28 March Tuesday

ടെക്‌നോപാര്‍ക്ക് ക്വാഡ് പദ്ധതിക്ക് തത്വത്തില്‍ അംഗീകാരം; മന്ത്രിസഭാ തീരുമാനം

വെബ് ഡെസ്‌ക്‌Updated: Thursday Jan 19, 2023

തിരുവനന്തപുരം> ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ട ക്യാമ്പസില്‍ ടെക്‌നോപാര്‍ക്ക് നടപ്പാക്കുന്ന 'ക്വാഡ്' പദ്ധതിക്ക് മന്ത്രിസഭായോഗം തത്വത്തില്‍ അംഗീകാരം നല്‍കി. ടെക്‌നോപാര്‍ക്കിന്റെ നാലാം ഘട്ടമായ ടെക്‌നോസിറ്റിയില്‍ വികസിപ്പിക്കുന്ന ഒരേ കാമ്പസില്‍ ജോലി, ഷോപ്പിംഗ് സൗകര്യങ്ങള്‍, പാര്‍പ്പിട സൗകര്യങ്ങള്‍, ആശുപത്രികള്‍, സ്‌കൂളുകള്‍, കോളേജുകള്‍ എന്നിവയുള്‍പ്പെടെ സൗകര്യങ്ങളുള്ള സംയോജിത മിനി ടൗണ്‍ഷിപ്പ് പദ്ധതിയാണ് ക്വാഡ്. ഏകദേശം 30 ഏക്കറില്‍ 1600 കോടി രൂപ മുതല്‍മുടക്കില്‍ പദ്ധതി പൂര്‍ത്തിയാകുമ്പോള്‍ 40 ലക്ഷം ചതുരശ്ര അടി ബില്‍റ്റ്-അപ്പ് സ്‌പെയ്‌സ് സൃഷ്ടിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2025 പകുതിയോടെ പദ്ധതി പൂര്‍ത്തിയാക്കുകയാണ് ലക്ഷ്യം.

5.5 ഏക്കറില്‍ ഏകദേശം 381 കോടി രൂപ മുതല്‍ മുടക്കില്‍ 8.50 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി ഓഫീസ് കെട്ടിടം ടെക്‌നോപാര്‍ക്ക് നിര്‍മ്മിക്കും. ടെക്‌നോപാര്‍ക്കിന്റെ തനത് ഫണ്ട് ഉപയോഗിച്ചോ ലോണ്‍ എടുത്തോ പൂര്‍ണ്ണമായും വികസിപ്പിക്കുകയും പ്രവര്‍ത്തിപ്പിക്കുകയും ചെയ്യുന്ന കെട്ടിടം പാട്ടത്തിനും നല്‍കും.  6000 ഐടി പ്രഫഷണലുകളെ ഉള്‍ക്കൊള്ളാനുള്ള ശേഷി കെട്ടിടത്തിനുണ്ടാകും. 5.60 ഏക്കറില്‍ 350 കോടി രൂപ ചെലവില്‍ 9 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള മിക്‌സഡ് യൂസ് വാണിജ്യ സൗകര്യം ഏര്‍പ്പെടുത്തും.  

4.50 ഏക്കറില്‍ 400 കോടി രൂപ മുതല്‍മുടക്കില്‍ ഐടി കോ ഡെവലപ്പര്‍ വികസിപ്പിക്കുന്ന 8 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണമുള്ള ഐടി/ഐടിഇസ് ഓഫീസ് സമുച്ചയം നിര്‍മ്മിക്കും. 6000 ഐടി പ്രൊഫഷണലുകള്‍ക്ക് തൊഴില്‍ നല്‍കാനാകും. 10.60 ഏക്കറില്‍ 450 കോടി രൂപ മുതല്‍ മുടക്കില്‍ 14 ലക്ഷം ചതുരശ്ര അടിവിസ്തീര്‍ണമുള്ള റസിഡന്‍ഷ്യല്‍ കോംപ്ലക്‌സും ഉണ്ടാകും.

വാണിജ്യ, പാര്‍പ്പിട കെട്ടിടങ്ങള്‍ സംബന്ധിച്ച നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുവാന്‍ ഇലക്ട്രോണിക്‌സ് & ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സെക്രട്ടറി
കണ്‍വീനറും  ധനകാര്യം, റവന്യൂ, പരിസ്ഥിതി, തദ്ദേശ സ്വയംഭരണം അഡീഷണല്‍ ചീഫ് സെക്രട്ടറിമാര്‍, നിയമ വകുപ്പ് സെക്രട്ടറി എന്നിവര്‍ അംഗങ്ങളായുളള കമ്മിറ്റി രൂപീകരിക്കും.

മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് ധനസഹായം


2022 ഏപ്രില്‍, മെയ്, ജൂലൈ, ഓ?ഗസ്റ്റ് മാസങ്ങളില്‍ അതിതീവ്ര ന്യൂനമര്‍ദ്ദ ചുഴലിക്കാറ്റ് സംബന്ധിച്ച് കാലാവസ്ഥാ മുന്നറിയിപ്പ് മൂലമുണ്ടായ 45 ദിവസത്തെ തൊഴില്‍ നഷ്ടത്തിന് 1,66,756 സമുദ്ര- അനുബന്ധ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് ധനസഹായം അനുവദിച്ചു.  ദിവസം 200 രൂപ വീതം നല്‍കാന്‍ 50.027 കോടി രൂപയാണ് അനുവദിച്ചത്.

2022ലെ കാലവര്‍ഷക്കെടുതിയില്‍ ആലപ്പുഴ ജില്ലയിലെ ചമ്പക്കുളം വില്ലേജില്‍ പാടശേഖരത്തിലെ മട വീണ് വീടും സ്ഥലവും ഒലിച്ചു പോയ ഓമനക്കുട്ടന്‍, ജയകൂമാര്‍ എന്നിവരെ പുനരധിവസിപ്പിക്കുന്നതിന് ധനസഹായം അനുവദിച്ചു. സ്ഥലം വാങ്ങി വീട് വെക്കുന്നതിന് സംസ്ഥാന ദുരന്തപ്രതികരണനിധി വിഹിതത്തിനു പുറമെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 18,09,800 രൂപ അനുവദിക്കും.

കോഴിക്കോട് കരുവട്ടൂര്‍ പഞ്ചായത്തിലെ പോലൂര്‍ വില്ലേജിലെ ബിജുവിന്റെ വീട്ടില്‍ അസാധാരണ ശബദം കേള്‍ക്കുകയും, ചുവരുകള്‍ വിണ്ടു കീറുകയും ചെയ്യുന്ന പ്രതിഭാസത്തിന് പരിഹാരം കാണാന്‍ ദുരന്തനിവാരണ അതോറിറ്റി ശുപാര്‍ശ ചെയ്ത പ്രവൃത്തികള്‍ ചെയ്യാന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് പണം അനുവദിക്കാന്‍ തീരുമാനിച്ചു. സോയില്‍ പൈപ്പിങ്ങ് പ്രതിഭാസം മൂലം വീടിന് നാശനഷ്ടമുണ്ടായപ്പോള്‍ കണ്ണൂര്‍ ജില്ലയിലെ രാഘവന്‍ വയലേരിക്ക് നല്‍കിയത് പോലെയാണ് തുക അനുവദിക്കുക. 4 ലക്ഷം രൂപയോ യഥാര്‍ത്ഥത്തില്‍ ചെലവാകുന്ന തുകയോ ഏതാണ് കുറവ് എന്നത് അനുസരിച്ചാണ് നല്‍കുക.

തസ്തികകള്‍

പുതുതായി അനുവദിച്ച ആര്‍ബിട്രേഷന്‍ കോടതിയുടെ പ്രവര്‍ത്തനത്തിന് ഒമ്പത് തസ്തികകള്‍ അനുവദിക്കും. ജില്ലാ ജഡ്ജ്, ശിരസ്തദാര്‍, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II,  ബഞ്ച് ക്ലാര്‍ക്ക് ഗ്രേഡ് I, ഹെഡ് ക്ലാര്‍ക്ക്, സീനിയര്‍ ക്ലാര്‍ക്ക്, ക്ലാര്‍ക്ക് കം കമ്പ്യൂട്ടര്‍ അസിസ്റ്റന്റ്, ഓഫീസ് അറ്റന്‍ഡന്റ്, കോര്‍ട്ട് കീപ്പര്‍ എന്നിവയുടെ ഓരോ തസ്തികകളാണ് സൃഷ്ടിക്കുക.

