24 February Monday

കെയര്‍ ഹോം: കേരള പുനര്‍നിര്‍മാണത്തില്‍ സഹകരണ വകുപ്പിന്റെ നിശബ്ദ വിപ്ലവം; 1750 പുതിയ വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു

വെബ് ഡെസ്‌ക്‌Updated: Thursday Aug 22, 2019

തിരുവനന്തപുരം> കഴിഞ്ഞ വര്‍ഷം കേരളത്തെയാകെ ഉലച്ച മഹാപ്രളയത്തില്‍ നിന്നും കരകയറാനുള്ള ഉദ്യമത്തില്‍ നിര്‍ണായക പങ്ക് വഹിക്കുകയാണ് സഹകരണ മേഖലയെന്ന് സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിനായി സഹകരണ സംഘങ്ങളെ കൂട്ടിയിണക്കി സഹകരണ വകുപ്പ് ആവിഷ്‌കരിച്ച കെയര്‍ ഹോം പദ്ധതിയിലൂടെ പ്രളയത്തില്‍ വീടുകള്‍ തകര്‍ന്നവര്‍ക്ക് കൈത്താങ്ങേകി 1750 പുതിയ വീടുകള്‍ നിര്‍മാണം പൂര്‍ത്തീകരിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു

  മുഖ്യമന്ത്രിയുടെ  നിര്‍ദ്ദേശപ്രകാരം സഹകരണ വകുപ്പ് പ്രഖ്യാപിച്ചതാണ് രണ്ടായിരം വീടുകള്‍ പുനര്‍നിര്‍മ്മിക്കുക എന്ന തീരുമാനം. അഞ്ച് ലക്ഷം രൂപ വീതം ഓരോ വീടിനും ചെലവഴിക്കുവാനാണ് തീരുമാനിച്ചതെങ്കിലും സംഘങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണയോടെ 6-7 ലക്ഷം രൂപ വരെയും ചിലത് അതില്‍ കൂടുതലും ചെലവഴിച്ചാണ് പല വീടുകളും നിര്‍മ്മിച്ചത്.

സമയബന്ധിതമായി, മനോഹരമായി തന്നെയാണ് വീടുകള്‍ നിര്‍മ്മിച്ചു നല്‍കുന്നത്. ഓരോ ആഴ്ചയും നിര്‍മ്മാണ പുരോഗതി വിലയിരുത്തുന്നുമുണ്ട്.  2000 വീടുകളാണ് ആദ്യ ഘട്ടത്തില്‍ ഇങ്ങനെ പണി കഴിപ്പിക്കുവാന്‍ തീരുമാനിച്ചത്. എന്നാല്‍ അത് പിന്നീട് 2040 വീടുകള്‍ ആയി ഉയര്‍ത്തി. നിലവിലെ കണക്കുകള്‍ അനുസരിച്ച് 2152 വീടുകള്‍ ആദ്യഘട്ടത്തില്‍ പദ്ധതി പ്രകാരം പൂര്‍ത്തീകരിക്കുവാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്. ഓഗസ്റ്റ് 17 വരെയുള്ള കണക്കുകള്‍ പ്രകാരം  1688 വീടുകള്‍ നിര്‍മ്മിച്ച് താക്കോല്‍ കൈമാറി കഴിഞ്ഞു.

 62 വീടുകള്‍ കൈമാറ്റത്തിന് സജ്ജമാവുകയും ചെയ്തിട്ടുണ്ട്. 211 വീടുകള്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണ്. പ്രളയത്തിന് ശേഷമുള്ള നവകേരള നിര്‍മാണത്തില്‍ കൃത്യമായ ദീര്‍ഘവീക്ഷണത്തോടെയുള്ള കാഴ്ചപ്പാട് ആണ് സര്‍ക്കാരിനു ഉണ്ടായിരുന്നത്. പ്രളയമെടുത്തവയെ പുനഃസ്ഥാപിക്കുകയല്ല, ഇനിയൊരു പ്രളയത്തിനും കവരാനാകാത്തത്ര ഉറപ്പില്‍ അവയെ കേരളത്തിന്റെ മണ്ണില്‍ ഉറപ്പിക്കുകയായിരുന്നു നമ്മുടെ ലക്ഷ്യം. സഹകരണ വകുപ്പിന്റെ നേതൃത്വത്തില്‍ നിര്‍മിച്ച കെയര്‍ ഹോം പദ്ധതിയിലും ഈയൊരു കാഴ്ചപ്പാട് തന്നെയാണ് അവലംബിച്ചത്.

