17 February Sunday

ക്യാപ്റ്റന്‍ മണി അന്തരിച്ചു

വെബ് ഡെസ്‌ക്‌Updated: Friday Apr 28, 2017

കൊച്ചി > കേരളത്തിന് ആദ്യ സന്തോഷ് ട്രോഫി കിരീടം സമ്മാനിച്ച ടീമിന്റെ ക്യാപ്റ്റന്‍ ടി കെ എസ് മണി (ക്യാപ്റ്റന്‍ മണി- 77) അന്തരിച്ചു. വ്യാഴാഴ്ച രാത്രി 9.30ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഉദരസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് 17നാണ് മണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംസ്കാരം വെള്ളിയാഴ്ച 12ന് ഇടപ്പള്ളി പോണേക്കര ശ്മശാനത്തില്‍. 

1940 ഏപ്രില്‍ എട്ടിന് കണ്ണൂരില്‍ തങ്കസ്വാമിയുടെയും സരസ്വതിയുടെയും മകനായി ജനനം. ഭാര്യ: പരേതയായ രാജമ്മ. മക്കള്‍: ആനന്ദ് (അപ്പോളോ ടയേഴ്സ്), ജ്യോതി (കനറാ ബാങ്ക്, കണ്ണൂര്‍), ഗീത, അരുണ്‍. മരുമക്കള്‍: സ്വപ്ന, വിനോദ്, നിര്‍മല്‍. ഏലൂരില്‍ ഫാക്ടില്‍നിന്നു വിരമിച്ച മണി മഞ്ഞുമ്മല്‍ തടത്തില്‍പ്പറമ്പില്‍ വീട്ടില്‍ മകനോടൊപ്പമായിരുന്നു താമസം. മണിയുടെ നിര്യാണത്തില്‍ കായിക-യുവജനക്ഷേമ മന്ത്രി എ സി മൊയ്തീന്‍ അനുശോചിച്ചു.

മറഞ്ഞത്, കേരളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍
കൊച്ചി > അന്ന് സന്തോഷ് ട്രോഫി കേരളത്തിന് ഉത്സവമായിരുന്നു. കേരളത്തിന്റെ കന്നി കിരീട ജയത്തിന്റെ തിരികൊളുത്തിയത് ടികെ സുബ്രമണിയെന്ന മുന്നേറ്റത്തിലെ പോരാളി. 1973ലെ ഡിസംബറില്‍ എറണാകുളം മഹാരാജാസ് ഗ്രൌണ്ടില്‍ മണി തൊടുത്ത മൂന്ന് ഗോളുകള്‍ ചരിത്രത്തിലേക്കായിരുന്നു. സന്തോഷ് ട്രോഫിയിലെ ആദ്യ കിരീടം. മണി അതിനുശേഷം കേരളത്തിന്റെ പ്രിയപ്പെട്ട ക്യാപ്റ്റന്‍ മണിയായി. മാഞ്ഞുപോകുമ്പോഴും മണി നല്‍കിയ ആവേശത്തിന്റെ അലകള്‍ കേരളത്തിന്റെ ഫുട്ബോള്‍ മനസില്‍ ബാക്കിയാകുമെന്ന് ഉറപ്പ്.

ആള്‍ക്കൂട്ടത്തിന്റെ ആരവമായിരുന്നു മൈതാനത്ത്. കേരളം ആശങ്കയോടെ ഇറങ്ങി. ക്യാപ്റ്റന്‍ മണിയായിരുന്നു കരുത്ത്. ആദ്യ പതിനൊന്നില്‍ കളിച്ചിരുന്ന ഒമ്പതുപേര്‍ക്കും പരിക്ക്. തളര്‍ന്നില്ല  ടീം. മണിയുടെ ഹാട്രികില്‍ കേരളം രണ്ടിനെതിരെ മൂന്ന് ഗോളിന് തോല്‍പ്പിച്ച് ചാമ്പ്യന്‍മാരായി. 2-2ന്

ആകാംക്ഷയില്‍നില്‍ക്കുമ്പോള്‍ വിജയഗോള്‍ മണിയില്‍നിന്ന് പിറന്നു. മുന്നേറ്റത്തില്‍ കെ പി വില്യംസായിരുന്നു മണിയുടെ പങ്കാളി. ടി എ ജാഫറായിരുന്നു വൈസ് ക്യാപ്റ്റന്‍. കെ പി വില്യംസ്, വിക്ടര്‍ മഞ്ഞില, സേതുമാധവന്‍, രവി തുടങ്ങിയവരും അന്ന് കേരളത്തിനായി ഇറങ്ങി. ആ സുവര്‍ണ നേട്ടമായിരുന്നു പിന്നീട് കേരളത്തിന്റെ ഫുട്ബോള്‍ ആവേശത്തിന് വീര്യം നല്‍കിയത്. അത്രത്തോളം മധുരമുള്ളത് പിന്നീട് കേരളത്തിന് ലഭിച്ചിട്ടുമില്ല.

