26 May Tuesday

ചരക്കുവാഹനങ്ങൾക്ക്‌ തമിഴ്‌നാട്ടിലേക്ക്‌ പ്രവേശനാനുമതി

വേണു കെ ആലത്തൂർUpdated: Monday Mar 30, 2020

പാലക്കാട്‌> തമിഴ്‌നാട്ടിൽനിന്ന്‌ കേരളത്തിലേക്ക്‌ ഭക്ഷ്യധാന്യം അടക്കമുള്ള അവശ്യവസ്‌തുക്കൾ എത്തിക്കാന്‍ ചെക്‌പോസ്‌റ്റുകളിൽ ഇരുസംസ്ഥാനങ്ങളുടേയും ഉന്നത ഉദ്യോഗസ്ഥർ അടങ്ങിയ സംയുക്തസംഘത്തെ നിയമിക്കും. പൊള്ളാച്ചി റൂട്ടിലെ സംസ്ഥാന അതിർത്തിയായ നടുപ്പുണിയിൽ ഞായറാഴ്‌ച കേരള ജലവിഭവമന്ത്രി കെ കൃഷ്‌ണൻകുട്ടി, തമിഴ്‌നാട്‌ നിയമസഭാ ഡെപ്യൂട്ടി സ്‌പീക്കർ ജയരാമൻ എന്നിവർ നടത്തിയ ചർച്ചയിലാണ്‌ തീരുമാനം. 
ചരക്ക്‌ എടുക്കാന്‍ കേരളത്തിൽ നിന്നുപോകുന്ന വാഹനങ്ങൾ  തമിഴ്‌നാട്ടിലേക്ക്‌ കടത്തുന്നില്ല എന്ന പരാതിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപ്പെട്ടതിനെതുടർന്നായിരുന്നു ചർച്ച.

പാലക്കാട്‌ എഡിഎം, പൊള്ളാച്ചി സബ്‌കലക്ടർ എന്നിവരുടെ നേതൃത്വത്തിൽ  ആരോഗ്യം, മോട്ടോർ വാഹനം, പൊലീസ്‌, മൃഗസംരക്ഷണം വകുപ്പുകളിലെ ഉദ്യോഗസ്ഥർ അടങ്ങുന്ന സംയുക്ത സംഘം രൂപീകരിച്ച്‌ പാലക്കാട്‌, തമിഴ്‌നാട്‌ അതിർത്തിയിലെ ഏഴ്‌ ചെക്‌പോസ്‌റ്റുകളിൽ  വിന്യസിക്കും. കേരളത്തിൽ നിന്നു പോകുന്ന എല്ലാ വാഹനവും ബ്ലീച്ചിങ്‌ പൗഡർ ഉപയോഗിച്ച്‌ കഴുകണം, വാഹനങ്ങൾ അണുവിമുക്തമാക്കിയെന്ന്‌ ഉറപ്പാക്കണം. ഡ്രൈവർമാർ കുളിച്ച്‌ വൃത്തിയാകണം. ഇവ പാലിക്കാത്ത വാഹനങ്ങൾ അതിർത്തി കടത്തിവിടില്ല.

സംയുക്ത  പരിശോധനയ്‌ക്കുശേഷം വാഹനങ്ങൾക്ക്‌ തമിഴ്‌നാട്‌ സർക്കാർ ഒറ്റത്തവണ ഉപയോഗിക്കുന്ന പാസ്‌ നൽകും. പാസ്‌ ഓരോതവണയും പുതുക്കണം. അടുത്തുള്ള സർവീസ്‌ സ്‌റ്റേഷനിൽ വാഹനങ്ങൾക്ക്‌ അണുനാശിനി സ്‌പ്രേ ചെയ്യും. ഡ്രൈവർമാരുടെ ശരീരതാപനില ആരോഗ്യ പ്രവർത്തകർ പരിശോധിക്കും. ചുമട്ടുതൊഴിലാളികളും വ്യക്തിശുചിത്വവും  പാലിക്കണം.

കേരളത്തിന്‌ ആവശ്യമായ അരി, പച്ചക്കറി, പാൽ, കോഴി, പലവ്യഞ്ജനം തുടങ്ങിയവ പൊള്ളാച്ചിയിനിന്ന്‌   ദിവസവും അയയ്‌ക്കും. കേരളത്തിന്‌ അവശ്യവസ്‌തുക്കൾ ഉറപ്പാക്കണമെന്ന്‌ തമിഴ്‌നാട്‌ മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമിയും ആവശ്യപ്പെട്ടിരുന്നതായി ഡെപ്യൂട്ടി സ്‌പീക്കർ ജയരാമൻ പറഞ്ഞു.
ചർച്ചയ്‌ക്കുശേഷം  മന്ത്രി കെ കൃഷ്‌ണൻകുട്ടിയും തമിഴ്‌നാട്‌ ഡപ്യൂട്ടി സ്‌പീക്കർ ജയരാമനും  ഗോപാലപുരം, മീനാക്ഷിപുരം ചെക്‌പോസ്‌റ്റുകളും സന്ദർശിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top