04 July Saturday

കോവിഡ് ഡേറ്റ സി ഡിറ്റ് കൈകാര്യം ചെയ്യും; സ്പ്രിങ്ക്‌ളറുമായി കരാർ സോഫ്റ്റ്‌വെയർ അപ്ഡേഷനിൽ മാത്രം

വെബ് ഡെസ്‌ക്‌Updated: Thursday May 21, 2020

കൊച്ചി .> കോവിഡ് രോഗികളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന ഡാറ്റ ചോരുന്നില്ലന്ന് ഉറപ്പു വരുത്തിയിട്ടുള്ളതായി സംസ്ഥാന സർക്കാർ ഹൈക്കോടതിയിൽ എതിർ സത്യവാങ്മൂലം സമർപ്പിച്ചു. കരാർ ലംലനം ഉണ്ടായാൽ കമ്പനിക്കെതിരെ ഇന്ത്യയിലടക്കം കേസുകൾ ഫയൽ ചെയ്യാൻ വ്യവസ്ഥ ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന സർക്കാരിനു വേണ്ടി വിവര സാങ്കേതിക വകുപ്പ് ജോയിന്റ് സെക്രട്ടറി വിശദമായ എതിർ സത്യവാങ്‌‌മൂലം സമർപ്പിച്ചത്.

എപ്രിൽ 20നു തന്നെ കോവിഡ് രോഗികളുടെ ഡാറ്റ മുഴുവനും സി ഡിറ്റിന്റെ ഉടമസ്ഥതയിലുള്ള ആമസോൺ വെബ് ക്ലൗഡിലേക്ക് മാറ്റിയിരുന്നു. കേന്ദ്ര സർക്കാർ അംഗികരിച്ച 12 വെബ് ക്ലൗഡുകളിൽ ഒന്നാണ് ആമസോൺ ക്ലൗഡ്. കേന്ദ്ര സർക്കാർ ഏജൻസിയായ എസ്‌ടിക്യുസിയാണ് ക്ലൗഡ് ഓഡിറ്റ് ചെയ്യുന്നത്. ഡാറ്റ ആമസോൺ ക്ലൗഡിലേക്കു മാറ്റിയതിനു ശേഷം സ്‌പ്രിങ്ക്‌‌ളർ കമ്പനിയുടെ ഉദ്യോഗസ്ഥർക്ക് ഡാറ്റ കൈകാര്യം ചെയ്യാൻ കഴിയില്ല. കൈമാറിയ ഡാറ്റ നശിപ്പിക്കാൻ ആവശ്യപ്പെട്ടിരുന്നു. ഇതിന് തയ്യാറാണന്ന് കമ്പനി മറുപടിയും നൽകിയിട്ടുണ്ട്.  ഇനി കമ്പനിയുമായി ഡാറ്റ പങ്കുവയ്‌ക്കുന്നുണ്ടെങ്കിൽ അതിനായി പ്രത്യേകം പ്രോട്ടോകോൾ ഏർപ്പെടുത്തും. കേന്ദ്രസർക്കാരും ആമസോൺ കമ്പനിയും വിവരങ്ങൾ പുറത്താക്കില്ലന്ന കരാറിൽ ഏർപ്പെട്ടിട്ടുണ്ട്.

നിലവിൽ സോഫ്‌റ്റ്‌‌വെയർ പൂർണ്ണമായും സി ഡിറ്റിന്റെ അധീനതയിലാണ്. സ്‌പ്രിങ്ക്‌‌ളർ കമ്പനിയുടെ ഉദ്യോഗസ്ഥരുടെ സഹായം സോഫ്‌റ്റ്‌‌വെയർ അപ്ഡേഷനു മാത്രമേ ആവശ്യമുള്ളൂ. അതും ആവശ്യമെങ്കില്‍ മാത്രം.കമ്പനിയുടെ ഉദ്യോഗസ്ഥർക്ക് ഡാറ്റ കൈകാര്യം ചെയ്യാൻ കഴിയില്ല. വിവരശേഖരണം നടത്തും മുൻപ് ദാതാവിന്റെ മുൻകൂർ അനുമതി തേടുന്നുണ്ട്.

