21 November Thursday

പോളിങ്‌ കൂടുതൽ അരൂരിൽ, കുറവ്‌ എറണാകുളത്ത്‌; വോട്ടെണ്ണൽ മറ്റന്നാൾ

സ്വന്തം ലേഖകൻUpdated: Tuesday Oct 22, 2019

തിരുവനന്തപുരം > അതിരാവിലെമുതൽ കോരിച്ചൊരിഞ്ഞ മഴ ഉപതെരഞ്ഞെടുപ്പിൽ വൊട്ടെടുപ്പിനെ ബാധിച്ചു. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിനെയും 2019ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിനെയും അപേക്ഷിച്ച്‌  അഞ്ച്‌ മണ്ഡലത്തിലും  പോളിങ്‌ ശതമാനം കുറഞ്ഞു. ഏറ്റവും കൂടുതൽ പോളിങ്‌  അരൂർ മണ്ഡലത്തിലും കുറവ്‌ എറണാകുളം. രാത്രി വൈകിവന്ന കണക്കുപ്രകാരം മഞ്ചേശ്വരത്ത്‌  75.82  ശതമാനവും എറണാകുളത്ത്‌ 57.89 ഉം അരൂരിൽ  80.47  ഉം കോന്നിയിൽ  70.07 ഉം വട്ടിയൂർക്കാവിൽ 62.66 ശതമാനവും വോട്ട്‌ രേഖപ്പെടുത്തി. വോട്ടെണ്ണൽ 24ന്‌ നടക്കും.

കനത്ത മഴ കാരണം രാവിലെ എറണാകുളം, കോന്നി മണ്ഡലങ്ങളിലെ ചില ബൂത്തുകളിൽ  തടസ്സം നേരിട്ടതൊഴിച്ചാൽ പോളിങ്‌  സുഗമവും സമാധാനപരവുമായിരുന്നു.  അനിഷ്ട സംഭവങ്ങൾ എവിടെയും ഇല്ല. പല ബൂത്തുകളിലും സമയംകഴിഞ്ഞും നീണ്ടവരി തുടർന്നു. വൈകിട്ട്‌ ആറിനുമുമ്പ്‌ എത്തിയവർക്ക്‌ ടോക്കൺ നൽകി വോട്ട്‌ ചെയ്യാൻ അവസരം ഒരുക്കി. മഴകാരണം തുടക്കത്തിലേ എറണാകുളം മണ്ഡലത്തിൽ വോട്ടെടുപ്പ്‌ മന്ദഗതിയിലായി.  അയ്യപ്പൻകാവ്‌, നേവൽബേസ്‌, കടവന്ത്ര എന്നിവിടങ്ങളിലെ 11 ബൂത്തിൽ വെള്ളം കയറി. വോട്ടെടുപ്പ്‌  മാറ്റിവയ്‌ക്കണമെന്ന ആവശ്യം മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ അംഗീകരിച്ചില്ല. സമയം നീട്ടി നൽകണമെന്ന ആവശ്യവും അംഗീകരിച്ചില്ല. വെള്ളം കയറിയ  പോളിങ്‌ സ്‌റ്റേഷനുകൾ അതേ  കെട്ടിടത്തിന്റെ മുകൾനിലയിലേക്ക്‌ മാറ്റി. ഉച്ചയോടെ മഴ മാറി.  തുടർന്ന്‌ വോട്ടെടുപ്പ്‌ സുഗമമായി നടന്നെങ്കിലും വോട്ടർമാരുടെ വരവ്‌ മന്ദഗതിയിലായിരുന്നു. കോന്നിയിലും മഴ  പ്രശ്‌നം സൃഷ്‌ടിച്ചെങ്കിലും വോട്ടെടുപ്പ്‌ സുഗമമായിരുന്നു.


പ്രധാന വാർത്തകൾ
 Top