29 January Wednesday

പാലായ്‌ക്കു പിന്നാലെ അഞ്ചിടത്ത്‌ വീണ്ടും പോർമുഖം

കെ ശ്രീകണ‌്ഠൻUpdated: Sunday Sep 22, 2019


പാലായിലെ രാഷ്ട്രീയപ്പോരിന്റെ ചൂടാറുംമുമ്പ്‌ അഞ്ചിടത്തുകൂടി പോർമുഖം തുറന്ന്‌  കേരളം. ഒരു മാസം നീണ്ട  അങ്കച്ചൂടിനൊടുവിൽ പാലാക്കാരുടെ ഹൃദയചായ്‌വ്‌ ചുരുൾനിവരുംമുമ്പുതന്നെ തെക്കുമുതൽ വടക്കുവരെ  വീണ്ടും തെരഞ്ഞെടുപ്പുഗോദ ഒരുങ്ങുകയാണ്‌. ഒന്നൊഴികെ നാലും യുഡിഎഫിന്റെ സിറ്റിങ്‌ സീറ്റാണ്‌. 

പാലാ ഉൾപ്പെടെ ആറിടത്തും ഒരുമിച്ചാണ്‌ ഉപതെരഞ്ഞെടുപ്പ്‌ പ്രതീക്ഷിച്ചത്‌. എന്നാൽ, കഴിഞ്ഞ മാസം 26ന്‌ പാലായിൽമാത്രം പ്രഖ്യാപനം വന്നു. എങ്കിലും മറ്റ്‌ അഞ്ചിടത്ത്‌ ഏത്‌ നിമിഷവും തെരഞ്ഞെടുപ്പ്‌ പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടി മുന്നണികൾ പ്രവർത്തനം തുടങ്ങി. തിങ്കളാഴ്‌ച വിജ്ഞാപനം പുറത്തുവരുന്നതോടെ സ്ഥാനാർഥിനിർണയം അടക്കമുള്ള നടപടികളിലേക്ക്‌ കടക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റും എൽഡിഎഫ്‌ യോഗവും 24ന്‌. കോൺഗ്രസിന്റെയും മുസ്ലിംലീഗിന്റെയും എൻഡിഎയുടെയും യോഗങ്ങളും നിശ്ചയിച്ചിട്ടുണ്ട്‌. പാലായിലെ വിധിയെഴുത്ത്‌ പുറത്തുവരുമ്പോഴേക്കും സ്ഥാനാർഥികൾ നിരന്ന്‌ അഞ്ചിടത്തും മത്സരക്കളമാകും.

അഴിമതിക്കേസിൽ മുൻ മന്ത്രിമാർ ഉൾപ്പെടെയുള്ള പ്രതിപക്ഷ നേതൃനിരയ്‌ക്കെതിരെ കച്ചമുറുക്കിയാണ്‌ പാലായിൽ എൽഡിഎഫിന്റെ പ്രചാരണത്തിന്‌ സമാപ്‌തിയായത്‌. ഉമ്മൻചാണ്ടിക്കും രമേശ്‌ ചെന്നിത്തലയ്‌ക്കും എതിരെയുള്ള ടൈറ്റാനിയം കേസ്‌ സിബിഐക്ക്‌ വിട്ടതും പാലാരിവട്ടം പാലം അഴിമതിയിൽ വി കെ ഇബ്രാഹിംകുഞ്ഞിനെതിരെ വിജിലൻസ്‌ നടപടി തീവ്രതയിലേക്ക്‌ കടന്നതും യുഡിഎഫിനെ പ്രതിരോധത്തിലാക്കി. ഉപതെരഞ്ഞെടുപ്പുകളിലും അഴിമതി തന്നെയായിരിക്കും എൽഡിഎഫ്‌ പ്രചാരണരംഗത്ത്‌ ആയുധമാക്കുക.

യുഡിഎഫ്‌ ഭരണത്തിലെ അഴിമതി ഒന്നൊന്നായി തുറന്നുകാട്ടി എൽഡിഎഫ്‌ മുന്നേറിയപ്പോൾ കിഫ്‌ബിയുടെ പേരിൽ മാധ്യമങ്ങളെ കൂട്ടുപിടിച്ച്‌ പുകമറ സൃഷ്ടിക്കാനാണ്‌ പ്രതിപക്ഷ ശ്രമം. പാലാരിവട്ടം പാലം അഴിമതിയിൽ വി കെ ഇബ്രാഹിംകുഞ്ഞ്‌ അറസ്റ്റിലായാൽ അത്‌ അഞ്ചിടത്തും അലയടിക്കും. അതിന്‌ തടയിടാനുള്ള പ്രത്യാക്രമണമാണ്‌ രമേശ്‌ ചെന്നിത്തല പയറ്റുന്നത്‌.

എൽഡിഎഫ്‌ സജ്ജം: കോടിയേരി
കോട്ടയം
സംസ്ഥാനത്തെ അഞ്ച്‌ നിയമസഭാ മണ്ഡലത്തിലും ഉപതെരഞ്ഞെടുപ്പിനെ നേരിടാൻ എൽഡിഎഫും സിപിഐ എമ്മും സജ്ജമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ചചെയ്യാൻ 24 ന്‌ സിപിഐ എം അടിയന്തര സംസ്ഥാന സെക്രട്ടറിയറ്റ്‌ യോഗം ചേരും. എൽഡിഎഫ്‌ സംസ്ഥാന കമ്മിറ്റിയും അന്നുതന്നെ ചേരും. ഇതിൽ പ്രചാരണ തീയതികളടക്കം തീരുമാനിക്കും.

പാലാ അടക്കം എല്ലാ ഉപതെരഞ്ഞെടുപ്പുകളും ഒരുമിച്ച് നടത്താൻ കഴിയുമായിരുന്നുവെന്നാണ് പുതിയ സമയക്രമം കാണുമ്പാൾ മനസ്സിലാകുന്നത്‌. ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന മണ്ഡലങ്ങളിൽ  നേരത്തെതന്നെ സിപിഐ എം ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. ബൂത്തുതലത്തിൽവരെ കമ്മിറ്റി രൂപീകരിച്ചു. എൽഡിഎഫ് തലത്തിലും ഒരുക്കങ്ങൾ നടക്കുന്നുണ്ട്. കാൽനട പ്രചാരണജാഥകളും ആരംഭിച്ചു. 

പാലാ ഉപതെരഞ്ഞെടുപ്പ് ഫലം വന്നശേഷം സ്ഥാനാർഥികൾ പത്രിക നൽകും. സ്ഥാനാർഥിത്വം  സംബന്ധിച്ച്  മണ്ഡലം കമ്മിറ്റികളിൽ നിന്ന് അഭിപ്രായം തേടിയ ശേഷമാകും തീരുമാനംഅഞ്ച് മണ്ഡലങ്ങളിലും ബിജെപിക്ക് ജയസാധ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top