16 January Saturday

ബുറേവി എത്തുന്നു; അതീവ ജാഗ്രത ; ഏതു സാഹചര്യവും നേരിടാൻ സംസ്ഥാനം സജ്ജം

വെബ് ഡെസ്‌ക്‌Updated: Friday Dec 4, 2020


തിരുവനന്തപുരം
ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ‘ബുറേവി’ ചുഴലിക്കാറ്റ്‌ വെള്ളിയാഴ്ച പകൽ സംസ്ഥാനത്തെത്തുമെന്ന്‌ മുന്നറിയിപ്പ്‌. ഏതു സാഹചര്യവും നേരിടാൻ സജ്ജമാണെന്നും വലിയ പ്രളയസാഹചര്യം പ്രതീക്ഷിക്കുന്നില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

തമിഴ്‌നാട്‌ തൂത്തുക്കുടി തീരംവഴി കരയിലേക്ക്‌ പ്രവേശിക്കുന്ന ചുഴലിക്കാറ്റ്‌ ശക്തികുറഞ്ഞ്‌ തീവ്ര ന്യൂനമർദമായി മാറുമെന്നാണ്‌ പ്രവചനം. സംസ്ഥാനത്തെത്തുമ്പോൾ മണിക്കൂറിൽ പരമാവധി 60 കിലോമീറ്ററിൽ താഴെയാകും വേഗം. തിരുവനന്തപുരം, കൊല്ലം അതിർത്തിവഴി അറബിക്കടലിലേക്ക്‌ നീങ്ങാനാണ്‌ സാധ്യത. സഞ്ചാരപഥത്തിന്റെ വടക്ക്‌ കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിൽ കൂടുതൽ മഴയുണ്ടാകും. തിരുവനന്തപുരംമുതൽ എറണാകുളംവരെ 60 കിലോമീറ്റർവരെ വേഗത്തിൽ കാറ്റിനും സാധ്യത‌.


 

അതി തീവ്രമഴ പെയ്താൽ താഴ്‌ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ടും മലയോരമേഖലയിൽ മണ്ണിടിച്ചിലും ഉരുൾപൊട്ടലും ഉണ്ടായേക്കും. മേൽക്കൂര ശക്തമല്ലാത്ത വീടുകൾക്കും കെട്ടിടങ്ങൾക്കും നാശമുണ്ടായേക്കാം.  മരം, പോസ്റ്റുകൾ, വൈദ്യുത കമ്പികൾ, ബോർഡുകൾ എന്നിവ പൊട്ടിവീണുള്ള അപകടങ്ങൾക്കും സാധ്യത. ചുഴലിക്കാറ്റ് കടന്നുപോകുംവരെ അതീവ ജാഗ്രത വേണം. ദുരന്തത്തിൽ മനുഷ്യജീവൻ നഷ്ടപ്പെടാതിരിക്കാനുള്ള ജാഗ്രതയാണ്‌ വേണ്ടതെന്നും മുഖ്യമന്ത്രി പറഞ്ഞു.

വ്യാഴാഴ്ച ക്യാബിനറ്റ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നടന്ന അവലോകനയോഗത്തിൽ സംസ്ഥാനത്തെ തയ്യാറെടുപ്പുകൾ കേന്ദ്ര സർക്കാരിനെ അറിയിച്ചു. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി എക്സിക്യൂട്ടീവ്  ചേർന്ന് വകുപ്പുകളുടെ പ്രവർത്തനം വിലയിരുത്തി. കര, വ്യോമ, തീരസംരക്ഷണ സേനകൾ ഏത് അടിയന്തര സാഹചര്യവും നേരിടാൻ സജ്ജമാണ്‌. വിവിധ സൈനിക ഉദ്യോഗസ്ഥരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തി.

കേന്ദ്ര ആഭ്യന്തരമന്ത്രി എല്ലാ സഹായവും വാഗ്‌ദാനം ചെയ്‌തിട്ടുണ്ട്‌. മുന്നറിയിപ്പ് പ്രഖ്യാപിച്ച ഏഴു ജില്ലയിലും ദുരന്തനിവാരണ അതോറിറ്റിയുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും അവലോകന യോഗം ചേർന്നു. ജില്ലകളിലെ മേൽനോട്ടം ചുമതലയുള്ള മന്ത്രിമാർക്കാണ്‌. കലക്ടർമാരെ സഹായിക്കാൻ സെക്രട്ടറിമാരെയും നൽകും.

