനെത്തുടര്‍ന്ന് ഐ ഗ്രൂപ്പുകാരാണ് കൊലപ്പെടുത്തിയത്.

കേസില്‍ എട്ടുപേരായിരുന്നു പ്രതികള്‍. പ്രധാന പ്രതികളെ ഒഴിവാക്കിയ പൊലീസ് ഗൂഢാലോചനയും അന്വേഷിച്ചില്ല.  ഇതോടെ ബ്ളോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ഗോപപ്രതാപന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലയ്ക്കു പിന്നിലെന്ന് ആരോപിച്ച്  ഹനീഫയുടെ ഉമ്മ മുഖ്യമന്ത്രിയായിരുന്ന ഉമ്മന്‍ചാണ്ടിക്കും ആഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്ക്കും പരാതി നല്‍കിയിരുന്നു. ഗോപപ്രതാപനെ മന്ത്രിയായിരുന്ന സി എന്‍ ബാലകൃഷ്ണന്‍ സംരക്ഷിക്കുന്നതായും പരാതിയിലുണ്ടായിരുന്നു.

എന്നാല്‍, ഗോപപ്രതാപനെ കേസില്‍ പ്രതിയാക്കാന്‍ പൊലീസ് തയ്യാറായില്ല. മാത്രമല്ല, ദൃക്സാക്ഷിയായിരുന്ന ഉമ്മയുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തിയില്ല. ഇതോടെയാണ് ഹൈക്കോടതിയെ സമീപിച്ചതും തുടരന്വേഷണത്തിന് ഉത്തരവിട്ടതും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top