08 November Friday

വൈസ് ചാൻസലറുടെ ഇടപെടൽ 
 ; പാഠപുസ്തക അച്ചടി പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻUpdated: Monday Sep 9, 2024


തേഞ്ഞിപ്പലം
താൽക്കാലിക വൈസ് ചാൻസലറുടെ അനാവശ്യ ഇടപെടലിൽ കലിക്കറ്റ് സർവകലാശാലയിൽ പാഠപുസ്തക അച്ചടി വൈകുന്നു.  നാലുവർഷ ഡിഗ്രി ഫൗണ്ടേഷൻ കോഴ്സുകളുടെ പുസ്തക അച്ചടിയാണ് അനിശ്ചിതത്വത്തിലായത്‌.

മലയാളം, ഇംഗ്ലീഷ് പുസ്തകം അച്ചടിക്കാൻ വൈസ് ചാൻസലർ ഡോ. പി രവീന്ദ്രൻ കലിക്കറ്റ് സർവകലാശാലാ സെൻട്രൽ കോ–-ഓപറേറ്റീവ്‌ സ്റ്റോഴ്‌സിനെ ചുമതലപ്പെടുത്തി ആഗസ്‌ത്‌ 24ന് ഉത്തരവിറക്കിയിരുന്നു. സർവകലാശാലാ ടെക്‌സ്റ്റ്‌ പുസ്തകങ്ങളുടെ ഏക അംഗീകൃത വിതരണക്കാരാണ് ഈ സഹകരണ സ്ഥാപനം. പുസ്തക അച്ചടി നടത്താനുള്ള ഒരുക്കം ഇവർ പൂർത്തീകരിക്കുകയുംചെയ്തു. സ്റ്റോറിന്  അച്ചടി അനുമതി നൽകിയ ഉത്തരവ് സാധൂകരിക്കുന്നതിനുള്ള അജൻഡ കഴിഞ്ഞ സിൻഡിക്കറ്റ് യോഗത്തിൽ വന്നപ്പോഴാണ്‌ വൈസ് ചാൻസലർ അനാവശ്യ ഇടപെടൽ നടത്തിയത്. തന്റെ തന്നെ ഉത്തരവ് സാധൂകരിക്കുന്നതിനുള്ള അജൻഡ പിൻവലിക്കുന്നതായി അദ്ദേഹം സിൻഡിക്കറ്റിനെ അറിയിച്ചു. അതോടെ അച്ചടി തീരുമാനം വൈസ് ചാൻസലർതന്നെ അനിശ്ചിതത്വത്തിലാക്കി. പുസ്‌തകം അച്ചടിക്കാനുള്ള ഉത്തരവ് കോ–-ഓപറേറ്റീവ്‌ സ്റ്റോറിന്‌ നൽകിയതിനെതിരെ മുസ്ലിംലീഗ് കോളേജ് അധ്യാപക സംഘടനയുടെ വനിതാ നേതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം.  സ്വകാര്യ പ്രസാധകരുടെ സമ്മർദമുണ്ടായതായും സൂചനയുണ്ട്. പിന്നീട്‌ ടെൻഡർ വിളിക്കാനായി ആലോചന. അങ്ങനെയാകുമ്പോൾ രണ്ടുമാസത്തിലേറെ എടുക്കുമെന്നും വിദ്യാർഥികൾക്ക് പുസ്തകം കിട്ടാൻ വൈകുമെന്നും വ്യക്തമായി. ഒടുവിൽ സിൻഡിക്കറ്റ് ഉപസമിതി യോഗം വിളിച്ച് ശുപാർശ നൽകാൻ ആവശ്യപ്പെട്ടിരിക്കയാണ് വൈസ് ചാൻസലർ. കഴിഞ്ഞദിവസം ചേർന്ന ഉപസമിതി യോഗം പുസ്തകം അച്ചടി സെൻട്രൽ കോ–-ഓപറേറ്റീവ് സ്‌റ്റോറിനെ ഏൽപ്പിക്കാൻ ശുപാർശയും നൽകി. വൈസ് ചാൻസലർ ഇത്‌ അംഗീകരിച്ചാൽ തീരുമാനം നടപ്പാകും. അല്ലെങ്കിൽ വിദ്യാർഥികൾ വലയും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top