29 February Saturday

നയപ്രഖ്യാപനം: ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം; നിലപാടിലുറച്ച്‌ സർക്കാർ

കെ ശ്രീകണ‌്ഠൻUpdated: Wednesday Jan 29, 2020

തിരുവനന്തപുരം > പൗരത്വ ഭേദഗതി നിയമ വിഷയത്തിൽ സർക്കാരും ഗവർണറും തമ്മിലുള്ള അഭിപ്രായവ്യത്യാസത്തിന്റെ പശ്ചാത്തലത്തിൽ നയപ്രഖ്യാപന പ്രസംഗത്തിൽ ഉറ്റുനോക്കുകയാണ്‌ രാഷ്‌ട്രീയ കേരളം. മന്ത്രിസഭ അംഗീകരിച്ച സർക്കാരിന്റെ നയപ്രഖ്യാപനപ്രസംഗം ഗവർണർ അതേപടി അംഗീകരിക്കുമോ അതല്ല വിയോജിപ്പ്‌ പ്രകടിപ്പിക്കുമോ എന്നൊക്കെയുള്ള സന്ദേഹമാണ്‌ ഉയർന്നിരിക്കുന്നത്‌. ഈ സാഹചര്യത്തിൽ നയപ്രഖ്യാപനപ്രസംഗത്തിന്‌ സാധാരണയിൽ കവിഞ്ഞ പ്രാധാന്യമാണ്‌ കൈവന്നത്‌. ബുധനാഴ്‌ച രാവിലെ ഒമ്പതിനാണ്‌ ഗവർണർ ആരിഫ്‌ മൊഹമ്മദ്‌ ഖാൻ നയപ്രഖ്യാപനപ്രസംഗം നടത്തുന്നത്‌.

ഉറച്ച നിലപാടിലാണ്‌ സർക്കാരും എൽഡിഎഫും. പൗരത്വ ഭേദഗതി നിയമത്തിനെതിരെ ശക്തമായ എതിർപ്പ്‌ നയപ്രഖ്യാപനപ്രസംഗത്തിൽ ഇടംപിടിക്കുമെന്ന കാര്യത്തിലും തർക്കമില്ല. നിയമസഭയിൽ പ്രമേയം പാസാക്കിയതിനോടും സുപ്രീംകോടതിയെ സമീപിച്ചതിനോടും എതിർപ്പാണ്‌ ഗവർണർക്ക്‌.

എന്നാൽ, വായിക്കാതെ വിട്ട ഭാഗവും പ്രസംഗത്തിന്റെ ഭാഗമായി വരുന്നതാണ്‌ കീഴ്‌വഴക്കം. ഒരു വരിപോലും വായിക്കാതിരിക്കുകയോ, പ്രസംഗം മേശപ്പുറത്തു വച്ച്‌ ഗവർണർ പിൻവാങ്ങുകയോ ചെയ്‌താലും അതേപടി അംഗീകരിക്കും. ഇതുസംബന്ധിച്ച്‌ ശ്രദ്ധേയമായ റൂളിങ്‌ തന്നെ പല സ്‌‌പീക്കർമാരും നൽകിയിട്ടുണ്ട്‌. മന്ത്രിസഭ അംഗീകരിച്ച്‌ അച്ചടിച്ചു നൽകിയ പ്രസംഗമാണ്‌ അംഗീകൃതമെന്ന്‌ 2001ൽ കേരള സ്‌പീക്കറുടെ റൂളിങ്‌ പ്രാബല്യത്തിലുണ്ട്‌.

നയപ്രഖ്യാപനപ്രസംഗം മുഴുവൻ വായിക്കാതെ ഗവർണർ വിട്ടുകളഞ്ഞ സംഭവം മുമ്പ്‌ ഉണ്ടായിട്ടുണ്ട്‌. സുഖ്‌ദേവ്‌സിങ്‌ കാങ്‌, ജസ്‌റ്റിസ്‌ പി സദാശിവം എന്നിവർ ഗവർണർമാരായിരുന്നപ്പോഴാണ്‌ ഇത്‌. ബി രാച്ചയ്യ ഉൾപ്പെടെ ചില ഗവർണർമാർ അനാരോഗ്യം കാരണം പൂർണമായി വായിക്കാതെ വിട്ടിട്ടുണ്ട്‌. ആമുഖവും അവസാനഭാഗവും വായിച്ചശേഷം ഗവർണർ വിടവാങ്ങിയതിനും സഭ സാക്ഷ്യംവഹിച്ചിട്ടുണ്ട്‌.

ജസ്‌റ്റിസ്‌ പി സദാശിവം കേന്ദ്ര സർക്കാരിനെ നേരിട്ട്‌ വിമർശിക്കുന്ന ഭാഗം വിട്ടുകളഞ്ഞിരുന്നു. 2001ൽ യുഡിഎഫ്‌ അധികാരത്തിൽ വന്നപ്പോൾ മുൻ എൽഡിഎഫ്‌ സർക്കാരിനെ വിമർശിക്കുന്ന ഭാഗം ഗവർണർ സുഖ്‌ദേവ്‌സിങ്‌ കാങ്‌ ഒഴിവാക്കി. ഗവർണർക്കെതിരെ ശാസനപ്രമേയം അംഗീകരിച്ചതും രേഖകളിലുണ്ട്‌.
1987ലെ ഇ കെ നായനാർ സർക്കാരിന്റെ കാലത്ത്‌ ഗവർണർ രാംദുലാരി സിൻഹയ്‌ക്ക്‌ എതിരെയാണ്‌ ശാസനപ്രമേയം പാസാക്കിയത്‌. കലിക്കറ്റ്‌ സർവകലാശാലയുടെ ചാൻസലർ എന്നനിലയിൽ നടത്തിയ സർക്കാർവിരുദ്ധ നടപടിയായിരുന്നു ഇതിനു വഴിവച്ചത്‌. ഗവർണറെ തിരിച്ചുവിളിക്കാനുള്ള പ്രമേയം പാസാക്കാനും സഭയ്‌ക്ക്‌ അധികാരമുണ്ടെന്ന്‌ അന്ന്‌ സ്‌പീക്കറായിരുന്ന വർക്കല രാധാകൃഷ്‌ണൻ റൂളിങ്‌ പുറപ്പെടുവിച്ചു. കലിക്കറ്റ്‌ സിൻഡിക്കറ്റിലേക്ക്‌ സർക്കാർ ശുപാർശ ചെയ്‌ത പേരുകൾ ഒഴിവാക്കി പ്രതിപക്ഷ നേതാവായിരുന്ന കെ കരുണാകരൻ നിർദേശിച്ചവരെ ഉൾപ്പെടുത്തിയതാണ്‌ ഏറ്റുമുട്ടലിനു വഴിയൊരുക്കിയത്‌.


പ്രധാന വാർത്തകൾ
 Top