16 July Tuesday

സഹകരണവകുപ്പിന്റെ കെയര്‍ ഹോം പദ്ധതി ഫലപ്രാപ്‌തിയിലേക്ക്; 181 വീടുകളുടെ താക്കോല്‍ദാനം ഉടന്‍

വെബ് ഡെസ്‌ക്‌Updated: Thursday Feb 14, 2019

തിരുവനന്തപുരം > നൂറ്റാണ്ടിലെ മഹാ പ്രളയത്തില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് വെച്ച് നല്‍കുന്ന സഹകരണ വകുപ്പിന്റെ 'കെയര്‍ ഹോം' പദ്ധതി അതിന്റെ ഫലപ്രാപ്തിയിലേക്ക് എത്തുന്നുവെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയം തകര്‍ത്ത ജീവിത യാഥാര്‍ഥ്യങ്ങളുടെ മുന്നില്‍ സര്‍വ്വതും നഷ്ടപ്പെട്ട് 'ഇനിയെന്ത്?' എന്നാകുലപ്പെട്ട് നിന്നിരുന്ന ജനങ്ങളുടെ മുന്നിലേക്ക് സഹകരണ മേഖല നീട്ടിയ സഹായഹസ്തമായിരുന്നു 'കെയര്‍ കേരള'. 'കെയര്‍ കേരള'യിലെ പ്രധാന പദ്ധതി ആണ് 'കെയര്‍ ഹോം'.

പ്രളയദുരന്തത്തില്‍ 7,000-ലധികം പേര്‍ക്ക് സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ടുവെന്നാണ് കണക്കാക്കിയിട്ടുള്ളത്. ഇതില്‍ സമ്പൂര്‍ണ്ണമായും വീട് നഷ്ടപ്പെട്ട 2000 കുടുംബങ്ങള്‍ക്ക് പുതിയ വീട് വച്ച് നല്‍കുകയാണ് 'കെയര്‍ ഹോം' പദ്ധതിയിലൂടെ സഹകരണ വകുപ്പ് ലക്ഷ്യമിട്ടത്. നിര്‍മ്മാണം ആരംഭിച്ചതില്‍ 181 വീടുകള്‍ അന്തിമഘട്ടത്തിലെത്തി. അവസാന മിനുക്കുപണികള്‍ നടത്തി ഇവ താക്കോല്‍ ദാനത്തിനായി സജ്ജമാവുകയാണ്. 270 വീടുകളുടെ കോണ്‍ക്രീറ്റ് പൂര്‍ത്തിയായി അവസാനഘട്ട പ്രവര്‍ത്തനത്തിലേക്ക് കടന്നു കഴിഞ്ഞുവെന്നും മന്ത്രി അറിയിച്ചു.

വീടിന്റെ വിസ്തൃതി 500 ചതുരശ്ര അടിയില്‍ കുറയരുതെന്നാണ് നിര്‍ദ്ദേശം നല്‍കിയതെങ്കിലും പലയിടത്തും ഇതിലും വിസ്തീര്‍ണ്ണമുള്ള വീടുകളാണ് ഒരുങ്ങുന്നത്. പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാന്‍ കഴിയുന്ന രീതിയിലാണ് വീടുകളുടെ രൂപകല്‍പന. വീടിന്റെ ഉറപ്പ്, പരിസ്ഥിതിയുയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാനുള്ള അനുയോജ്യത തുടങ്ങിയവ ഉറപ്പാക്കിയിട്ടുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍, കിണര്‍/കുടിവെള്ളം, വൈദ്യുതി, മാലിന്യ നിര്‍മ്മാര്‍ജ്ജന സൗകര്യങ്ങള്‍, വൃത്തിയുള്ള പരിസരം, ഒരു കൊച്ചു പൂന്തോട്ടമോ അടുക്കളത്തോട്ടമോ തുടങ്ങിയവയും വീടിനോപ്പം വീട്ടുകാര്‍ക്കായി ഒരുങ്ങുന്നുണ്ട്.

വ്യാജ പ്രചാരണങ്ങളിലൂടെയും കുത്സിത ശ്രമങ്ങളിലൂടെയും പ്രളയം തകര്‍ത്ത കേരളത്തെ മുക്കിക്കൊല്ലുവാനായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ തടയുന്ന തരത്തില്‍ ചില കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചിരുന്നു. കേരളത്തിന് അര്‍ഹമായ പല സഹായങ്ങളും പദ്ധതികളും മുടക്കുന്നതിനാണ് ഇക്കൂട്ടര്‍ ശ്രമിച്ചത്. രക്ഷാപ്രവര്‍ത്തനത്തിനും റേഷനരിക്കും വിലയിടുന്നവരുടെ മുന്നിലേക്കാണ് കേരളത്തോടൊപ്പം ഞങ്ങളുണ്ട് എന്നുറക്കെ പ്രഖ്യാപിച്ചുകൊണ്ട് സഹകരണ മേഖല നിലയുറപ്പിച്ചത്.

പ്രളയബാധിതര്‍ക്ക് പലിശരഹിത വായ്പ ലഭ്യമാക്കണമെന്ന മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തോട് കേരളത്തിലെ ബാങ്കിങ് സ്ഥാപനങ്ങള്‍ മുഖം തിരിച്ചപ്പോള്‍ ആ കടമയും ഏറ്റെടുത്തുകൊണ്ട് കേരളത്തിലെ സഹകരണ മേഖല കേരളത്തോടുള്ള പ്രതിബദ്ധത ഒരിക്കല്‍ കൂടി തെളിയിച്ചു. 'കെയര്‍ കേരള'യുടെ ഭാഗമായി 'കെയര്‍ ലോണ്‍' എന്നൊരു പദ്ധതി ആവിഷ്‌ക്കരിച്ചു ഇതുവരെ സഹകരണബാങ്കുകളിലൂടെ 34936 ഗുണഭോക്താക്കള്‍ക്ക് 388.10 കോടി രൂപയാണ് നല്‍കിയത്.

നോട്ട് നിരോധനമെന്ന ചരിത്രപരമായ മണ്ടത്തരം നടപ്പിലാക്കിയ കാലയളവില്‍ സഹകരണ മേഖലയെ കൊല്ലാന്‍ ശ്രമിച്ച ക്ഷുദ്ര കേന്ദ്രങ്ങള്‍ക്കുള്ള തിരിച്ചടി കൂടിയാണ് റീബിള്‍ഡ് കേരള പ്രൊജക്ടില്‍ സഹകരണ മേഖലയുടെ പങ്കെന്നും, ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് വിലയിടുന്ന സാഹചര്യത്തിലൂടെ കടന്നുപോകുന്ന ഈ  ഘട്ടത്തില്‍ കേരളത്തിന്റെ അതിജീവനത്തിനു കൈതാങ്ങാകുവാന്‍ സഹകരണ മേഖലക്ക് കഴിയുന്നു എന്നതില്‍ അഭിമാനമുണ്ടെന്നും മന്ത്രി ഫേസ്‌ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു. 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top