14 December Saturday

ബിഎസ്‌എൻഎൽ: 78,917 പേർ വിആർഎസിന്‌

സ്വന്തം ലേഖകൻUpdated: Monday Nov 18, 2019

തിരുവനന്തപുരം > കേന്ദ്ര സർക്കാർ പ്രതിസന്ധിയിലാക്കിയ ബിഎസ്എൻഎല്ലിൽ സ്വയംവിരമിക്കലിന്‌ അപേക്ഷ സമർപ്പിച്ചത്‌ 78,917 പേർ. യോഗ്യരായ 1,04,471 ജീവനക്കാരുടെ 75 ശതമാനത്തിലേറെ വരുമിത്‌. ഗ്രൂപ്പ്‌ എ വിഭാഗത്തിൽനിന്ന്‌ 4131 ജീവനക്കാരാണ്‌ വിരമിക്കലിന്‌ അപേക്ഷിച്ചത്‌.

ഗ്രൂപ്പ്‌ ബി –- 8819, സി–- 55707, ഡി–- 9919, ഐ/ഡബ്ല്യൂ -–- 341 എന്നിങ്ങനെയാണ്‌ മറ്റുള്ള അപേക്ഷകരുടെ എണ്ണം. മഹാരാഷ്ട്രയിലാണ്‌ ഏറ്റവുമധികം വിആർഎസ്‌ അപേക്ഷകരുള്ളത്‌.- 8601 പേർ. കേരളത്തിൽ 4464 പേർ അപേക്ഷിച്ചു. നവംബർ ആറുമുതലാണ്‌ ഓൺലൈനായി വിആർഎസിന് അപേക്ഷ തുടങ്ങിയത്‌. ഡിസംബർ മൂന്നുവരെ അപേക്ഷിക്കാം. ജനുവരി 31ന്‌ വിആർഎസ് പ്രാബല്യത്തിൽ വരും.

നേട്ടം കേന്ദ്രത്തിന്‌;  ജീവനക്കാർക്ക്‌ നഷ്ടം

ബിഎസ്‌എൻഎല്ലിന്റെ പുനരുദ്ധാരണത്തിനായി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച സ്വയംവിരമിക്കൽ സ്വീകരിക്കുന്നതിലൂടെ ജീവനക്കാർക്ക്‌ നഷ്ടംമാത്രം. പിരിഞ്ഞുപോകുന്ന ജീവനക്കാർക്ക്‌ ശമ്പള–-പെൻഷൻ പരിഷ്‌കരണത്തിന്‌ അർഹത ലഭിക്കില്ല. വിരമിക്കലിനുശേഷം ജീവനക്കാരന്‌ ഒരു അനൂകുല്യവുമില്ല. ജീവനക്കാർ യഥാർഥ വിരമിക്കൽ തീയതിക്കുമുമ്പ്‌ മരിച്ചാൽ കുടുംബത്തിനോ അവകാശിക്കോ കമ്യൂട്ടേഷൻ ലഭിക്കില്ല. ഇതുകൂടാതെ ലഭിക്കുന്ന തുകയിൽ അഞ്ചുലക്ഷം രൂപയ്‌ക്കു മുകളിൽ ആദായനികുതിയും നൽകണം.

യൂണിയനുകൾ നിരാഹാരസമരത്തിന്‌

വിആർഎസ്‌ എടുക്കുന്നവർക്ക്‌ പെൻഷനും ശമ്പളപരിഷ്‌കരണവും ഉറപ്പാക്കുക, 4 ജി സ്‌പെക്‌ട്രം ഉടൻ അനുവദിക്കുക, ഒക്‌ടോബർ മാസത്തിലെ ശമ്പളം വിതരണം ചെയ്യുക, കരാർ തൊഴിലാളികൾക്ക്‌ ശമ്പളം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച്‌ ബിഎസ്‌എൻഎല്ലിലെ മുഴുവൻ യൂണിയയനുകളും സംയുക്തമായി മൂന്നുദിവസം നിരാഹാരസമരം നടത്തും. ബുധനാഴ്‌ചമുതൽ ബിഎസ്‌എൻഎല്ലിന്റെ എല്ലാ കേന്ദ്രത്തിലും നിരാഹാരസമരം സംഘടിപ്പിക്കുമെന്ന്‌ ഓൾ യൂണിയൻസ്‌ ആൻഡ്‌ അസോസിയേഷൻ ഓഫ്‌ ബിഎസ്‌എൻഎൽ പ്രസ്‌താവനയിൽ അറിയിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top