ബുറേവി  ചുഴലിക്കാറ്റ് മുൻകരുതലായി തലസ്ഥാന നഗരത്തിലെ തണൽവൃക്ഷങ്ങളിൽ അപകടകരമായി നിൽക്കുന്ന  കൊമ്പുകൾ മുറിച്ചുനീക്കുന്ന ഫയർ ഫോഴ്സ്

ബുറേവി ചുഴലിക്കാറ്റ് മുൻകരുതലായി തലസ്ഥാന നഗരത്തിലെ തണൽവൃക്ഷങ്ങളിൽ അപകടകരമായി നിൽക്കുന്ന കൊമ്പുകൾ മുറിച്ചുനീക്കുന്ന ഫയർ ഫോഴ്സ്


 

സ്വഭാവം മാറിമറിഞ്ഞ്‌
വെള്ളിയാഴ്‌ച കേരളത്തിൽ കനത്ത മഴപെയ്യും. കരയിലെത്തുമ്പോൾ ബുറേവി ചുഴലിക്കാറ്റിന്റെ തീവ്രത കുറയുമെന്നാണ്‌ ശാസ്‌ത്രജ്ഞർ കണക്കുകൂട്ടുന്നത്‌. ഓരോ മണിക്കൂർ കഴിയുമ്പോഴും കാറ്റിന്റെ സ്വഭാവത്തിൽ മാറ്റം വരുന്നത്‌ ശാസ്‌ത്രജ്ഞരെ കുഴയ്‌ക്കുകയാണ്‌. വേഗതയിലും അടിക്കടി മാറ്റമുണ്ട്‌. വടക്കുകിഴക്കൻ കാറ്റിന്റെ സ്വാധീനം ചുഴലിയുടെ സഞ്ചാരപഥത്തിൽ മാറ്റമുണ്ടാക്കുമെന്നും സംശയിക്കുന്നു‌.

ബുധനാഴ്‌ച രാത്രി ശ്രീലങ്കയിൽ പ്രവേശിച്ച ചുഴലിക്കാറ്റ്‌ കാര്യമായ നാശമുണ്ടാക്കാതെ കടന്നുപോയി. ട്രിങ്കോമാലി ജില്ലയിൽ തിരിയായക്കും കച്ചവേളിക്കും ഇടയിലാണ്‌ ബുറേവി ലങ്കൻതീരത്ത്‌ എത്തിയത്‌. രാജ്യത്തിന്റെ വടക്കും കിഴക്കുമുള്ള ജില്ലകളിൽ 200 മില്ലിമീറ്റർ മഴ പെയ്‌തു. വെള്ളപ്പൊക്കവും മരങ്ങൾ വീണതും പലയിടത്തും റിപ്പോർട്ട്‌ ചെയ്‌തിട്ടുണ്ട്‌. എന്നാൽ, ആശങ്കപ്പെട്ടിരുന്നതിലും നാശം കുറവെന്നാണ്‌ പ്രാഥമിക വിലയിരുത്തൽ. നാശനഷ്‌ടങ്ങൾ കൃത്യമായി കണക്കാക്കാൻ 24 മണിക്കൂറെങ്കിലും വേണം. ട്രിങ്കോമാലിയിൽ വെള്ളപ്പാച്ചിലിൽ 12 വീട്‌ മുങ്ങി. വ്യാഴാഴ്‌ച ഉച്ചയോടെ കാറ്റ്‌ ലങ്കൻതീരം വിട്ടു.

അഞ്ച്‌ ജില്ലകളിൽ കെഎസ്ആർടിസി അവശ്യ സർവ്വീസുകൾ മാത്രം
തിരുവനന്തപുരം > തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിൽ സർക്കാർ പ്രഖ്യാപിച്ച പൊതു അവധി കെ.എസ്.ആർ.ടി.സി യ്ക്കും ബാധകമായിരിക്കും എന്ന് ചെയർമാൻ ആൻഡ്  മാനേജിങ്ങ് ഡയറക്ടർ ബിജു പ്രഭാകർ ഐഎഎസ്  അറിയിച്ചു.

