25 September Friday

കോവിഡ് പ്രതിരോധത്തിന് നൂതനമാർഗങ്ങൾ; സിഡിആർ ശേഖരിക്കുന്നത് പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തി: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Aug 12, 2020

തിരുവനന്തപുരം > കോവിഡ് പ്രതിരോധ നടപടികളുടെ ഭാഗമായി കോൺടാക്ട് ട്രെയ്‌സിങ്ങിനായി പൊലീസ് നിരവധി നൂതന മാർഗങ്ങൾ ഉപയോഗിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതിന്റെ ഭാഗമായാണ് കോവിഡ് രോഗികളുടെ ഫോൺ വിളികൾ സംബന്ധിച്ച കോൾ ഡീറ്റെയിൽസ് റെക്കോർഡ് അഥവാ സിഡിആർ ശേഖരിക്കാൻ പൊലീസ് മേധാവി നിർദ്ദേശം നൽകിയത്. ലോ എൻഫോഴ്‌സ്‌മെൻറ് ഏജൻസികൾക്ക് ഈ രീതിയിലുള്ള വിവരശേഖരണം നടത്താൻ അനുമതിയുണ്ട്. പൊതുജനാരോഗ്യവും സുരക്ഷയും മുൻനിർത്തിയാണ് കേരളത്തിലും സിഡിആർ ശേഖരിച്ച് രോഗികളുടെ വിവരങ്ങൾ കണ്ടെത്തുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഏതാനും മാസങ്ങളായി ഈ മാർഗം ഉപയോഗിക്കുന്നുണ്ട്. കോൺടാക്ട് ട്രേസിങ്ങിനായുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണിത്. ഇങ്ങനെ ശേഖരിക്കുന്ന വിവരങ്ങൾ മറ്റൊരാൾക്ക് കൈമാറുകയോ മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുകയോ ചെയ്യില്ല. അതിനാൽ സിഡിആർ ശേഖരിക്കുന്നത് രോഗികളുടെ സ്വകാര്യതയിലേയ്ക്കുള്ള കടന്നുകയറ്റം ആണെന്ന് വാദത്തിൽ കഴമ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോവിഡ് പ്രതിരോധത്തിനുള്ള നൂതന മാർഗങ്ങൾ ജില്ലാ പൊലീസ് മേധാവിമാരുടെ നേതൃത്വത്തിൽ ആവിഷ്‌കരിക്കുന്നുണ്ട്. വിവിധ ജില്ലകളിൽ പൊലീസ് മേധാവിമാർ തയ്യാറാക്കിയ പ്രതിരോധമാർഗങ്ങൾ പരസ്പരം മനസ്സിലാക്കി ആവശ്യമായ മാറ്റങ്ങൾ വരുത്തി നടപ്പിലാക്കും.

ജനമൈത്രി പൊലീസ് ഉദ്യോഗസ്ഥർക്ക് ഓൺലൈൻ ബിഹേവിയറൽ ട്രെയിനിങ് നൽകും. കോവിഡിനെതിരെയുള്ള ബോധവൽക്കരണ പ്രവർത്തനങ്ങൾ ഉയർന്ന ഓഫീസർമാരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തത്തോടെയാണ് സംഘടിപ്പിച്ചത്. കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാൻ വനിതകളുടെ സഹായം കൂടി ലഭ്യമാക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top