80 ലക്ഷത്തിലധികം ആളുകളെ കോവിഡ് ബാധിച്ചേക്കുമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് കമ്പനിയുടെ സോഫ്‌റ്റ്‌‌‌വെയർ ഉപയോഗിച്ചത്. വിവര സാങ്കേതിക രംഗത്ത് പ്രവർത്തിയിരുന്ന കമ്പനിയുടെ തലപ്പത്ത് മലയാളിയാണ്. മലയാളികളുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും കേരളത്തിലേക്ക് നിക്ഷേപങ്ങൾ സ്വാഗതം ചെയ്യുന്നതിനുമായി വിവിധ പ്രവർത്തനങ്ങും പരിപാടികളൂം സർക്കാർ 2018 മുതൽ സംഘടിപ്പിച്ചിരുന്നു. ഇത്തരം പരിപാടികളിൽ പങ്കെടുത്ത കമ്പനിയുമായി നേരത്തെ മുതൽ സർക്കാർ ബന്ധം പുലർത്തിയിരുന്നു.

ബിഗ് ഡാറ്റ കൈകാര്യം ചെയ്യുന്നതിന് കമ്പനിയുടെ സഹായം ആവശ്യമായി വരുകയായിരുന്നു. കോവിഡ് പ്രതിരോധത്തിന് വേൾഡ് ഹെൽത്ത് ഓർഗനൈസേഷനുമായി സഹകരിച്ചു വരുന്ന കമ്പനിയെ വിശദമായ പരിശോധനക്കു ശേഷമാണ് നിശ്ചയിച്ചത്. വിവര സാങ്കേതിക വകുപ്പ് വിവിധ തലങ്ങളിൽ ചർച്ച ചെയ്‌താണ് തീരുമാനം കൈക്കൊണ്ടത്. ആശ വർക്കർമാർ ഉൾപ്പെടയുളളവർ ശേഖരിക്കുന്ന ഡാറ്റയാണ് പരിശോധനക്ക് വിധേയമാക്കുന്നത്. രോഗവ്യാപനം തടയുന്നതിന് ആവശ്യമായ വിവരങ്ങൾ മാത്രമാണ് ശേഖരിക്കന്നത്. ക്വാറന്റൈൻ കാലത്തെ വിവരങ്ങളാണ് ശേഖരിക്കുന്നത്. ആളുകളെ ദൈനംദിനം കണ്ട് വിവരങ്ങൾ ശേഖരിക്കന്നത് ഒഴിവാക്കുന്നതിനാണ് ഇത്തരം നടപടി സ്വീകരിച്ചത്.

ക്വാറന്റൈൻ കാലത്തിന് ശേഷം വിവരങ്ങൾ ഉപയോഗശൂന്യമാവും. പ്രതിരോധ നടപടികൾ ത്വരിതപ്പെടുത്തുന്നതിനാണ് വിവരശേഖരണം. ആളുകളുടെ റേഷൻ കാർഡിലെ വിവരങ്ങൾ ശേഖരിക്കുന്നുവെന്ന ആരോപണം ശരിയല്ല. ഡാറ്റ സംരക്ഷിക്കാൻ ആവശ്യമായ എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ട്. ന്യൂയോർക്കിൽ കേസ് ഫയൽ ചെയ്യണമെന്ന കരാറിലെ വ്യവസ്ഥകൾ സാധാരണ കരാർവ്യവസ്ഥ മാത്രമാണ്. വിവര സാങ്കേതിക നിയമത്തിലെ വ്യവസ്ഥകൾ ലംഘിച്ചാൽ കമ്പനിക്കെതിരെ ഇന്ത്യയിൽ കേസ് നിലനിൽക്കും. കമ്പനിക്കെതിരെ ഇന്ത്യൻ ശിക്ഷാനിയമപ്രകാരവും നടപടിയെടുക്കാം.

സോഫ്‌റ്റ്‌‌വെയർ നിർമ്മിച്ച് നൽകാൻ കേന്ദ്ര സർക്കാരിനും നാഷണൽ ഇൻഫർമാറ്റിക് സെന്ററിനും സംസ്ഥാന സർക്കാർ കത്ത് നൽകിയിട്ടും ഇതുവരെ മറുപടി ലഭിച്ചിട്ടില്ല. കെ സുരേന്ദ്രന്റെ ഹർജി ചട്ടങ്ങൾ പ്രകാരമല്ല സമർപ്പിച്ചിട്ടുള്ളത്. രമേശ് ചെന്നിത്തല കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലം സംശയകരമെന്നും ഇൻഫർമേഷൻ ജോയിന്റ് സെക്രട്ടറിയുടെ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top