13 November Wednesday

ഓർമകളിൽ നിറഞ്ഞ്‌ സി എച്ച്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 21, 2019


തലശേരി/തിരുവനന്തപുരം
സ്വാതന്ത്ര്യസമര പോരാളിയും അതുല്യ കമ്യൂണിസ്‌റ്റ്‌ സംഘാടകനും സിപിഐ എം പ്രഥമ സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി എച്ച്‌ കണാരന്റെ ഓർമ കേരളം പുതുക്കി. 47ാമത്‌ ചരമവാർഷിക ദിനത്തിൽ പ്രഭാതഭേരിയോടെ പതാക ഉയർത്തിയും പാർടി ഓഫീസുകളും പൊതുസ്ഥലങ്ങളും അലങ്കരിച്ചുമാണ്‌ പ്രിയ സഖാവിനെ  അനുസ്‌മരിച്ചത്‌.

കോടിയേരി പുന്നോലിലെ  സ്‌മൃതിമണ്ഡപത്തിൽ നേതാക്കളും പ്രവർത്തകരും കുടുംബാംഗങ്ങളും പുഷ്‌പാർച്ചന നടത്തി. സിപിഐ എം സംസ്ഥാന
സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പുഷ്‌പചക്രം അർപ്പിച്ചു.  ജില്ലാ സെക്രട്ടറി എം വി ജയരാജൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി ജയരാജൻ,  എ എൻ ഷംസീർ എംഎൽഎ  തുടങ്ങിയവരും  സി എച്ചിന്റെ കുടുംബാംഗങ്ങളും പുഷ്‌പാർച്ചനയിൽ പങ്കെടുത്തു. അനുസ്‌മരണയോഗം ഉദ്‌ഘാടനവും ‘കനൽ വഴികൾ’ പുസ്‌തകപ്രകാശനവും കോടിയേരി നിർവഹിച്ചു.  ഇന്ത്യൻ കമ്യൂണിസ്‌റ്റ്‌ പാർടി രൂപീകരണത്തിന്റെ നൂറാംവാർഷികാഘോഷത്തിന്റെയും സി എച്ച്‌ ദിനത്തിന്റെയും ഭാഗമായി ജില്ലാ സെമിനാറും ആയിരങ്ങൾ പങ്കെടുത്ത പ്രകടനവും പൊതുസമ്മേളനവുമുണ്ടായി. സെമിനാർ തലശേരി റൂറൽബാങ്ക്‌ ഓഡിറ്റോറിയത്തിൽ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനംചെയ്‌തു.

കേന്ദ്രകമ്മിറ്റി അംഗം എം വി ഗോവിന്ദൻ അധ്യക്ഷനായി.  പൊതുസമ്മേളനം പുതിയ ബസ്‌സ്‌റ്റാൻഡ്‌  പരിസരത്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്‌ഘാടനംചെയ്‌തു.
തലസ്ഥാനത്ത്‌ എ കെ ജി സെന്ററിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദൻ പതാക ഉയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ കാട്ടായിക്കോണം വി ശ്രീധർ സ്‌മാരക മന്ദിരത്തിൽ ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ പതാക ഉയർത്തി. ദേശാഭിമാനി തിരുവനന്തപുരം യൂണിറ്റിൽ റസിഡന്റ്‌ എഡിറ്റർ വി ബി പരമേശ്വരൻ പതാക ഉയർത്തി.


പ്രധാന വാർത്തകൾ
 Top