Deshabhimani

കോയമ്പത്തൂരിൽ വാഹനാപകടം: രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഉൾപ്പെടെ മൂന്ന് മലയാളികൾ മരിച്ചു

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Dec 12, 2024, 08:34 PM | 0 min read

വാളയാര്‍/
ഇരവിപേരൂർ
കോയമ്പത്തൂര്‍ എല്‍ ആന്‍ഡ് ടി  ബൈപാസില്‍ കാറില്‍ ലോറിയിടിച്ച് കാർയാത്രികരായ  ദമ്പതികളും പേരക്കുട്ടിയും മരിച്ചു. തിരുവല്ല ഇരവിപേരൂര്‍ കുറ്റിയില്‍ വീട്ടിൽ ജേക്കബ് എബ്രഹാം (60), ഭാര്യ ഷീല ജേക്കബ് (55), പേരക്കുട്ടി രണ്ടുമാസം പ്രായമായ ആരോണ്‍ ജേക്കബ് തോമസ് എന്നിവരാണ് മരിച്ചത്. കൂടെയുണ്ടായിരുന്ന മകള്‍ എലീന തോമസിനെ (30) ഗുരുതര പരിക്കുകളോടെ സുന്ദരാപുരം അഭിരാമി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മൂവരുടെയും മൃതദേഹങ്ങള്‍ കോയമ്പത്തൂര്‍ മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വ്യാഴം പകല്‍ 11.30ന് മധുക്കര എല്‍ ആന്‍ഡ് ടി ബൈപാസില്‍ നയാര പെട്രോള്‍പമ്പിന് സമീപമായിരുന്നു അപകടം. തിരുവല്ലയില്‍നിന്ന് ബംഗളൂരുവിലേക്കുപോയ കാറും പാലക്കാട് ഭാഗത്തേക്കുവന്ന ലോറിയുമായാണ്‌ കൂട്ടിയിടിച്ചത്.

ഇരവിപേരൂരില്‍നിന്ന് വ്യാഴം പുലര്‍ച്ചെ നാലിനാണ് ജേക്കബ് എബ്രഹാമും കുടുംബവും യാത്രതിരിച്ചത്. ജേക്കബ് എബ്രഹാമാണ്‌ കാറോടിച്ചിരുന്നത്‌. എലീന ബംഗളൂരുവിലെ സ്വകാര്യകോളേജില്‍ നാലാംവർഷ ബിഎസ്‌സി നഴ്സിങ് വിദ്യാർഥിയാണ്‌. ഇവരെ ബംഗളൂരുവിലെത്തിക്കാനായിരുന്നു യാത്ര.  എലീനയുടെ ഭർത്താവ് അനീഷ് സൗദിയിലാണ് ജോലിചെയ്യുന്നത്. ഇവരുടെ മൂത്തമകൻ അഞ്ചുവയസുകാരൻ ജോക്കുട്ടൻ അനീഷിന്റെ പുനലൂരിലെ വീട്ടിലാണ്‌. സംഭവത്തിൽ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേലിനെ അറസ്റ്റുചെയ്തു.



deshabhimani section

Related News

0 comments
Sort by

Home