16 June Sunday

ബിഎസ‌്എൻഎൽ പൂട്ടണമെന്ന‌് സർക്കാർ; പുനരുദ്ധരിക്കുമെന്ന‌് ടെലികോം വകുപ്പ‌്

മഞ്ജു കുട്ടിക്കൃഷ്‌ണൻUpdated: Saturday Feb 16, 2019

കൊച്ചി  
നഷ്ടത്തിലായതിനാൽ അടച്ചുപൂട്ടണമെന്ന‌്  കേന്ദ്രസർക്കാർ നിർദേശിക്കുമ്പോൾ  പുനരുദ്ധരിച്ച‌് ബിഎസ‌്എൻഎലിനെ പൊതുമേഖലയിൽ നിലനിർത്തുമെന്ന‌് ടെലികോം വകുപ്പ‌്. ടെലികോം മേഖലയിൽ നിലനിൽക്കുന്ന ചങ്ങാത്തമുതലാളിത്തവും അതിന‌് അനുകൂലമായ സർക്കാർ നയങ്ങളും തിരുത്താതെ ബിഎസ‌്എൻഎലിനെ പൊതുമേഖലയിൽ സംരക്ഷിക്കാനാവില്ലെന്ന‌് ജീവനക്കാരുടെയും ഓഫീസർമാരുടെയും സംഘടനകൾ. മുകേഷ‌് അംബാനിയുടെ റിലയൻസ് ജിയോ ഉൾപ്പെടെയുള്ള സ്വകാര്യ സംരംഭങ്ങൾക്ക് വഴി എളുപ്പമാക്കിക്കൊടുക്കുന്നതിനായാണ‌് അടച്ചുപൂട്ടൽ നീക്കമെന്നും  തൊഴിലാളി യൂണിയനുകൾ ആരോപിക്കുന്നു. വൻ നഷ്ടത്തിലായതിനാൽ അടച്ചുപൂട്ടൽ സാധ്യത തേടണമെന്ന‌് ടെലികോം സെക്രട്ടറി അരുണ സുന്ദർരാജ‌് ബിഎസ്എൻഎൽ ഉന്നതാധികൃതരുമായി നടത്തിയ യോഗത്തിൽ അറിയിച്ചിരുന്നതായി കഴിഞ്ഞദിവസം വാർത്ത വന്നിരുന്നു. എന്നാൽ, ഇത‌് ശരിയല്ലെന്നും  ബിഎസ‌്എൻഎലിനുവേണ്ടി ടെലികോം വകുപ്പ‌് മുന്നോട്ടുവച്ച പുനരുദ്ധാരണ പാക്കേജ‌് ഡിജിറ്റൽ കമ്യൂണിക്കേഷൻ കമീഷൻ ഉടൻ പരിഗണിക്കുമെന്നുമാണ‌് വകുപ്പിന്റെ ഔദ്യോഗിക വാർത്താക്കുറിപ്പ‌്. ടെലികോം മേഖലയിൽ നിർണായക തീരുമാനങ്ങൾ കൈക്കൊള്ളുന്ന സമിതിയാണ‌് ഡിജിറ്റൽ കമ്യൂണിക്കേഷൻ കമീഷൻ.

2016 സെപതംബറിൽ മുകേഷ‌് അംബാനിയുടെ റിലയൻസ‌് ജിയോയുടെ വരവോടെ  വൊഡാഫോൺ, ഐഡിയ, എയർടെൽ, ടെലിനോർ, റിലയൻസ‌് ഇൻഫോകോം, ടാറ്റാ ടെലിസർവീസസ‌് തുടങ്ങിയവരൊക്കെ വൻ നഷ്ടത്തിലേക്ക‌് കൂപ്പുകുത്തിയിരുന്നു. അൽപ്പമെങ്കിലും ആ മത്സരത്തിൽ പിടിച്ചുനിൽക്കാനായത‌് ബിഎസ‌്എൻഎലിന‌ു മാത്രമാണ‌്. ജിയോയുടെ വരവിനുശേഷം ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ‌് ഇന്ത്യ സ്വീകരിച്ച ജിയോ അനുകൂല നടപടികൾ ഈ രംഗത്ത‌് എല്ലാ മര്യാദകളും ലംഘിക്കുന്നതായിരുന്നുവെന്ന‌് തൊഴിലാളി സംഘടനകൾ പറയുന്നു. വിപണിയാകെ വിഴുങ്ങാൻ മത്സരരംഗത്തെ എല്ലാ മാനദണ്ഡങ്ങളും ലംഘിച്ച‌് ജിയോയ‌്ക്ക‌് സൗജന്യ വാഗ‌്ദാനങ്ങളുടെ സമയപരിധി നീട്ടിക്കൊടുത്തതും ‘പ്രിഡേറ്ററി പ്രൈസിങ‌്’ ജിയോയ‌്ക്ക‌് അനുകൂലമാക്കിമാറ്റിയതും ഇന്റർ കണക്ടർ യൂസേജ‌് നിരക്ക‌് 57ശതമാനമാക്കി കുറച്ചതുമെല്ലാം ജിയോയെ മാത്രം സഹായിക്കാനാണെന്ന‌് ആരോപണമുണ്ടായിരുന്നു. ഐയുസി നിരക്ക‌് ട്രായ‌് കുറച്ചതുകൊണ്ടുമാത്രം ജിയോയ‌്ക്ക‌് 2017ലെ അവസാന അർധവാർഷിക പാദത്തിൽ 504 കോടി രൂപയുടെ അറ്റാദായം നേടാനായി. വാഗ‌്ദ‌ാനങ്ങളുടെ സമയപരിധി നീട്ടിയ  ജിയോയുടെ ചട്ടലംഘനത്തിനെതിരെ ട്രായ‌്ക്ക‌് കത്തെഴുതിയ ടെലികോം സെക്രട്ടറി ജെ എസ‌് ദീപക്കിന‌് വകുപ്പിൽനിന്ന‌് പുറത്തുപോകേണ്ടിവന്നു.

