27 September Sunday

ചരിത്രശൃംഖല തീർക്കാൻ കേരളം ഒരുങ്ങി; മനുഷ്യമഹാശൃംഖല 26ന്‌

സ്വന്തം ലേഖകൻUpdated: Wednesday Jan 22, 2020

തിരുവനന്തപുരം > ഭരണഘടനാ വിരുദ്ധമായ പൗരത്വ ഭേദഗതി നിയമത്തിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന്‌ വഴികാട്ടുന്ന കേരളം റിപ്പബ്ലിക്‌ ദിനത്തിൽ തീർക്കുന്ന മനുഷ്യമഹാശൃംഖലയും ചരിത്രത്തിലിടം നേടും. നിയമസഭയിൽ പ്രമേയം പാസാക്കിയതിനും സുപ്രീംകോടതിയെ സമീപിച്ചതിനും നിയമം നടപ്പാക്കില്ലെന്ന്‌ പ്രഖ്യാപിച്ചതിനും പിന്നാലെയാണ്‌ ജനങ്ങളെ ഒന്നായി അണിനിരത്തി തെക്ക്‌ കളിയിക്കാവിള മുതൽ വടക്ക്‌ കാസർകോടുവരെ മനുഷ്യമഹാശൃംഖല തീർക്കുന്നത്‌. രാജ്യത്തെ വർഗീയമായി ഭിന്നിപ്പിക്കുന്ന നിയമഭേദഗതിയുടെ ഉള്ളുകള്ളികൾ തുറന്നുകാട്ടി ആഴ്‌ചകൾ നീണ്ട പ്രചാരണങ്ങൾക്കുശേഷമാണ്‌ സംസ്ഥാനം  മഹാശൃംഖലയിലേക്ക്‌ നീങ്ങുന്നത്‌.

വർഗീയശക്തികളെ അകറ്റിനിർത്തി ഇടതുപക്ഷ ജനാധിപത്യമുന്നണി ആഹ്വാനംചെയ്‌ത മഹാശൃംഖലയിൽ കക്ഷിരാഷ്ട്രീയ ഭിന്നതകൾ മാറ്റിവച്ച്‌ കേരളം ഒറ്റക്കെട്ടായി അണിചേരും. വിവിധ രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും മതസാമുദായിക നേതാക്കളും കലാസാഹിത്യരംഗങ്ങളിലെ പ്രമുഖരും ഇതിനകം ശൃംഖലയ്‌ക്ക്‌ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്‌. മഹിള, യുവജന, വിദ്യാർഥി സംഘടനകളും ജീവനക്കാരുടെയും തൊഴിലാളികളുടെയും കർഷകരുടെയും സംഘടനകളും മഹാശൃംഖലയിൽ അണിചേരാൻ അംഗങ്ങളോട്‌ ആഹ്വാനം ചെയ്‌തു.

എൽഡിഎഫിന്റെയും വിവിധ രാഷ്ട്രീയ പാർടികളുടെയും വർഗബഹുജന സംഘടനകളുടെയും നേതൃത്വത്തിൽ നടക്കുന്ന പ്രചാരണപ്രവർത്തനങ്ങൾ അവസാന ഘട്ടത്തിലാണ്‌. എൽഡിഎഫ്‌ നേതൃത്വത്തിൽ സംസ്ഥാനത്താകെ 23 ജാഥ പര്യടനം നടത്തി. എൺപതു ശതമാനത്തിലേറെ പഞ്ചായത്തുകളിലൂടെയും ജാഥ കടന്നുപോയി. ജാഥ എത്താത്ത മേഖലകളിൽ പൊതുയോഗങ്ങളും സംഘടിപ്പിച്ചു. 2000 ഭരണഘടനാ സംരക്ഷണസദസ്സും 40,000 കുടുംബസദസ്സും സംഘടിപ്പിക്കുന്നു. പ്രമുഖ നേതാക്കളുടെയും ജനപ്രതിനിധികളുടെയും നേതൃത്വത്തിലുള്ള ഭവനസന്ദർശനവും ആരംഭിച്ചു. 40 ലക്ഷം വീടുകളിൽ ലഘുലേഖകൾ എത്തിക്കും.

ശൃംഖലയുടെ പ്രചാരണാർഥം ഡിവൈഎഫ്‌ഐ നേതൃത്വത്തിൽ 2300 യൂണിറ്റ്‌ കേന്ദ്രങ്ങളിൽ ഭരണഘടന വായിക്കും. ഇടതുപക്ഷ ജനാധിപത്യ മഹിളാ സംഘടനകളുടെ നേതൃത്വത്തിലും വിവിധ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചിട്ടുണ്ട്‌. മനുഷ്യമഹാശൃംഖലയ്‌ക്ക്‌ പിന്തുണ അറിയിച്ച്‌ എസ്‌എഫ്‌ഐ  നേതൃത്വത്തിൽ അഞ്ചു ലക്ഷത്തിലേറെ വിദ്യാർഥികൾ ബുധനാഴ്‌ച വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഐക്യദാർഢ്യ ശൃംഖല തീർക്കും.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top