21 July Sunday

കാലിക്കറ്റ് സർവ്വകലാശാലയിൽ കരുത്ത‌് തെളിയിച്ച‌് എസ്എഫ്ഐ; അക്കാഡമിക് കൗൺസിൽ 9ൽ 8ഉം പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Friday Jun 21, 2019

കലിക്കറ്റ് സർവ്വകലാശാല അക്കാഡമിക് കൗൺസിൽ തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയം നേടിയതിൽ ആഹ്ളാദം പ്രകടിപ്പിച്ച് എസ്എഫ്ഐ നടത്തിയ പ്രകടനം

തേഞ്ഞിപ്പലം> കാലിക്കറ്റ് സർവ്വകലാശാല അക്കാഡമിക് കൗൺസിലിലേക്ക് നടന്ന വിദ്യാർഥി പ്രതിനിധി തെരഞ്ഞെടുപ്പിൽ ഒമ്പതിൽ എട്ടും എസ്എഫ്ഐക്ക്. ഒമ്പത് ഫാക്കൽറ്റികളിൽ നിന്നും നടന്ന തെരഞ്ഞെടുപ്പിൽ മിന്നുന്ന വിജയമാണ് വിദ്യാർഥികൾ എസ്എഫ്ഐക്ക് സമ്മാനിച്ചത്. എംഎസ്എഫിന് ഒരു സീറ്റുകൊണ്ട്  തൃപ്തിപ്പെടേണ്ടി വന്നു. കെഎസ്‌‌യുവിന് ഒന്നും ലഭിച്ചില്ല.

ലാംഗ്വേജ് ആന്റ് ലിറ്ററേച്ചർ ഫാക്കൽറ്റിയിൽ നിന്നും ഗുരുവായൂർ ശ്രീകൃഷ്ണ കോളേജിലെ കെ പി ഐശ്വര്യ വിജയിച്ചു. ഹ്യുമാനിറ്റീസിൽ നിന്നുളള പ്രതിനിധിയായി കലിക്കറ്റ് സർവ്വകലാശാല ഫിലോസഫി പഠന വിഭാഗത്തിലെ എം ടി മുഹമ്മത് ഈഷാദ് തെരഞ്ഞെടുക്കപ്പെട്ടു. കൽപ്പറ്റ ഗവ. എൻഎംഎസ്എം കോളേജിലെ കെ സുബിനാണ് ജേർണലിസം ഫാക്കൽറ്റി പ്രതിനിധി. പേരാമ്പ്ര സിൽവർ ആർട്സ് ആന്റ് സയൻസ് കോളേജിലെ എം എം അർജ്ജുൻ മോഹനാണ് കോമേഴ്സ് ആന്റ് മാനേജ്മെന്റ് ഫാക്കൽറ്റിയിൽ നിന്നും വിജയിച്ചത്. ലോ ഫാക്കൽറ്റി പ്രതിനിധിയായി തൃശൂർ ഗവ. ലോ കോളേജിലെ കെ ആർ അരുണശ്രീ തെരഞ്ഞെടുക്കപ്പെട്ടു. മെഡിസിൻ ഫാക്കൽറ്റിയിൽ നിന്നും ഹെൽത്ത് സയൻസ് പഠന വിഭാഗത്തിലെ ഫുഡ് സയൻസ് വിദ്യാർത്ഥി കെ ലാൽജിത്ത് വിജയിച്ചു.

കലിക്കറ്റ് സർവ്വകലാശാല  ലൈഫ് സയൻസ് പഠന വിഭാഗത്തിലെ എം ബി ശ്രീലക്ഷ്മിയാണ് സയൻസ് ഫാക്കൽറ്റിയിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ടത്. ഫൈൻ ആർട്സിൽ നിന്നും തൃശൂർ സ്കൂൾ ഓഫ് ഡ്രാമയിലെ ടി എം സുരേഷ് വിജയിച്ചു. കലിക്കറ്റ്‌ സർവ്വകലാശാല വിദ്യാഭ്യാസ വിഭാഗത്തിലെ മുഹമ്മത് ഖലീലാണ് എജ്യൂക്കേഷൻ ഫാക്കൽറ്റിയിൽ നിന്നും വിജയിച്ച ഏക എംഎസ്എഫുകാരൻ. വിജയിച്ച കെ പി ഐശ്വര്യ എസ്എഫ്ഐ കേന്ദ്ര കമ്മിറ്റിയംഗമാണ്. എം ടി മുഹമ്മത് ഇർഷാദ് കോഴിക്കോട് ജില്ലാ ജോയന്റ് സെക്രട്ടറിയും അർജ്ജുൻ മോഹൻ പേരാമ്പ്ര ഏരിയ പ്രസിഡന്റുമാണ്.

വിജയത്തിൽ ആഹ്ളാദം പ്രകടിപ്പിച്ച് ക്യാമ്പസിൽ പ്രകടനം നടന്നു . സംസ്ഥാന വൈസ് പ്രസിഡണ്ട് വി പി ശരത് പ്രസാദ് , കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ പി ഐശ്വര്യ, ടി പി രഹ്ന സബീന, സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ എ സക്കീർ, കലിക്കറ്റ് സർവ്വകലാശാല സിൻഡിക്കേറ്റംഗം ഇ അഫ്സൽ, ടി അതുൽ, ദിനനാഥ് എന്നിവർ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top