19 October Saturday
പിൻവലിക്കാനുള്ള അവസാനദിവസം മൂന്ന്‌

കേരളത്തിലെ അഞ്ച് മണ്ഡലങ്ങളില്‍ ഒക്ടോബര്‍ 21ന് ഉപതെരഞ്ഞെടുപ്പ് ; പത്രികാസമർപ്പണം നാളെ മുതൽ

വെബ് ഡെസ്‌ക്‌Updated: Sunday Sep 22, 2019


തിരുവനന്തപുരം
സംസ്ഥാനത്ത്‌ ഒഴിഞ്ഞുകിടക്കുന്ന അഞ്ച്‌ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 21ന്‌ ഉപതെരഞ്ഞെടുപ്പ്‌. വട്ടിയൂർക്കാവ്‌ (തിരുവനന്തപുരം), കോന്നി (പത്തനംതിട്ട). അരൂർ (ആലപ്പുഴ), എറണാകുളം, മഞ്ചേശ്വരം (കാസർകോട്‌) എന്നിവിടങ്ങളിലാണ്‌ തെരഞ്ഞെടുപ്പ്‌.  വോട്ടെണ്ണൽ 24ന്‌.

ഉപതെരഞ്ഞെടുപ്പ്‌ നടക്കുന്ന മണ്ഡലം ഉൾപ്പെട്ട ജില്ലകളിൽ ശനിയാഴ്‌ചമുതൽ പെരുമാറ്റച്ചട്ടം നിലവിൽവന്നതായി മുഖ്യതെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. മറ്റ്‌ ജില്ലകൾക്ക്‌ ചട്ടം ബാധകമല്ല.  വിജ്ഞാപനം തിങ്കളാഴ്‌ച പുറപ്പെടുവിക്കും. അന്നുമുതൽ നാമനിർദേശപത്രിക സമർപ്പിക്കാം. അവസാന തീയതി 30.  ഒക്‌ടോബർ ഒന്നിന്‌ സൂക്ഷ്‌മപരിശോധന.  പിൻവലിക്കാനുള്ള അവസാനദിവസം മൂന്ന്‌.

വട്ടിയൂർക്കാവ്‌, കോന്നി, അരൂർ, എറണാകുളം എന്നിവിടങ്ങളിൽ സിറ്റിങ്‌ എംഎൽഎമാർ ലോക്‌സഭയിലേക്ക്‌ തെരഞ്ഞെടുക്കപ്പെട്ടതോടെയാണ്‌ ഉപതെരഞ്ഞെടുപ്പിന്‌ കളമൊരുങ്ങിയത്‌.
പി ബി അബ്‌ദുൾ റസാഖിന്റെ നിര്യാണത്തോടെ കഴിഞ്ഞ 2018 ഒക്‌ടോബർ മുതൽ മഞ്ചേശ്വരം ഒഴിഞ്ഞുകിടക്കുകയാണ്‌. കഴിഞ്ഞ തവണ ബിജെപി സ്ഥാനാർഥിയായിരുന്ന കെ സുരേന്ദ്രൻ നൽകിയ തെരഞ്ഞെടുപ്പ്‌ കേസ്‌ ആണ്‌ മഞ്ചേശ്വരത്ത്‌ ഉപതെരഞ്ഞെടുപ്പ്‌ നീളാൻ ഇടയാക്കിയത്‌.

പി ബി അബ്‌ദുൾ റസാഖ്‌  മരിച്ചതിനെ തുടർന്ന്‌ സുരേന്ദ്രൻ കേസ്‌ പിൻവലിച്ചെങ്കിലും തെരഞ്ഞെടുപ്പ്‌ കമീഷന്‌ കോടതി ചെലവായി 42,000 രൂപ നൽകണമെന്ന്‌ നിർദേശം പാലിച്ചില്ല.
കെ സുരേന്ദ്രൻ തുക അടച്ചതോടെയാണ്‌ തെരഞ്ഞെടുപ്പ്‌ കമീഷൻ ഉപതെരഞ്ഞെടുപ്പ്‌ പ്രഖ്യാപിച്ചത്‌.



 


പ്രധാന വാർത്തകൾ
 Top