13 December Friday

ദളിത് ഗവേഷക വിദ്യാർത്ഥികളോട് വിവേചനം; കാലിക്കറ്റിൽ അധ്യാപകർക്കെതിരെ നടപടി

വെബ് ഡെസ്‌ക്‌Updated: Wednesday Nov 6, 2019

തേഞ്ഞിപ്പലം > ഗവേഷക വിദ്യാർഥികളെ മാനസികമായി പീഡിപ്പിച്ചുവെന്ന പരാതിയിൽ  സർവകലാശാലയിലെ ബോട്ടണി അധ്യാപിക ഡോ. എം ഷാമിനയുടെ ഗൈഡ്ഷിപ്പ് റദ്ദാക്കാൻ കലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കറ്റ് യോഗം തീരുമാനിച്ചു. ദളിത് വിദ്യാർഥിനിയുടെ ഗവേഷണ തീസിസ് വൈകിപ്പിച്ച ഡോ. എൽ തോമസ് കുട്ടിയെ  മലയാള പഠനവിഭാഗം തലവൻ സ്ഥാനത്തുനിന്ന് നീക്കും.

ഡോ. എം ഷാമിനക്കെതിരെ അവർക്കുകീഴിൽ ഗവേഷണം നടത്തുന്ന മുഴുവൻ പേരും   പരാതി നൽകിയിരുന്നു. തുടർന്ന്‌ സിൻഡിക്കറ്റംഗം ഡോ. ഷംസാദ് ഹുസൈൻ കൺവീനറായി നിയമിച്ച അന്വേഷണ  കമ്മിറ്റിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ്‌ നടപടി. ഇവർക്കെതിരെ സർവീസ് ചട്ടങ്ങളുടെ ലംഘന ആരോപണംകൂടി ഉള്ളതിനാൽ  ആഭ്യന്തര അന്വേഷണവും നടത്തും. സംസ്കൃതം പഠന വിഭാഗം മേധാവിയും ലാംഗ്വേജ് ആന്‍ഡ് ലിറററേച്ചർ ഫാക്കൽറ്റി ഡീനുമായ ഡോ. കെ കെ ഗീതാകുമാരിയെയാണ് അന്വേഷണത്തിന്‌ നിയോഗിച്ചത്. രണ്ടുമാസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

കരാർ അധ്യാപികമാർക്കും ആനുകൂല്യത്തോടെ ആറുമാസത്തെ പ്രസവാവധി അനുവദിക്കാനുള്ള സുപ്രധാന തീരുമാനവും യോഗം കൈക്കൊണ്ടു. ഗവേഷണത്തിൽ കൃത്യമായ സംവരണം ഉറപ്പുവരുത്തുന്നതിനുള്ള നടപടികളെടുക്കും. ഇതിനായി ഏഴംഗ സിൻഡിക്കറ്റ് ഉപസമിതിക്ക് രൂപംനൽകി. പ്രവേശനംമുതൽ വിദ്യാർഥികൾ ഡിഗ്രി നേടി പോകുന്നതുവരെയുള്ള എല്ലാ കാര്യങ്ങളും ഈ കമ്മിറ്റി നിരീക്ഷിക്കും. ഉത്തരക്കടലാസ് പുനഃപരിശോധന കാര്യക്ഷമമാക്കുന്നതിനുള്ള സംവിധാനം ഉടൻ പ്രാവർത്തികമാക്കാനും ഫ്രണ്ട് ഓഫീസ് പ്രവർത്തനം വേഗത്തിൽ ആരംഭിക്കാനും തീരുമാനിച്ചു.

ഓട്ടോണമസ് കോളേജുകളുടെ ബൈലോ അംഗീകരിച്ചു. ജില്ലാതല കോളേജ് പരിശോധനാ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. കോഴിക്കോടും വയനാടും കെ കെ ഹനീഫയായിരിക്കും കമ്മിറ്റി കൺവീനർ. തൃശൂരിൽ ഡോ. കെ ഡി ബാഹുലേയനും പാലക്കാട് പ്രൊഫ. എം എം നാരായണനും കമ്മിറ്റികൾക്ക് നേതൃത്വം നൽകും. മലപ്പുറത്തെ കമ്മിറ്റി കൺവീനർ അഡ്വ. ടോം കെ തോമസ് ആണ്.  സര്‍വകലാശാലയില്‍ ഉറുദു പഠനവകുപ്പ് തുടങ്ങാനും തീരുമാനിച്ചു. സിൻഡിക്കറ്റ് യോഗത്തിൽ വൈസ് ചാൻസലർ ഡോ. കെ മുഹമ്മദ് ബഷീർ അധ്യക്ഷനായി.


പ്രധാന വാർത്തകൾ
 Top