31 March Tuesday

‘ഒറ്റമുറിയിൽനിന്ന്‌ നാല്‌ വീട്ടിലേക്ക്‌ ...മുഖ്യമന്ത്രിയെ കണ്ട്‌ നന്ദിപറയണം’

എ സുൽഫിക്കർUpdated: Saturday Feb 29, 2020

തിരുവനന്തപുരം> ‘ഈ കാണണ ആറ്‌ സെന്റിലെ ഓലമേഞ്ഞ കുടിലിലായിരുന്നു ഞങ്ങടെയൊക്കെ ജീവിതം. സഹോദരിമാരും അവരുടെ ഭർത്താക്കന്മാരും മക്കളും ബന്ധുക്കളുമൊക്കെയായി 20 പേർ. ഫ്ലക്‌സ്‌ ബോർഡുകളിലാണ്‌ മുറികൾ വേർതിരിച്ചത്‌. ഇവിടെത്തന്നെ തീരുമെന്നാണ്‌ കരുതിയത്‌. എന്നാൽ, ഒറ്റവർഷംകൊണ്ട്‌ പിണറായി വിജയൻ സർക്കാർ ഞങ്ങൾക്ക്‌ വീട്‌ തന്നു. ഒന്നല്ല നാലെണ്ണം. ഇപ്പോൾ എല്ലാവരും ഹാപ്പിയാണ്‌. ശനിയാഴ്‌ച മുഖ്യമന്ത്രിയെ കണ്ട്‌ നന്ദിപറയണം. ഞങ്ങളെല്ലാവരുമുണ്ടാകും സംഗമത്തിന്‌’–- കൊച്ചുമകൾ ദേവനന്ദയെ ചേർത്തുപ്പിടിച്ച്‌ ശോഭ സന്തോഷക്കണ്ണീർ തുടച്ചു. ശോഭയുടേതു മാത്രമല്ല, ആറുസെന്റിൽ അടുത്തടുത്തായി നാല്‌ ലൈഫ്‌ ഭവനമാണ്‌ ഒറ്റ വർഷംകൊണ്ട്‌ തിരുവനന്തപുരം കണ്ണേറ്റുമുക്കിലുയർന്നത്‌.

മഴ പെയ്‌താൽ ഇത്തിരിപ്പോന്ന ദേവനന്ദയെ എടുത്ത്‌ ശോഭ അടുത്ത വീട്ടിലേക്ക്‌ ഓടും. ഏതുനിമിഷവും നിലംപൊത്താവുന്ന വീടിനെയോർത്ത്‌ ഇമചിമ്മാതെയിരുന്നിട്ടുണ്ട്‌ ഈ കുടുംബങ്ങൾ. അപ്പോഴാണ്‌ ലൈഫ്‌ പദ്ധതിയിൽ ശോഭയുടെ കുടുംബത്തെ തെരഞ്ഞെടുത്തത്‌. ആറ്‌ സെന്റ്‌ നാലാക്കി ഭാഗിച്ചതോടെ സഹോദരിമാരായ ശകുന്തളയും രാധാദേവിയും വത്സലകുമാരിയും പദ്ധതിയിൽ ഇടംപിടിച്ചു. ആദ്യഗഡുവായ 40,000 രൂപവീതം കിട്ടിയതോടെ ധൈര്യമായി. കൈയിലുണ്ടായിരുന്ന ആഭരണങ്ങൾ പണയംവച്ചും കടം വാങ്ങിയും നാല്‌ കുടുംബങ്ങളും 2018 നവംബറിൽ വീടുപണി ആരംഭിച്ചു. തറ നിർമിച്ച്‌ ഫോട്ടോയെടുത്ത്‌ നൽകിയതോടെ രണ്ടാം ഗഡുവായ 1.60 ലക്ഷംരൂപ അക്കൗണ്ടിലെത്തി. പിന്നാലെ മൂന്നാം ഗഡുവായ 1.60 ലക്ഷം രൂപയും അവസാനം 40,000 രൂപയും. രണ്ട്‌ മുറിയും ഹാളും അടുക്കളയും ശുചിമുറിയുമെല്ലാമായി എല്ലാവരും അടച്ചുറപ്പുള്ള വീട്ടിൽ. രാധാദേവിയുടെ വീട്‌ അവസാന മിനുക്കുപണിയിലാണ്‌. 

 "എന്റെ മോന്‌ ഒരു വയസ്സായപ്പോ ഭർത്താവ്‌ മരിച്ചു. പിന്നീടങ്ങോട്ട്‌ അന്നന്നേക്കുള്ള ഭക്ഷണമല്ലാതെ വേറൊന്നും മനസ്സിലില്ല. വീടെന്നത്‌ സ്വപ്‌നത്തിൽപ്പോലുമുണ്ടായിരുന്നില്ല. മുഖ്യമന്ത്രിയോടും സർക്കാരിനോടും നഗരസഭയോടും എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. ഞങ്ങളെപ്പോലുള്ളവർക്ക്‌ ആരെങ്കിലുമൊക്കെയുണ്ടെന്ന്‌ തോന്നിയത്‌ ഇപ്പോഴാണ്‌’–- പുതിയ വീട്ടിലെ കോണിപ്പടിയിൽ ചാരിയിരുന്ന്‌ ശകുന്തള പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top