പ്രളയ ബാധിത സാധ്യതാ പ്രദേശങ്ങളില്‍ വീടുകള്‍ നിര്‍മിച്ചപ്പോള്‍ തറയില്‍ നിന്നും ഉയര്‍ത്തിയുള്ള നിര്‍മാണ രീതിയാണ് അവലംബിച്ചത്. കഴിഞ്ഞ ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ വന്ന  പത്തനംതിട്ടയിലെ ചെറുതന ചെറുവള്ളിത്തറയില്‍ ഗോപാലകൃഷ്ണന്റെ വീട് അത്തരം ഒരു ഉദാഹരണമാണ്. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ വീട് നഷ്ടമായ ഗോപാലകൃഷ്ണനും കുടുംബത്തിനും സഹകരണ വകുപ്പ് കെയര്‍ ഹോം പദ്ധതി പ്രകാരം വീട് നിര്‍മിച്ചു നല്‍കുകയായിരുന്നു. ഇപ്പോഴത്തെ മഴയിലും ഗോപാലകൃഷ്ണന്റെ വീടിനു സമീപം വെള്ളം കയറി.

പക്ഷെ ഗോപാലകൃഷ്ണനും കുടുംബവും അവരുടെ സ്വന്തം വീട്ടില്‍ സുരക്ഷിതരാണ്. ഇത് ഒരു ഗോപാലകൃഷ്ണന്റെ മാത്രം കഥയല്ല. പത്തനംതിട്ട- ആലപ്പുഴ ജില്ലകളില്‍ നിരവധി വീടുകളാണ് ഇത്തരത്തില്‍ പുനര്‍നിര്‍മിച്ചിരിക്കുന്നത്. സ്ഥല സൗകര്യങ്ങള്‍ വെല്ലുവിളി ആയ പ്രദേശങ്ങളില്‍ അതിനെ അതിജീവിക്കുവാനും സാധിച്ചു. നാളെ കൈമാറാന്‍ ഇരിക്കുന്ന ആനയറയിലെ ഷീലയുടെ വീട് അത്തരം ഒരു ഉദാഹരണം ആണ്. മെയിന്‍ റോഡില്‍ നിന്നും അര കിലോ മീറ്റര്‍ ദൂരെയുള്ള പ്ലോട്ടിലെക്ക് സാധന സാമഗ്രികള്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള വെല്ലുവിളികള്‍ തരണം ചെയ്താണ് ആ വീട് നിര്‍മിച്ചത്.

 ഇതിനു വേണ്ടി അയല്‍വാസി സ്വന്തം മതില്‍ പോലും പൊളിച്ചു മാറ്റാന്‍ തയ്യാറായി എന്ന് കാണുമ്പോഴാണ് പൊതുജനങ്ങളുടെ സഹകരണത്തിന്റെ ആഴം മനസിലാകുന്നത്. കെയര്‍ഹോം പദ്ധതിയുടെ വിജയകരമായ നടത്തിപ്പിനായി സഹകരണ സംഘങ്ങളുടേയും വകുപ്പ് ജീവനക്കാരുടേയും സഹകാരികളുടേയും പൊതു സമൂഹത്തിന്റേയും നിര്‍ലോഭമായ സഹകരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.  സഹകരണ വകുപ്പ് നടത്തിയിട്ടുള്ള ക്ഷേമ പ്രവര്‍ത്തനങ്ങളില്‍ ഏറ്റവും വലുതും ശ്രദ്ധേയവുമായ പദ്ധതിയാണിത്. 

സമയ ബന്ധിതമായി ഈ പദ്ധതി പൂര്‍ത്തിയാക്കുക വഴി നവകേരള നിര്‍മ്മിതിക്കായുള്ള പ്രവര്‍ത്തനങ്ങളില്‍ മുന്‍ നിരയിലെത്താന്‍ സഹകരണ മേഖലയ്ക്കു കഴിഞ്ഞു എന്നത് ഏറെ അഭിമാനകരമാണ്.  ഒരു സര്‍ക്കാര്‍ പരിപാടി തികഞ്ഞ സാമൂഹിക പ്രതിബദ്ധതയോടെ നടപ്പാക്കാം എന്നതിന്റെ ഉത്തമ ഉദാഹരണമാണ് കെയര്‍ ഹോം പദ്ധതിയെന്നും കടകംപള്ളി പറഞ്ഞു
 

 


പ്രധാന വാർത്തകൾ
 Top