17 January Sunday

കൊച്ചി ഇനി ക്യാൻസറിനെ തുരത്തും

അമൽ ഷൈജുUpdated: Wednesday Nov 25, 2020

കൊച്ചി > “ക്യാൻസർ മുക്ത കേരളം’ എന്ന ആശയം സ്വപ്നമെന്ന്‌ തോന്നുമെങ്കിലും നടപ്പാക്കാനാകുമെന്ന നിശ്ചയദാർഢ്യമാണ്‌ എൽഡിഎഫ്‌ സർക്കാരിന്റെ കൈമുതൽ. അധികാരത്തിലേറിയശേഷം ക്യാൻസർ ചികിത്സാരംഗത്തെ വിപ്ലവകരമായ മാറ്റങ്ങൾക്ക്‌ സർക്കാർ തുടക്കമിട്ടു. കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ നവീകരണത്തിന്‌ തുടക്കമിട്ടു. ഗവ. മെഡിക്കൽ കോളേജുകളെ ചികിത്സാകേന്ദ്രങ്ങളായി ഉയർത്തി.

നിയന്ത്രണത്തിന്‌ രണ്ടുഘട്ടം

ക്യാൻസർ നിയന്ത്രണം അടിസ്ഥാനലക്ഷ്യമാക്കിയാണ്‌ സർക്കാർ ഈ രംഗത്ത്‌ ഇടപെടുന്നത്‌. ആധുനിക ചികിത്സാ സൗകര്യങ്ങൾ, പ്രാഥമികതലങ്ങളിലെ പരിശോധനയും രോഗനിർണയവും എന്നിങ്ങനെ രണ്ട്‌ ഘട്ടമായാണ്‌ പദ്ധതി. രോഗി‌ക്ക്‌ ഏറ്റവുംകുറവ്‌ സമയത്തിനുള്ളിൽ വിദഗ്‌ധ ചികിത്സ നൽകുകയാണ്‌ ആദ്യഘട്ടം. ഇതിനുള്ള കരുതലാണ്‌ കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ നിർമാണവും ഗവ. മെഡിക്കൽ കോളേജുകളുടെ നവീകരണവും‌. തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ, തൃശൂർ, കോഴിക്കോട്‌ എന്നീ മെഡിക്കൽ കോളേജുകൾ ക്യാൻസർ ചികിത്സാ കേന്ദ്രങ്ങളാക്കി ഉയർത്തി. തിരുവനന്തപുരം ആർസിസി, മലബാർ ക്യാൻസർ സെന്റർ, കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ എന്നിവകൂടി ചേർന്നാൽ പദ്ധതി ലക്ഷ്യംകാണും.

ഉയരുന്നു, സിസിആർസി

ജില്ലയിലെ കിഫ്‌ബിയുടെ സുപ്രധാന അടയാളമാണ്‌ കൊച്ചി ക്യാൻസർ റിസർച്ച്‌ സെന്റർ (സിസിആർസി). നിലവിൽ താൽക്കാലിക കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സിസിആർസിയിൽ 380 കോടി രൂപ മുടക്കിയാണ്‌ നവീകരണം‌. 160 കോടി രൂപ ഉപകരണങ്ങൾക്കും ബാക്കി തുക കെട്ടിടത്തിനും ഉപയോഗിക്കും. ഒമ്പത്‌ നിലകളിൽ നാല്‌ ബ്ലോക്കുകളിലായി 360 ബെഡുകൾ ഒരുക്കും. നാല്‌ റേഡിയോ തെറാപ്പി യൂണിറ്റുകൾ, 11 ഓപ്പറേഷൻ തിയറ്ററുകൾ, പെറ്റ്‌ സ്കാൻ തുടങ്ങി അത്യാധുനിക പരിശോധനാ സൗകര്യങ്ങളും സിസിആർസിയിൽ ഒരുക്കും.

2018 മേയിൽ മുഖ്യമന്ത്രി പിണറായി വിജയൻ തറക്കല്ലിട്ട കേന്ദ്രത്തിന്റെ നിർമാണം 2018 ജൂലൈയിൽ ആരംഭിച്ചു. 2020 ഡിസംബറിൽ പൂർത്തിയാക്കാമെന്ന ലക്ഷ്യത്തോടെയായിരുന്നു നിർമാണം. എന്നാൽ, പ്രളയവും കോവിഡുമെല്ലാം നിർമാണത്തിന്റെ വേഗംകുറച്ചു. ആദ്യ ബ്ലോക്കിന്റെ അഞ്ചുനിലകളും ബാക്കിയുള്ള ബ്ലോക്കുകളുടെ മൂന്നു നിലകളും നിർമിച്ചു. 2021 പകുതിയോടെ നിർമാണം പൂർത്തിയാക്കാനാകുമെന്നാണ്‌ പ്രതീക്ഷ.

തുടക്കത്തിൽ തടയുക ലക്ഷ്യം

തദ്ദേശസ്ഥാപനങ്ങൾ, പൊതുആരോഗ്യകേന്ദ്രങ്ങൾ എന്നിവയെ കോർത്തിണക്കി ആരംഭിച്ച സംയോജിത ക്യാൻസർ നിയന്ത്രണ പദ്ധതിയാണ്‌ രണ്ടാംഘട്ടം. ക്യാൻസർ സാധ്യതയുള്ള 80,000 പേരിൽ പരിശോധന നടത്തി. 575 പേർക്ക്‌ ബയോപ്സി നടത്തി. 63 പേരിലാണ്‌ രോഗം കണ്ടെത്തിയത്‌. ഇതിൽ ഭൂരിഭാഗംപേരിലും ആദ്യഘട്ടത്തിൽ രോഗം നിർണയിക്കാനായി എന്നതാണ്‌ പദ്ധതിയുടെ നേട്ടം. ആദ്യഘട്ടത്തിൽ എറണാകുളം ജില്ലയിൽ ആരംഭിച്ച പദ്ധതി സംസ്ഥാനവ്യാപകമായി നടപ്പാക്കാനുള്ള തയ്യാറെടുപ്പിലാണ്‌ ആരോഗ്യവകുപ്പ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top