കേരള സംസ്ഥാന വിമുക്തഭട വികസന പുനരധിവാസ് കോര്‍പ്പറേഷന്‍ ( കെക്‌സ്‌കോണ്‍)ന് മലബാര്‍ മേഖലയില്‍ റീജിയണല്‍ ഓഫീസ് സ്ഥാപിക്കുന്നതിന് അനുമതി നല്‍കും. ഓഫീസ് നടത്തിപ്പിന് എട്ട് തസ്തികകള്‍ താല്‍ക്കാലികമായി അനുവദിക്കും.

ഐടി വകുപ്പിന് കീഴിലെ സൈബര്‍ സുരക്ഷ നില മെച്ചപ്പെടുത്തുന്ന കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം കേരള (CERT -  K) അഞ്ച് തസ്തികകള്‍ അനുവദിച്ചു.

പക്ഷാഘാതം മൂലം കിടപ്പു രോഗിയായി തുടരുന്ന കൊല്ലം കരുനാ?ഗപ്പള്ളി താലൂക്ക് ആശുപത്രിയിലെ ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. പ്രസാദ് ശശിധരയെ സര്‍വ്വീസില്‍ നിലനിര്‍ത്തുന്നതിന് ആരോഗ്യ വകുപ്പില്‍ സൂപ്പര്‍ ന്യൂമററി തസ്തിക സൃഷ്ടിക്കാന്‍ തീരുമാനിച്ചു.

സേവനകാലാവധി നീട്ടി

അഴീക്കല്‍ തുറമുഖ വികസനത്തിന് രൂപീകരിച്ച മലബാര്‍ ഇന്റര്‍നാഷണല്‍ പോര്‍ട്ട് & സെസ് ലിമിറ്റഡ് കമ്പനിയുടെ മനേജിം?ഗ് ഡയറക്ടര്‍ & ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായ എല്‍ രാധാകൃഷ്ണന്റെ സേവനകാലാവധി നീട്ടാന്‍ തീരുമാനിച്ചു.

പ്രൊഫ. കെ വി തോമസ് സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി

സംസ്ഥാന സര്‍ക്കാരിന്റെ ന്യൂഡല്‍ഹിയിലെ പ്രത്യേക പ്രതിനിധിയായി മുന്‍ എം. പി. പ്രൊഫ. കെ വി തോമസിനെ നിയമിക്കാന്‍ തീരുമാനിച്ചു. കാബിനറ്റ് പദവിയിലാകും നിയമനം.

ശമ്പള പരിഷ്‌ക്കരണം

ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്മ്യൂണിക്കേറ്റീവ് & കോ?ഗ്‌നിറ്റീവ് ന്യൂറോ സയന്‍സസ് (ഐക്കോണ്‍സ്)ലെ സ്ഥിരം ജീവനക്കാര്‍ക്ക് പത്താം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ പ്രകാരമുള്ള ആനുകൂല്യങ്ങള്‍ കല്പിതമായി നല്‍കി പതിനൊന്നാം ശമ്പള പരിഷ്‌ക്കരണ കമ്മീഷന്‍ പ്രകാരം ശമ്പളവും അലവന്‍സും പരിഷ്‌കരിക്കാന്‍ തീരുമാനിച്ചു.

കേരള കലാമണ്ഡലത്തില്‍ നിന്നും വിരമിച്ച ജീവനക്കാരുടെ പതിനൊന്നാം പെന്‍ഷന്‍ പരിഷ്‌ക്കരണം വ്യവസ്ഥകള്‍ക്കനുസരിച്ച് അനുവദിക്കാന്‍ തീരുമാനിച്ചു.

അധിക ഭൂമി ഏറ്റെടുക്കുന്നതിന് തുക

മാഹി കനാലിന്റെ 1,5 റീച്ചുകളുടെ പൂര്‍ത്തീകരണത്തിന് അധിക ഭൂമി  ഏറ്റെടുക്കുന്നതിന്  യഥാക്രമം 8,69,60,687.93 രൂപയും 16,59,34,319 രൂപയും അനുവദിക്കും.

പാട്ടവാടക

നിയമസഭ കോംപ്ലക്‌സിലെ കെ എസ് ഇ ബി സബ് സ്റ്റേഷന് അനുവദിച്ച ഭൂമിയുടെ പാട്ടവാടക നിലവിലുള്ള നിരക്കില്‍ പുതുക്കി നല്‍കാനും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമായി


 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top