18 September Wednesday

ചാന്ദ്രയാൻ നാളെ ചന്ദ്രന്റെ വലയത്തിൽ

ദിലീപ‌് മലയാലപ്പുഴUpdated: Monday Aug 19, 2019

തിരുവനന്തപുരം > രണ്ടാം ചാന്ദ്രദൗത്യപേടകമായ ചാന്ദ്രയാൻ–-2 ന്റെ ചാന്ദ്രപ്രവേശം ചൊവ്വാഴ്‌ച. വമ്പന്മാർ വീണു പോയിടത്ത്‌ തദ്ദേശീയമായി വികസിപ്പിച്ച ‘ബ്രേക്കിങ്‌’ സംവിധാനം ഉപയോഗിച്ചു പ്രവേശം സുഗമമാക്കാമെന്ന ആത്മവിശ്വാസത്തിലാണ്‌ ഐഎസ്‌ആർഒ. ചൊവ്വാഴ്‌ച രാവിലെ 8.30 നും 9.30 നും ഇടയിലാണ്‌ പേടകം ചന്ദ്രന്റെ ആകർഷണ വലയത്തിലേക്ക്‌ കടക്കുക. ഭൂമിയുടെ ആകർഷണ വലയം ഭേദിച്ച്‌ കഴിഞ്ഞ ബുധനാഴ്‌ചയാണ്‌ പേടകം ചന്ദ്രനിലേക്ക്‌ യാത്ര തുടങ്ങിയത്‌.

ചന്ദ്രനിലേക്ക്‌ അടുക്കുംതോറും പേടകത്തിന്റെ വേഗത വർധിക്കും.  ഏറ്റവും സങ്കീർണമായ ഭാഗമാണ്‌ ചാന്ദ്രപഥം പിടിക്കൽ. അസാധാരണ വേഗത്തിൽ കുതിക്കുന്ന പേടകത്തെ വേഗത നിയന്ത്രിച്ച്‌ ചാന്ദ്ര കവാടം കടത്തി വിടണം. ആദ്യം പേടകത്തെ നിയന്ത്രണ റോക്കറ്റുകൾ (ത്രസ്‌റ്ററുകൾ) ജ്വലിപ്പിച്ച്‌ ചന്ദ്രനിലേക്ക്‌ വഴി തിരിക്കും. തുടർന്ന്‌ വേഗത കുറയ്‌ക്കാൻ പേടകത്തിലെ ലിക്വിഡ്‌ അപോജി മോട്ടോ(ലാം) എതിർ ദിശയിൽ ജ്വലിപ്പിക്കും. അര മണിക്കൂറോളം നീളുന്ന ജ്വലനത്തിലൂടെയാകും പേടകത്തെ  ബ്രേക്കിട്ട്‌ നിയന്ത്രിക്കുക.

ഈ ഘട്ടത്തിൽ ഏതെങ്കിലും ഒന്നു പാളിയാൽ പേടകം ചാന്ദ്ര പ്രതലത്തിൽ ഇടിച്ചിറങ്ങുയോ നിയന്ത്രണംവിട്ട്‌ മറിയുകയോ ചെയ്യും. നാസയുടെയും റഷ്യയുടെയുമടക്കം മിക്ക ചാന്ദ്ര ദൗത്യങ്ങളും പരാജയപ്പെട്ടത്‌ ഈ ഘട്ടത്തിലാണ്‌. ബംഗളൂരുവിലെ ഐഎസ്‌ആർഒ കേന്ദ്രം നൽകുന്ന സന്ദേശങ്ങൾ കൃത്യമായി സ്വീകരിച്ച്‌ പേടകം പ്രവർത്തിക്കുന്നതിനാൽ സങ്കീർണമായ ഈ ഘട്ടത്തെയും കടക്കാനാവുമെന്ന്‌ വിഎസ്‌എസ്‌സി ഡയറക്ടർ ഡോ. എസ്‌ സോമനാഥ്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top