ഇതിനിടയിലും ഗ്ലോബൽ ടെലിഫോണി സാറ്റലൈറ്റ‌്, വയർലെസ‌് നെറ്റ‌്‌വർക്ക‌് ബിസിനസ‌് രംഗത്ത‌് വലിയ കുതിച്ചുകയറ്റമാണ‌് ബിഎസ‌്എൻഎൽ നടത്തുന്നതെന്ന‌് അധികൃതർ ചുണ്ടിക്കാട്ടുന്നു. വിദൂര ഗ്രാമീണമേഖലകളിൽ വലിയ പശ്ചാത്തല സൗകര്യങ്ങളും വ്യാപനവുമുള്ള ഏക ടെലികോം കമ്പനി ഇന്നും ബിഎസ‌്എൻഎൽ തന്നെയാണ‌്. അത‌് അപ്പാടെ സ്വകാര്യ കമ്പനികൾക്ക‌് തീറെഴുതാനുള്ള നീക്കമാണ‌് നടക്കുന്നതെന്നും അതിനനുവദിക്കില്ലെന്നുമാണ‌് തൊഴിലാളി സംഘടനകൾ പറയുന്നത‌്. 

ബിഎസ‌്എൻഎലിൽ ജീവനക്കാരുടെ എണ്ണവും പ്രായക്കൂടുതലും  വലിയ വെല്ലുവിളിയാണെന്നാണ് സർക്കാർ നിലപാട്. ജീവനക്കാരുടെ എണ്ണം കുറയ്ക്കാൻ സ്വയം വിരമിക്കലോ വിരമിക്കൽപ്രായം 58 ആക്കലോ വേണ്ടിവരും. 2019–--20ൽ വിരമിക്കൽപ്രായം കുറച്ചാൽ 30,000 കോടി രൂപ ലാഭിക്കാമെന്നാണ് വാദം. 56--60 പ്രായമുള്ള  67,000 ജീവനക്കാരുണ്ട‌്. അതിൽ പകുതി പേരെയെങ്കിലും ഒഴിവാക്കിയാൽ 3,000 കോടി രൂപ ശമ്പളത്തിൽ ലാഭിക്കാമെന്നാണ‌് കണക്കുകൂട്ടൽ. സ്ഥാപനത്തിന്റെ കൈവശമുള്ള സ്ഥലവും കെട്ടിടങ്ങളും വിറ്റാൽ 15,000 കോടി രൂപയെങ്കിലും കിട്ടും. ഇത് രണ്ടോ മൂന്നോ വർഷം കൊണ്ട് യാഥാർഥ്യമാക്കണമെന്നാണ‌് സർക്കാർ നിർദേശം. 2017-–-18 വർഷം 31,287 കോടി രൂപയാണ് ബിഎസ്എൻഎലിന്റെ നഷ്ടം. അപ്പോഴും രണ്ടുവർഷത്തിലധികമായി ബിഎസ്എൻഎൽ 4ജിയിലേക്ക് മാറുന്ന നടപടിക്രമം സർക്കാരിന്റെ പിടിവാശിമൂലം പൂർത്തീകരിക്കാനായിട്ടില്ല.


പ്രധാന വാർത്തകൾ
 Top