29 February Saturday

"പെൺമക്കളെ കാക്ക കൊത്താതിരിക്കാനാണ്‌ സിന്ദൂരം, വേണ്ടിവന്നാൽ നിന്നെയും കൊല്ലാൻ മടിക്കില്ല'; ക്ഷേത്രത്തിൽ കൊലവിളിയുമായി സംഘപരിവാർ

വെബ് ഡെസ്‌ക്‌Updated: Thursday Jan 23, 2020

കൊച്ചി > മതസാഹോദര്യത്തിന്റെ മനോഹരമായ കേരള മാതൃക കഴിഞ്ഞ ദിവസം കായംകുളം ചേരാവള്ളിയിൽ കണ്ടതാണ്‌ നമ്മൾ. നിർധനരായ ഹിന്ദു കുടുംബത്തിലെ പെൺകുട്ടിയുടെ വിവാഹം ചേരാവള്ളി മുസ്ലിം ജമാ അത്ത്‌ ഏറ്റെടുത്തു. പള്ളി അങ്കണത്തിൽവച്ചുതന്നെ വിവാഹവും നടത്തിക്കൊടുത്തു. നാല്‌ ദിവസം തികഞ്ഞില്ല. ദാ വരുന്നു നെറ്റിയിൽ സിന്ദൂരം തൊട്ടാൽ ഇതര മതസ്ഥരിൽനിന്ന്‌ കുട്ടികളെ രക്ഷിക്കാൻ കഴിയുമെന്ന "ശാസ്‌ത്രീയ' കണ്ടെത്തലുമായി മറ്റൊരുകൂട്ടം. കേരളം ഒന്നാണ്; നമ്മൾ ഒറ്റക്കെട്ടാണ് എന്ന് കൂടുതൽ ഉച്ചത്തിൽ രാജ്യം മനസ്സിലാക്കിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തിൽനിന്നാണ്‌ ഇത്തരം വിഷം വമിപ്പിക്കുന്ന സംസാരം സമൂഹമാധ്യമങ്ങളിൽ പടരുന്നത്‌. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന കാര്യാലയത്തോടു ചേര്‍ന്ന കൊച്ചി കലൂര്‍ പാവക്കുളം ശിവക്ഷേത്രം ഹാളില്‍ നടന്ന പരിപാടിയിലാണ് കൊലവിളിയുമായി വീട്ടമ്മമാര്‍ യുവതിയെ ആക്രമിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൗരത്വ നിയമത്തെയും കേന്ദ്രസർക്കാരിനെയും അനുകൂലിച്ച്‌ നടത്തിയ പ്രസംഗത്തെ എതിർത്തതാണ്‌ വിഎച്ച്‌പി, ആർഎസ്‌എസ്‌ വർഗീയവാദികളെ ചൊടിപ്പിച്ചത്‌.

സിഎഎയെ ന്യായീകരിച്ചു കൊണ്ട് മാതൃസമിതി നടത്തിയ വിശദീകരണ പരിപാടിയില്‍ എത്തിത യുവതിയാണ് പ്രതിഷേധവുമായെത്തിയത്. എന്നാല്‍, വേദിയിലിരുന്ന സ്ത്രീകള്‍ ഇവരെ തടയുകയും ആക്രോശിക്കുകയുമായിരുന്നു. 'ഇത് ഹിന്ദുവിന്റെ ഭൂമിയാണെന്നും വേണമെങ്കില്‍ നിന്നെയും കൊല്ലാന്‍ മടിക്കില്ലെ'ന്നും ഒരു സ്ത്രീ പറയുന്നുണ്ട്. ഞാനും ഒരു ഹിന്ദുമത വിശ്വാസിയാണെന്ന് പറഞ്ഞപ്പോള്‍ 'നീയൊക്കെ ഹിന്ദുവാണോ?' എന്നാക്രോശിച്ച് മറ്റൊരു സ്ത്രീ ഇവര്‍ക്ക് നേരെ പാഞ്ഞടുക്കുകയും ചിലര്‍ സ്ത്രീയെ ദേഹോപദ്രവം ഏല്‍പ്പിക്കുകയുമായിരുന്നു. നെറ്റിയിൽ സിന്ദൂരം തൊടുന്നത്‌ മക്കളെ ഇതരമതസ്ഥരിൽനിന്ന്‌ രക്ഷപ്പെടുത്താനാണെന്ന്‌ തികഞ്ഞ വർഗീയ പരാമർശങ്ങളാണ്‌ ഒരു സ്‌ത്രീയുടെ സംസാരത്തിൽ ഉണ്ടായത്‌. തനിക്ക് പെണ്‍മക്കളുണ്ടെന്നും അവരെ കാക്ക കൊത്താതിരിക്കാനാണ് നിയമത്തെ അനുകൂലിക്കുന്നതെന്നും കൂട്ടത്തിലുള്ള സ്ത്രീ പറയുന്നുണ്ടായിരുന്നു.

സംഭവത്തിനിടെ ദൃശ്യങ്ങൾ പകർത്തുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ക്ഷേത്ര ഭൂമിയിൽ നടക്കുന്ന പരിപാടിയെ ചോദ്യം ചെയ്യേണ്ടതില്ലെന്നും സ്ത്രീകൾ ഇവരോട് ആക്രോശിക്കുന്നു. ഇത് ക്ഷേത്രമാണന്നും വ്യഭിചാര സത്രമല്ലെന്നും ഇവർ ആക്രോശിക്കുന്നു. അസഭ്യ വർഷത്തിനൊപ്പം ശാരീരികമായും സംഘം ഇവരെ കയ്യേറ്റം ചെയ്യുന്നതും വീഡിയോയിൽ വ്യക്തമാണ്. യുവതിയെ സംസാരിക്കാൻ അനുവദിക്കാത്ത ഇവർ പരിപാടി നടക്കുന്ന സ്ഥലത്തെത്തിയതിനെയും ചോദ്യം ചെയ്യുന്നു. ഒരുവേള പരിപാടിയിൽ നിന്ന് ഇറങ്ങിപ്പോകാനും ഇവരോട് സംഘം ആവശ്യപ്പെടുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top