09 August Sunday

നാം പിന്തുടരേണ്ടത്‌ ആധുനിക വിദ്യാഭ്യാസം: സി രവീന്ദ്രനാഥ്‌

വെബ് ഡെസ്‌ക്‌Updated: Monday Nov 25, 2019

പാലക്കാട്‌
ശേഖരിച്ച വിവരങ്ങളിൽനിന്ന്‌ അറിവുൽപ്പാദിപ്പിക്കുന്ന ആധുനിക വിദ്യാഭ്യാസ രീതിശാസ്‌ത്രമാണ്‌ നാം പിന്തുടരേണ്ടതെന്ന്‌ വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ്‌ പറഞ്ഞു. ഒഡീസിയ–-ദേശാഭിമാനി അക്ഷരമുറ്റം ക്വിസ്‌ ഒമ്പതാംസീസൺ മെഗാഫൈനൽ മത്സരം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചോദ്യം, ഉത്തരം എന്ന സാമ്പ്രദായികരീതിയിൽനിന്നുമാറി ആധുനിക സങ്കൽപ്പങ്ങളിലൂന്നിയാണ്‌ പൊതുവിദ്യാഭ്യാസം മുന്നേറുന്നത്‌. ഇതാണ്‌ അക്ഷരമുറ്റം ക്വിസും പിന്തുടരുന്നത്‌.

മുമ്പ്‌ ചോദ്യം ഉത്തരത്തെ ലക്ഷ്യമാക്കിയായിരുന്നെങ്കിൽ ഇന്ന്‌ അങ്ങനെയല്ല. സാമ്പ്രദായികചിന്ത പ്രകാരം വിദ്യാഭ്യാസം എന്നത്‌ വിവരങ്ങളുടെ ശേഖരമായിരുന്നുവെങ്കിൽ ഇന്നത്തെ പൊതുവിദ്യാഭ്യാസ രീതിശാസ്‌ത്രം അങ്ങനെയല്ല. കേൾക്കുന്നതിലൂടെയും കാണുന്നതിലൂടെയും ശേഖരിക്കുന്ന വിവരങ്ങൾക്കുമേൽ തലച്ചോറ്‌ പ്രയോഗിക്കുമ്പോഴാണ്‌ വിവരം അറിവായി മാറുന്നത്‌. ഇത്‌ നടക്കുമ്പോഴാണ്‌ ബുദ്ധി വളർന്നുവെന്നു പറയുന്നത്‌. അറിവ്‌ പിന്നീട്‌ ആശയങ്ങളുടെ ഉൽപ്പാദനമായി മാറുന്നു.

കൊളോണിയൽ വിദ്യാഭ്യാസത്തിന്റെയും ഫ്യൂഡൽ വിദ്യാഭ്യാസത്തിന്റെയുമൊക്കെ രീതി അതായിരുന്നു. അതുകൊണ്ടാണ്‌ അവരുടേതിന്‌ സമാനമായ നമ്മുടെ തലമുറയ്‌ക്ക്‌ ഉയർച്ചയുണ്ടാവാതിരുന്നത്‌. നോബേൽ സമ്മാനജേതാക്കൾ നമ്മുടെ നാട്ടിൽ അപൂർവമാണ്‌. വിശ്വശാസ്‌ത്രജ്ഞരും വിശ്വചിന്തകരുമൊക്കെ നമുക്ക്‌ അപൂർവമാണ്‌. ഇത്‌ ഈ തലമുറയ്‌ക്ക്‌ ബുദ്ധി ഇല്ലാഞ്ഞിട്ടല്ല. മറിച്ച്‌ നമ്മൾ പിന്തുടരുന്ന അധ്യാപനരീതി മാറേണ്ടതുണ്ട്‌ എന്നതാണ്‌. ശേഖരിക്കുന്ന വിവരത്തിനുമുകളിൽ യുക്തി അന്വേഷണം, ചോദ്യം എന്നിവ വേണം. തലച്ചോറ്‌ വളരാനുള്ള പ്രധാനകാരണം വായനയാണ്‌.  അറിവിന്റെ സ്രോതസ്സിലേക്ക്‌ കുട്ടിയുടെ മനസ്സിനെ കൊണ്ടുപോകുകയാണ്‌ വേണ്ടത്‌–-മന്ത്രി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top