ക്യാപ്റ്റനെന്ന നിലയിലും കളിക്കാരനെന്ന നിലയിലും എല്ലാവരുടെയും ബഹുമാനം പിടിച്ചുപറ്റുന്ന രീതിയായിരുന്നു മണിയുടേത്. വലിപ്പ ചെറുപ്പമില്ലാതെ ഏവരെയും പരിഗണിക്കും. കളത്തിലും അതുപോലെ തന്നെ. കളിക്കാര്‍ക്ക് അത് നല്‍കുന്നത് വലിയ ആത്മവിശ്വാസമായിരുന്നു.

കളത്തില്‍ എതിരാളികള്‍ക്ക് മുന്നില്‍ ഭയക്കാറില്ല. ഏത് അപകടരമായ അവസ്ഥയിലും പന്ത് ആക്രമിക്കാന്‍ മടികാട്ടാറില്ല. പ്രതിരോധക്കാരെ ഭയക്കില്ല. മണിയുടെ ഏറ്റവും വലിയ പ്രത്യേകത കരുത്തുറ്റ ഷോട്ടുകളായിരുന്നുവെന്നും സഹകളിക്കാരനും ആദ്യ സന്തോഷ് ട്രോഫി കിരീടം നേടിയ ടീമിന്റെ ഭാഗവുമായി ജാഫര്‍ വ്യക്തമാക്കുന്നു. കളിക്കുന്ന ടീമിനെ ജയിപ്പിക്കുക എന്നത് മാത്രമാണ് ലക്ഷ്യം. മനസുകൊണ്ടാണ് കളിക്കുക. ലക്ഷ്യങ്ങളെകുറിച്ച് ചോദിച്ചാല്‍ ഇതായിരിക്കും മറുപടിയെന്ന് ജാഫര്‍ പറയുന്നു. അത്രയധികം മണികളിയെ സ്നേഹിച്ചു. 1975ലെ സന്തോഷ് ട്രോഫി സെമിയില്‍ കര്‍ണാടകത്തോട് തോറ്റതോടെ മണി കേരളത്തിന്റെ കുപ്പായം അഴിച്ചുവച്ചു. കോഴിക്കോട് കോര്‍പറേഷന്‍ സ്റ്റേഡിയത്തില്‍നടന്ന മത്സരത്തില്‍ മൂന്നാം സ്ഥാനവുമായാണ് കേരളം തിരിച്ചിറങ്ങിയത്.

ഫാക്ടില്‍ ഏറെക്കാലം കളിച്ചു. 1964ല്‍ ആണ് കണ്ണൂരില്‍നിന്ന് മണി എറണാകുളത്തേക്കെത്തുന്നത്. എലൂര്‍ ഫാക്ട് ടീമിന്റെ ഭാഗമായി പിന്നീട്. 1994ല്‍ വിരമിച്ചു. കളിയിലെ തോല്‍വികള്‍ മണിയെ വേദനിപ്പിച്ചിരുന്നു. പക്ഷേ, നിരാശപ്പെട്ടിരിക്കാറില്ല. ഒരിക്കല്‍ മധുരയില്‍വച്ച് നടന്ന ഒരു ടൂര്‍ണമെന്റിനിടെയുണ്ടായ തോല്‍വി മണിയെ ഏറെ വേദനിപ്പിച്ചു. മഖന്‍ സിങ്ങും ചെയിന്‍ സിങ്ങും കളിക്കുന്ന കരുത്തരായ ആര്‍ എ സി ബിക്കാനീറുമായിട്ടായിരുന്നു കളി. കേരളം 4-2ന് മുന്നില്‍. രണ്ടു ഗോള്‍ മണിയുടെ കാലില്‍നിന്നായിരുന്നു. പക്ഷേ കളി കഴിയുമ്പോള്‍ കേരളം 4-5ന് തോറ്റു. ക്യാപ്റ്റന്‍ മണി മറയുമ്പോള്‍ ഒരു സുവര്‍ണ ചരിത്രം കൂടിയാണ് അവസാനിക്കുന്നത്.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top