14 September Saturday

ലിപികലയിൽ ഹൃദയം ചാലിച്ച്‌ കൊച്ചി ; അന്താരാഷ്‌ട്ര കാലിഗ്രഫി ഫെസ്റ്റിവൽ 5 വരെ

വെബ് ഡെസ്‌ക്‌Updated: Wednesday Oct 4, 2023


കൊച്ചി
ദർബാർഹാൾ ഗ്യാലറിയുടെ തറയിൽ നീളത്തിൽ വിരിച്ചിട്ട വെള്ളക്കടലാസിൽ ലിപി കലാകാരി അക്ഷയ തോമ്പ്രെയുടെ നൃത്തച്ചുവടുകൾ. കൈയിൽ, കറുത്ത ചായത്തിൽ മുക്കിയ ആറിഞ്ച്‌ വീതിയുള്ള കാലിഗ്രഫി ബ്രഷ്‌. അന്താരാഷ്‌ട്ര പ്രശസ്‌തയായ റോമൻ കാലിഗ്രഫി കലാകാരി അക്ഷയ തോമ്പ്രെയുടെ ശരീരവും മനസ്സും ലയിച്ചാടുന്നതിനൊപ്പം വീതിയുള്ള കറുത്തവരകൾ കടലാസിൽ ചിത്രങ്ങളായി പിറക്കുന്നു.

അപൂർവ കലാവിരുന്നിന്‌ സാക്ഷിയായി ഗ്യാലറി ഹാളും മുറ്റവും ഗോവണിപ്പടിയും നിറഞ്ഞ്‌ ആസ്വാദകസദസ്സ്‌. ലോകമാകെ വൻപ്രചാരത്തിലുള്ള ലിപികലയുടെ (കാലിഗ്രഫി) സൗന്ദര്യത്തെ ആഘോഷിക്കുകയാണ്‌ കൊച്ചി. ദക്ഷിണേന്ത്യയിൽ ആദ്യമായി നടക്കുന്ന അന്താരാഷ്‌ട്ര കാലിഗ്രഫി ഫെസ്റ്റിവലിനാണ്‌ ദർബാർഹാൾ ഗ്യാലറി വേദിയാകുന്നത്‌. നാലുദിവസത്തെ ഫെസ്റ്റിവലിൽ ചിത്രകലാ വിദ്യാർഥികൾ ഉൾപ്പെടെ നൂറിലേറെ പ്രതിനിധികൾ പങ്കെടുക്കുന്നുണ്ട്‌. സോദാഹരണ പ്രഭാഷണം, സംവാദം, ചർച്ച, മുഖാമുഖം, കലാപരിപാടികൾ എന്നിവയാണ്‌ വ്യാഴംവരെ നീളുന്ന ശിൽപ്പശാലയിലുള്ളത്‌. മലയാളി കാലിഗ്രാഫർ നാരായണ ഭട്ടതിരിയാണ്‌ ഡയറക്‌ടർ. കേരളത്തിൽ ലിപികല വലിയ പ്രചാരം നേടിയിട്ടില്ലെങ്കിലും മാറ്റമുണ്ടാകുന്നുവെന്നതിന്റെ സൂചനകളാണ്‌ കാണുന്നതെന്ന്‌ അദ്ദേഹം പറഞ്ഞു. പോയ രണ്ടുദിവസവും വലിയ പങ്കാളിത്തമാണുണ്ടായത്‌. പെൺകുട്ടികളും ധാരാളമായി താൽപ്പര്യപൂർവം എത്തുന്നതായി അദ്ദേഹം പറഞ്ഞു.

ലോകപ്രശസ്ത ഹീബ്രു കാലിഗ്രാഫർ മിഷേൽ ഡി അനസ്റ്റാഷ്യോ, ഇറാനിൽനിന്നുള്ള മസൂദ് മൊഹബിഫാർ, കൊറിയയിൽനിന്നുള്ള കിം ജിൻ-യങ് എന്നിവർ ഫെസ്റ്റിവൽ താരങ്ങളാണ്‌. ഇന്ത്യൻ ലിപികലയുടെ കുലപതി അച്യുത് പാലവ്, ഇന്ത്യൻ രൂപയുടെ ചിഹ്നം രൂപകൽപ്പന ചെയ്‌ത ഉദയ്കുമാർ, മുംബൈ ഐഐടിയിലെ പ്രൊഫ. ജി വി ശ്രീകുമാർ, അഹമ്മദാബാദ് എൻഐഡി അധ്യാപകനായ തരുൺദീപ് ഗിർധർ, പിക്റ്റോറിയൽ കാലിഗ്രാഫർ ഖമർ ഡാഗർ തുടങ്ങി 16 കലാകാരന്മാരാണ്‌ പങ്കെടുക്കുന്നത്‌. ലോകഭാഷകളിലുള്ള നൂറ്റിയമ്പതോളം കാലിഗ്രഫി രചനകളും പ്രദർശിപ്പിച്ചിട്ടുണ്ട്‌. ഫെസ്റ്റിവൽ മന്ത്രി പി രാജീവ്‌ തിങ്കളാഴ്‌ച ഉദ്‌ഘാടനം ചെയ്‌തു. ലളിതകലാ അക്കാദമി ചെയർമാൻ മുരളി ചീരോത്ത് അധ്യക്ഷനായി. നാരായണ ഭട്ടതിരി, ഉദയ്കുമാർ, ടി കലാധരൻ, ജെസി നാരായണൻ, അനു ചെറിയാൻ എന്നിവർ സംസാരിച്ചു.

കേരള ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പ്‌, കേരള ലളിതകലാ അക്കാദമി, തിരുവനന്തപുരം ആസ്ഥാനമായ കചടതപ ഫൗണ്ടേഷൻ എന്നിവർ ചേർന്നാണ് ഫെസ്റ്റിവൽ സംഘടിപ്പിക്കുന്നത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top