തിരുവനന്തപുരം > സംസ്ഥാനത്തെ 19 തദ്ദേശ വാർഡിൽ ചൊവ്വാഴ്‌ച ഉപതെരഞ്ഞെടുപ്പ് നടക്കും. ഒരുക്കം പൂർത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ എ ഷാജഹാൻ അറിയിച്ചു. രാവിലെ ഏഴു മുതൽ വൈകിട്ട് ആറു വരെയാണ് പോളിങ്. രാവിലെ ആറിന് മോക്പോൾ നടത്തും. ബുധൻ രാവിലെ പത്തിനാണ് വോട്ടെണ്ണൽ. ഒമ്പത് ജില്ലയിലായി രണ്ട് കോർപറേഷൻ, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാർഡുകളിലാണ് ഉപതെരഞ്ഞെടുപ്പ്.
തെരഞ്ഞെടുപ്പ് കമീഷന്റെ തിരിച്ചറിയൽ കാർഡ്, പാസ്‌പോർട്ട്, ഡ്രൈവിങ് ലൈസൻസ്, പാൻ കാർഡ്, ആധാർ കാർഡ്, ഫോട്ടോ പതിച്ച എസ്‌എസ്‌എൽസി ബുക്ക്, ദേശസാൽകൃത ബാങ്ക് ആറുമാസത്തിനകം നൽകിയ ഫോട്ടോ പതിച്ച പാസ്ബുക്ക്, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷൻ നൽകിയ തിരിച്ചറിയൽ കാർഡ് എന്നിവ തിരിച്ചറിയൽ രേഖയായി ഉപയോഗിക്കാം. 16,009 പുരുഷന്മാരും 17,891 സ്ത്രീകളും ഉൾപ്പെടെ 33,900 വോട്ടർമാരാണുള്ളത്. ആകെ 38 പോളിങ് ബൂത്ത്.
പോളിങ് സാമഗ്രികൾ തിങ്കൾ പകൽ 12നകം സെക്‌ടറൽ ഓഫീസർമാർ അതത് ബൂത്തിൽ എത്തിക്കും. പ്രശ്നബാധിത ബൂത്തുകളിൽ വീഡിയോ ചിത്രീകരിക്കും. വോട്ടെണ്ണൽ ഫലം www.lsgelection.kerala.gov.in ലെ TREND ൽ ലഭ്യമാകും. ഫലപ്രഖ്യാപനം മുതൽ 30 ദിവസത്തിനകം www.sec.kerala.gov.in ൽ സ്ഥാനാർഥികൾ ചെലവു കണക്ക് നൽകണം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..