28 September Tuesday
കോവിഡ്‌ കാലത്ത് റിജോയിയുടെ പോരാട്ടം

കൂടുമീൻകൃഷിയിൽ പുതിയ ചുവടുകൾ

അനന്തു ചന്ദ്രബാബുUpdated: Monday Jul 26, 2021

പള്ളുരുത്തി > കോവിഡ് കാരണം സൗദിയിലെ ജോലി നഷ്ടപ്പെട്ട് മീൻകൃഷിയിലേക്ക് തിരിഞ്ഞിരിക്കുകയാണ് കുമ്പളങ്ങി കൊല്ലശാണി വീട്ടിൽ റിജോയ്. സൗദിയിലെ ടെലികോം കമ്പനിയിൽ ജോലി ചെയ്തിരുന്ന റിജോയ് 2018ൽ നാട്ടിലെത്തിയതാണ്‌. 2019 അവസാനത്തോടെ തിരിച്ചുപോകാൻ ശ്രമിച്ചപ്പോഴേക്കും കോവിഡ് ജോലി കവർന്നിരുന്നു. എന്തുചെയ്യുമെന്ന് അറിയാതെ പകച്ചുനിന്നപ്പോഴാണ് കേരള ഫിഷറീസ് വകുപ്പിന്റെ കൂടുമീൻ കൃഷിയെക്കുറിച്ച് അറിയുന്നത്. തുടർന്ന്,  കുമ്പളങ്ങി -അരൂർ കായലിൽ കൂടുകൃഷി ആരംഭിച്ചു.

ഫിഷറീസ് വകുപ്പിന്റെ ജനകീയ മീൻകൃഷി പദ്ധതിയിലൂടെ ജീവിതത്തിൽ ചുവടുറപ്പിക്കുന്നവർ ഈ പ്രദേശത്ത്‌  നിരവധി. കൂടുമീൻകൃഷി, ഓരുജല സമ്മിശ്ര മീൻകൃഷി, ഒരു നെല്ലും ചെമ്മീനും, ഞണ്ട് കൃഷി, കരിമീൻ വിത്തുൽപ്പാദനം, കാരച്ചെമ്മീൻ കൃഷി തുടങ്ങിയവയ്‌ക്കുപുറമേ, സുഭിക്ഷ കേരളം പദ്ധതിവഴി ബയോഫ്ലോക്ക്, കുളങ്ങളിലെ കരിമീൻകൃഷി എന്നിവയും തൊഴിൽ നഷ്ടപ്പെട്ട നിരവധിപേർക്ക് തുണ. നിർദേശങ്ങൾ നൽകാനും മീൻകൃഷി പ്രോത്സാഹിപ്പിക്കാനും പഞ്ചായത്ത് അടിസ്ഥനത്തിൽ അക്വാകൾച്ചർ പ്രൊമോട്ടർമാരുമുണ്ട്.  ജലാശയങ്ങൾ സമൃദ്ധിയായിട്ടുള്ള കുമ്പളങ്ങി, കുമ്പളം, ചെല്ലാനം പഞ്ചായത്തുകളിൽ നിരവധി പുതിയ മീൻകർഷകരാണ് മുന്നോട്ടുവന്നിട്ടുള്ളതെന്ന് റിജോയ് പറ*യുന്നു. 

റിജോയ്‌ 3800 കരിമീൻ കുഞ്ഞുങ്ങളെയും 300 കാളാഞ്ചി കുഞ്ഞുങ്ങളെയും നിക്ഷേപിച്ചിട്ടുണ്ട്. 3.50 ലക്ഷം രൂപയുടെ പദ്ധതിയാണ് റിജോയിടേത്. 40 ശതമാനം ധനസഹായം സംസ്ഥാന സർക്കാർ നൽകും. ആറുമുതൽ എട്ടുമാസംവരെ കാലയളവിൽ കരിമീൻ വിളവെടുക്കാം. 750 ഗ്രാംമുതൽ ഒരുകിലോഗ്രാംവരെ തൂക്കമുണ്ടാകുന്ന കരിമീനുകൾക്ക് മാർക്കറ്റുകളിൽ 500 മുതൽ -700 രൂപവരെയാണ് വില. കൂടിൽനിന്ന് പിടിച്ച് ജീവനോടെ വിൽക്കുന്ന കരിമീനുകൾക്ക് ആവശ്യക്കാരും ഏറെയാണ്. കരിമീനോടൊപ്പംതന്നെ വളർത്താൻ പറ്റിയ മത്സ്യമാണ് കാളാഞ്ചിയും. എട്ടുമുതൽ 12 മാസംകൊണ്ട് വിളവെടുക്കാവുന്ന കാളാഞ്ചി ഒന്നരക്കിലോവരെ തൂക്കമുണ്ടാകും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top