17 October Thursday

ബിഎസ‌്എൻഎല്ലിനെ സംരക്ഷിക്കണം: സിഐടിയു

വെബ് ഡെസ്‌ക്‌Updated: Sunday Jun 30, 2019

ന്യൂഡൽഹി
പൊതുമേഖലാ സ്ഥാപനമായ ബിഎസ‌്എൻഎല്ലിനെയും ജീവനക്കാരെയും സംരക്ഷിക്കാൻ സാമ്പത്തികസഹായം അടക്കം അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട‌് സിഐടിയു ജനറൽ സെക്രട്ടറി തപൻ സെൻ വിവരവിനിമയ മന്ത്രി രവിശങ്കർ പ്രസാദിന‌് നിവേദനം നൽകി. ബിഎസ‌്എൻഎൽ ശക്തമായി നിലനിൽക്കേണ്ടത‌് രാജ്യത്തിന്റെ ആവശ്യമാണെന്ന‌് മന്ത്രിയായി ചുമതലയേറ്റശേഷം രവിശങ്കർപ്രസാദ‌് പറഞ്ഞിരുന്നു.

എന്നാൽ, ജീവനക്കാർക്ക‌് ശമ്പളം നൽകാൻ കഴിയുന്നില്ലെന്നും നിലവിൽ നടത്തിവരുന്ന പ്രവർത്തനങ്ങൾ തുടരുക അസാധ്യമാണെന്നും കാണിച്ച‌് ബിഎസ‌്എൻഎൽ മാനേജ‌്മെന്റ‌് ടെലികോം സെക്രട്ടറിക്ക‌് കത്ത‌് നൽകി. റിലയൻസ‌് ജിയോയുടെ രംഗപ്രവേശത്തോടെ ഉണ്ടായ കഴുത്തറുപ്പൻ മത്സരമാണ‌് ടെലികോം രംഗത്തെ മറ്റെല്ലാ സ്ഥാപനങ്ങളെയും തളർത്തിയത‌്. ബിഎസ‌്എൻഎല്ലിന്റെ വരുമാനം ഉയർന്നുവരികയായിരുന്നു. 2017നുശേഷം സ്ഥിതി മാറി.
ബിഎസ‌്എൻഎല്ലിനു 4ജി സേവനം നൽകാൻ ഇതുവരെ സ‌്പെക്ട്രം  ലഭിച്ചിട്ടില്ല. സ്വകാര്യകമ്പനികൾ 4ജിയിലേക്ക‌് മാറിക്കഴിഞ്ഞു. കരാർ ജീവനക്കാരെ പിരിച്ചുവിടാൻ സർക്കിൾ അധികൃതർക്ക‌് നിർദേശം നൽകിയതായി റിപ്പോർട്ടുണ്ട‌്. 18 വർഷമായി പണിയെടുക്കുന്ന കരാർജീവനക്കാരാണ‌് ബിഎസ‌്എൻഎല്ലിന്റെ സേവനം വിദൂരഗ്രാമങ്ങളിൽ പോലും എത്തിക്കുന്നത‌്. ഇവരെ പിരിച്ചുവിട്ട‌് പരിഹരിക്കാൻ കഴിയുന്നതല്ല സാമ്പത്തികപ്രതിസന്ധി.

വിആർഎസ‌് നടപ്പാക്കാനും പെൻഷൻപ്രായം 58 ആയി താഴ‌്ത്താനും നീക്കമുള്ളതായും റിപ്പോർട്ടുണ്ട‌്. അഞ്ച‌് വർഷത്തിനുള്ളിൽ ബിഎസ‌്എൻഎല്ലിൽനിന്ന‌് 80,000 പേർ വിരമിക്കുന്ന സാഹചര്യത്തിൽ തിരക്കിട്ട‌് വിആർഎസ‌് നടപ്പാക്കുന്നതിന്റെ യുക്തി മനസ്സിലാകുന്നില്ല. രണ്ടായിരത്തിൽ ബിഎസ‌്എൻഎൽ രൂപീകരിച്ചപ്പോൾ ടെലികോം വകുപ്പിൽനിന്ന‌് വന്നവരാണ‌് ബിഎസ‌്എൻഎൽ ജീവനക്കാരിൽ ഏറിയപങ്കും. അതിനാൽ വിരമിക്കൽ സംബന്ധിച്ച കേന്ദ്രസർക്കാർ ചട്ടങ്ങൾ ബിഎസ‌്എൻഎൽ ജീവനക്കാർക്കും ബാധകമാക്കണമെന്ന‌് നിവേദനത്തിൽ ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top