06 December Friday

ബിഎസ്‌എൻഎൽ ജീവനക്കാർക്ക്‌ രണ്ടാംമാസവും ശമ്പളമില്ല ; വിആർഎസിന്‌ 78,929 പേർ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 4, 2019


സ്വന്തം ലേഖകൻ
ബിഎസ്‌എൻഎൽ ജീവനക്കാർക്ക്‌ തുടർച്ചയായി രണ്ടാംമാസവും ശമ്പളമില്ല. ഒക്ടോബർ, നവംബർ മാസങ്ങളിലെ ശമ്പളമാണ്‌ മുടങ്ങിയത്‌. മാസത്തെ അവസാന പ്രവൃത്തിദിനത്തിലാണ്‌ ശമ്പളം നൽകാറ്‌. ഫണ്ടില്ലെന്ന്‌ പറഞ്ഞാണ്‌  വേതന നിഷേധം. കേന്ദ്രസർക്കാർ  അയ്യായിരം കോടി രൂപ ബിഎസ്‌എൻഎല്ലിന്‌ നൽകാനുണ്ട്‌. ആശങ്ക സൃഷ്ടിച്ച്‌ കൂടുതൽ ജീവനക്കാരെ വിആർഎസിലേക്ക്‌ ആകർഷിക്കാനുള്ള നീക്കമാണ്‌ പിന്നിലെന്ന്‌ ആരോപണമുയർന്നു. സംസ്ഥാനത്ത്‌ ആഗസ്‌തിലെ ശമ്പളവും വൈകിയിരുന്നു. പ്രതിഷേധത്തെ തുടർന്ന്‌ സെപ്തംബർ 17 ന്‌ നൽകി.  കരാർ ജീവനക്കാർക്ക്‌ പത്തുമാസമായി ശമ്പളമില്ല.  ബിഎസ്‌എൻഎൽ 14,000 കോടി നഷ്ടത്തിലാണെന്നാണ്‌ കേന്ദ്രസർക്കാരിന്റെ കണക്ക്‌. പുനരുദ്ധാരണ പാക്കേജ്‌ പ്രഖ്യാപിച്ചതിനിടയിലാണ്‌ ശമ്പളം മുടങ്ങുന്നത്‌. ശമ്പളം ഉടൻ വിതരണംചെയ്യണമെന്ന്‌ ബിഎസ്‌എൻഎൽ ഇയു സംസ്ഥാന സെക്രട്ടറി സി സന്തോഷ്‌കുമാർ ആവശ്യപ്പെട്ടു.

വിആർഎസിന്‌ 78,929 പേർ
ബിഎസ്എൻഎൽ സ്വയം വിരമിക്കൽ പദ്ധതിക്ക്‌(വിആർഎസ്‌) ഒരുമാസത്തിനകം അപേക്ഷിച്ചത്‌ 78,569 ജീവനക്കാർ. ചൊവ്വാഴ്‌ച വൈകിട്ട്‌ 5.30വരെയാണ്‌ വിആർഎസിന് അപേക്ഷിക്കാൻ സമയം നൽകിയിരുന്നത്‌. നവംബർ നാലിന്‌ ആരംഭിച്ച പദ്ധതിയിൽ  75.6 ശതമാനം ജീവനക്കാർ അപേക്ഷിച്ചു. കേരളത്തിലാകെയുള്ള 9545 ജീവനക്കാരിൽ 6671 പേർ വിആർഎസ്‌ പരിധിയിലുള്ളവരാണ്‌. ഇതിൽ 4596 പേരാണ്‌ അപേക്ഷ നൽകിയത്‌. ജനുവരി 31ന്‌ വിആർഎസ് പ്രാബല്യത്തിൽ വരും.

വലിയ പ്രതിസന്ധി
ഇതോടെ മുപ്പതിനായിരത്തോളം എക്‌സ്‌ചേഞ്ചുകളിലും ഓഫീസുകളിലും ജീവനക്കാരില്ലാതാകും. കേരളത്തിലെ പതിനായിരക്കണക്കിന് ബ്രോഡ് ബാൻഡ് ഉൾപ്പെടെ ലാൻഡ് ലൈനുകളുടെ പ്രവർത്തനം അവതാളത്തിലാകും. 4ജി സേവനം എപ്പോൾ ലഭ്യമാക്കുമെന്നതിനെക്കുറിച്ച്‌ ഒരു സൂചനയും കേന്ദ്ര സർക്കാരോ മാനേജ്‍മെന്റോ നൽകിയിട്ടില്ല. ബിഎസ്‌എൻഎല്ലും നിരക്ക്‌ വർധിപ്പിക്കുമെന്നാണ്‌ സൂചന. ഇതോടെ കൂടുതൽ ഉപയോക്താക്കൾ ബിഎസ്‌എൻഎല്ലിനെ കൈയൊഴിയും.


പ്രധാന വാർത്തകൾ
 Top