ദുരന്തനിവാരണ പ്രവർത്തനക്കൾക്കും അവശ്യ സർവ്വീസ് നടത്തിപ്പിനുമായി മാത്രമാകും സർവ്വീസ് നടത്തുക. അതിനായി  വാഹനങ്ങളും ഡ്രൈവർമാരും സജ്ജമാക്കി നിർത്താൻ യൂണിറ്റ് ഓഫീസർമാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

സർവ സജ്ജമാകാൻ ആരോഗ്യവകുപ്പ്‌ നിർദേശം
ചുഴലിക്കാറ്റ്‌ മുന്നറിയിപ്പിന്റെ സാഹചര്യത്തിൽ ആരോഗ്യവകുപ്പ്‌ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ആശുപത്രികളിൽ മതിയായ ചികിത്സാ സൗകര്യവും മരുന്നും ലഭ്യമാക്കാനാണ്‌ ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കും‌ നൽകിയ നിർദേശത്തിലുള്ളത്‌. കൂടാതെ, തത്സമയം റൂട്ട് നിശ്ചയിക്കാൻ ജിവികെ ഇഎംആർഐയുടെ കൺട്രോൾ റൂമിൽ പ്രത്യേക സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്‌.

പ്രധാന നിർദേശങ്ങൾ
●എല്ലാ ആശുപത്രികളും മെഡിക്കൽ കോളേജുകളും മുന്നൊരുക്കം നടത്തണം. എന്തും നേരിടാൻ സംവിധാനം ഒരുക്കണം.
●അത്യാവശ്യ മരുന്നുകളും എമർജൻസി മെഡിക്കൽ കിറ്റും ഉറപ്പാക്കണം.
●പ്രധാന വിഭാഗം ഡോക്ടർമാരെല്ലാം ഓൺകോൾ ഡ്യൂട്ടിയിൽ ഉണ്ടാകണം.
●ജാഗ്രതാ നിർദേശമുള്ളയിടത്തെ താഴെത്തട്ടിലെ എല്ലാ ആശുപത്രികളും സജ്ജമായിരിക്കണം.
●ദ്രുതപ്രതികരണസേന പ്രവർത്തിക്കണം.
●തീരമേഖലകളിൽ ആവശ്യമായ ജീവനക്കാർ ഉൾപ്പെടെയുള്ള സജ്ജീകരണം ഒരുക്കണം.
●ക്യാമ്പുകളിലും മതിയായ ചികിത്സ ഉറപ്പുവരുത്തണം.
●വയോജനങ്ങളുടെ സുരക്ഷയ്ക്ക് പ്രത്യേക പ്രാധാന്യംവേണം.
●കനിവ് 108 ആംബുലൻസുകളുടെ സേവനം ഉറപ്പാക്കണം.
●കോവിഡ് ബാധിതരെ പ്രത്യേകം ആശുപത്രിയിലേക്ക് മാറ്റണം.

തിരുവനന്തപുരം വിമാനത്താവളം അടയ്ക്കും
ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവർത്തനം വെള്ളിയാഴ്‌ച രാവിലെ 10 മുതൽ വൈകിട്ട് ആറുവരെ നിർത്തിവയ്ക്കുമെന്ന് എയർപോർട്ട് അധികൃതർ അറിയിച്ചു.
വെള്ളിയാഴ്‌ ഉച്ചയോടെ തിരുവനന്തപുരത്ത് കാറ്റ്‌ വീശാൻ സാധ്യതയുള്ളതിനാലാണ് ഇത്‌. വിമാനത്താവള പ്രവർത്തനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ്‌ നടപടി.

