14 December Saturday
ബൈചുങ് ബൂട്ടിയ ഫുട്‌ബോള്‍ സ്‌കൂളിന്റെ രണ്ടാമത്തെ സെന്റർ നിലമ്പൂരിൽ

ഫുട്‌ബോളില്‍ കേരളത്തിന്‌ പ്രത്യേക സ്ഥാനം: ബൈചുങ് ബൂട്ടിയ

വെബ് ഡെസ്‌ക്‌Updated: Monday Nov 18, 2019


കൊച്ചി
ഇന്ത്യൻ ഫുട്‌ബോളിൽ കേരളത്തിന് പ്രത്യേക സ്ഥാനമുണ്ടെന്ന് ഇന്ത്യൻ ഫുട്‌ബോൾ ടീം മുൻ ക്യാപ്‌റ്റൻ ബൈചുങ് ബൂട്ടിയ. കേരളം കൂടാതെ ഇന്ത്യൻ ഫുട്‌ബോളിന് അതിജീവനമില്ലെന്നും അദ്ദേഹം പറഞ്ഞു. ബൈചുങ് ബൂട്ടിയ ഫുട്‌ബോൾ സ്‌കൂൾ (ബിബിഎഫ്എസ്) പ്രവർത്തനം കേരളത്തിലേക്ക് വ്യാപിപ്പിക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

കൊച്ചി ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിൽ ആയിരക്കണക്കിന് ആരാധകർക്ക് മുന്നിൽ ബൂട്ടുകെട്ടിയ ഓർമകൾ താരം പങ്കുവച്ചു. ബ്ലാസ്റ്റേഴ്‌സിന്റെ ആരാധകനാണ്‌ ബൂട്ടിയ. പരിക്കുകൾ ഭേദമായി ഐഎസ്എലിൽ ടീം ശക്തമായി തിരിച്ചുവരുമെന്നാണ് പ്രതീക്ഷ. ഫുട്‌ബോളിൽ കേരളത്തിന്റെ മെക്ക എന്ന വിശേഷിപ്പിക്കാവുന്ന സ്ഥലമാണ് മലപ്പുറം. അതുകൊണ്ടാണ് ബിബിഎഫ്എസിന്റെ രണ്ടാമത്തെ റസിഡൻഷ്യൽ സ്‌കൂൾ തുടങ്ങുന്നതിന് മലപ്പുറം തെരഞ്ഞെടുത്തത്. ഭാവിയിൽ കേരള ബ്ലാസ്റ്റേഴ്‌സ് പോലുള്ള ക്ലബ്ബുകൾക്ക് താരങ്ങളെ സംഭാവന ചെയ്യാൻ തന്റെ സ്‌കൂളുകൾക്ക് കഴിയുമെന്നും ബൂട്ടിയ പ്രത്യാശ പ്രകടിപ്പിച്ചു.

 

ബൈചുങ് ബൂട്ടിയ ഫുട്‌ബോള്‍ സ്‌കൂളിന്റെ രണ്ടാമത്തെ സെന്റർ നിലമ്പൂരിൽ
കൊച്ചി
ബൈചുങ് ബൂട്ടിയ ഫുട്‌ബോൾ സ്‌കൂളിന്റെ രണ്ടാമത്തെ റസിഡൻഷ്യൽ അക്കാദമി നിലമ്പൂർ പീവീസ് പബ്ലിക് സ്‌കൂളിൽ  ആരംഭിക്കുമെന്ന് ബൂട്ടിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു. അക്കാദമി എറണാകുളത്ത് നോൺ റസിഡെൻഷ്യൽ പരിപാടികളും സംഘടിപ്പിക്കും. 2018ൽ ഗുരുഗ്രാമിൽ ആരംഭിച്ച ആദ്യ റസിഡൻഷ്യൽ അക്കാദമിയിൽ പത്ത് മലയാളികൾ ഉൾപ്പെടെ നൂറോളം കുട്ടികൾ പരിശീലിക്കുന്നുണ്ട്‌. രണ്ടുപേർക്ക് ഇന്ത്യ അണ്ടർ 15 ടീമിൽ അവസരം ലഭിച്ചിട്ടുണ്ട്‌.
പെൺകുട്ടികളിൽ ഫുട്‌ബോൾ പ്രോത്സാഹിപ്പിക്കുന്നതിന്‌ പ്രത്യേക ബാച്ചുകളും ആരംഭിച്ചിട്ടുണ്ട്. വാരാന്ത്യങ്ങളിലാകും പരിശീലനം. ബിബിഎഫ്എസ് റസിഡൻഷ്യൽ അക്കാദമിയിൽ അടുത്ത വർഷത്തേക്കുള്ള പ്രവേശനം ആരംഭിച്ചു.

തെരഞ്ഞെടുപ്പ്‌ ഡിസംബറിൽ കൊച്ചിയിലും കോഴിക്കോടുമായി നടക്കും. ഡിസംബർ ഒന്നിന് രാവിലെ ഒമ്പതിന്‌ എറണാകുളം മഹാരാജാസ് കോളേജ് ഗ്രൗണ്ടിലാണ്‌ തെരഞ്ഞെടുപ്പ്‌. 5–-16 പ്രായ വിഭാഗത്തിലുള്ളവർക്ക് പങ്കെടുക്കാം.

അക്കാദമിയിലേക്കുള്ള കുട്ടികളുടെ സെലക്‌ഷൻ ഡിസംബർ 7, 8 തീയതികളിൽ കോഴിക്കോട് മെഡിക്കൽ കോളേജ് ഗ്രൗണ്ടിൽ നടക്കും. 2003നും 2005നും ഇടയിൽ ജനിച്ചവർക്ക്‌ ഡിസംബർ ഏഴിന് നടക്കുന്ന സെലക്‌ഷൻ ട്രയലിലും 2006നും 2010നും ഇടയിൽ ജനിച്ചവർക്ക്‌ ഡിസംബർ എട്ടിന്‌ നടക്കുന്ന  ട്രയലിലും പങ്കെടുക്കാം. ഫോൺ: 8943924687.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top