സേന സജ്ജം
ബുറേവി ചുഴലിക്കാറ്റിന്റെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ കര, വ്യോമ, തീരസംരക്ഷണ സേനകൾ സജ്ജം. വിവിധ സൈനിക ഉദ്യോഗസ്ഥരുമായി സംസ്ഥാന സർക്കാർ ചർച്ച നടത്തി. പാങ്ങോട് കരസേനാ ആസ്ഥാനത്തുനിന്ന്‌ 25 അംഗ സംഘത്തെ വിന്യസിച്ചു. കോയമ്പത്തൂർ സുലുർ വ്യോമസേനാകേന്ദ്രത്തിൽ എംഐ -17, സാരംഗ് ഹെലികോപ്‌റ്ററുകളും എഎൻ -32 വിമാനവും നിലയുറപ്പിച്ചു. വിഴിഞ്ഞം തീരസംരക്ഷണകേന്ദ്രം രണ്ട് കപ്പലും രണ്ട് ബോട്ടും വിന്യസിച്ചു. ആക്കുളം വ്യോമസേനാ ആസ്ഥാനവും ശംഖുംമുഖം വ്യോമസേനാ താവളവും സജ്ജമായി. തീരസംരക്ഷണ സേനയുടെയും നാവിക സേനയുടെയും വിമാനങ്ങൾ തിരുവനന്തപുരത്തും ലക്ഷദ്വീപ് മേഖലയിലും നിരീക്ഷണപ്പറക്കൽ നടത്തി.

7 ജില്ലയിൽ ഇന്ന്‌ ഓറഞ്ച്‌ അലർട്ട്‌
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി ജില്ലകളിൽ വെള്ളിയാഴ്‌ച ഓറഞ്ച്‌ അലർട്ട്‌ (അതിശക്തമായ മഴ). വെള്ളിയാഴ്‌ച തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലും ശനിയാഴ്‌ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോട്ടയം, എറണാകുളം ജില്ലകളിലും ഞായറാഴ്‌ച പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിലും മഞ്ഞ അലർട്ടും (ശക്തമായ മഴ) ആണ്‌.

2891 ക്യാമ്പ്‌ തുറന്നു
സംസ്ഥാനത്താകെ 2891 ദുരിതാശ്വാസ ക്യാമ്പ്‌ സജ്ജമാക്കി അപകട സാധ്യതയുള്ള സ്ഥലങ്ങളിൽ താമസിക്കുന്നവരെ മാറ്റിത്തുടങ്ങി.  തിരുവനന്തപുരത്ത്‌ 217 ക്യാമ്പിലായി 15,840 പേരെ മാറ്റി. കോട്ടയത്ത്‌ 163 ക്യാമ്പ്‌ തുറന്നു. ഇടുക്കിയിൽ അടിയന്തര സാഹചര്യമുണ്ടായാൽ ആളുകളെ മാറ്റിപ്പാർപ്പിക്കാൻ നടപടി സ്വീകരിച്ചു.

അപകട സാധ്യതാ പ്രദേശങ്ങൾ എൻഡിആർഎഫ് സംഘം സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. കൊല്ലം മൺട്രോ തുരുത്തിലും കരുനാഗപ്പള്ളി, പരവൂർ തീരമേഖലകളും സന്ദർശിച്ചു. തെന്മല ഡാമിന്റെ ഷട്ടർ 30 സെന്റീമീറ്റർ ഉയർത്തി. കൊല്ലത്തുനിന്ന് മീൻപിടിക്കാൻപോയ എല്ലാ ബോട്ടും തിരികെയെത്തിയെന്ന്‌ ഉറപ്പാക്കി.

ആലപ്പുഴയിൽ 17 അംഗ എൻഡിആർഎഫ് സംഘം അമ്പലപ്പുഴ താലൂക്കിലെ വണ്ടാനംമുതൽ പുറക്കാട് അയ്യൻകോയിക്കൽ കടപ്പുറംവരെ സന്ദർശിച്ചു. ഇടുക്കിയിൽ 20 അംഗം വീതമുള്ള രണ്ട്‌ സംഘം പൈനാവിലും മൂന്നാറിലും ക്യാമ്പ് ചെയ്യുന്നു. എറണാകുളത്ത് 19 അംഗ സംഘവും പത്തനംതിട്ടയിൽ 16 അംഗ സംഘവുമെത്തി.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top