19 November Tuesday

സൈറ്റ് നോക്കിയാല്‍ വിആർഎസ്‌ ; കെണിയൊരുക്കി ബിഎസ്‌എൻഎൽ

വേണു കെ ആലത്തൂർUpdated: Sunday Nov 10, 2019


ജീവനക്കാരുടെ സ്വയം വിരമിക്കല്‍ പ്രഖ്യാപിച്ച ബിഎസ്‌എൻഎൽ മാനേജ്‌മെന്റ്‌ ജീവനക്കാരെ ത്രിശങ്കുവിലാക്കി. വിരമിച്ചാല്‍ ലഭിക്കുന്ന ആനുകൂല്യം അറിയാന്‍ ബിഎസ്എന്‍എല്‍ വെബ്‌സൈറ്റ് പരിശോധിക്കുന്നത് കെണിയാകുന്നു.

തുക കണക്കാക്കുന്ന ജീവനക്കാർ എച്ച്‌ആർ നമ്പറും മൊബൈൽ നമ്പറും നൽകിയാൽ ലഭിക്കേണ്ട തുക അറിയാം. ഇങ്ങനെ അന്വേഷിച്ചവരെല്ലാം വിആർഎസിന്‌ സന്നദ്ധരായി എന്നാണ്‌ മാനേജ്‌മെന്റ്‌ വാദം. അപേക്ഷയുടെ മൂന്ന്‌ പകര്‍പ്പ്  ഒപ്പിട്ട്‌ കൺട്രോളിങ്‌ ഓഫീസർക്ക്‌ നൽകിയാലേ  സ്വയം വിരമിക്കൽ അപേക്ഷയായി സ്വീകരിക്കു. ഇങ്ങനെ കൊടുത്തവർ കുറച്ചുപേർ മാത്രം. ഡിസംബർ മൂന്നുവരെ മാത്രമാണ്‌   അപേക്ഷിക്കാന്‍  സമയമെന്നും തുടര്‍ന്ന് പദ്ധതിയുണ്ടാകില്ലെന്നും ചേരാത്തവർ 58 വയസിൽ വിരമിക്കേണ്ടിവരുമെന്നും മാനേജ്മെന്റ്‌ പറയുന്നു. 50 വയസിന്‌ മുകളിലുള്ളവർക്കാണ്‌ വിആർഎസ്‌ പ്രഖ്യാപിച്ചത്‌. 

കൂടുതൽ ജീവനക്കാർ പോയശേഷം പൂർണമായും കരാർവൽക്കരണമാണ്‌ ലക്ഷ്യം. 1986നു ശേഷം പുതിയ നിയമനം നടന്നിട്ടില്ല.  സംസ്ഥാനത്ത്‌  6,700 സ്ഥിരം ജീവനക്കാരാണ് ബിഎസ്എന്‍എല്ലിനുള്ളത്. കരാർ തൊഴിലാളികളായി 7,980 പേരും. കരാർ തൊഴിലാളികൾ അഞ്ചുമാസമായി സമരത്തിലുമാണ്‌. സ്ഥിരം ജീവനക്കാരായ ലൈൻമാന്മാർക്ക്‌ സഹായികള്‍ കരാർ തൊഴിലാളികളാണ്‌. അവർ സമരത്തിലായതിനാൽ ലൈൻ ജോലികളും മുടങ്ങി.  ജീവനക്കാരെ മാനസികമായി  പീഡിപ്പിച്ച്‌ പുറത്താക്കുന്ന നയമാണ്‌ മാനേജ്‌മെന്റിന്റേതെന്ന്‌ ജീവനക്കാർ ആരോപിക്കുന്നു.വരുമാനം 38,000 കോടിയിൽനിന്ന്‌ 18,000 കോടിയായി കുറഞ്ഞെന്നാണ് മാനേജ്മെന്റ്‌ വാദം. എന്നാല്‍ ശമ്പളം നൽകാൻ 9,500 കോടി മാത്രമാണ്‌ ആവശ്യം. പണമുണ്ടായിട്ടും മാനേജ്‌മെന്റ്‌ ശമ്പളം വൈകിപ്പിക്കുകയാണ്‌.

4–-ജി അനുവദിക്കണമെന്നും സർക്കാർ നൽകാനുള്ള കുടിശ്ശിക അനുവദിക്കണമെന്ന  ആവശ്യം സർക്കാർ തള്ളിയത്‌ പ്രതികാരമാണെന്ന്‌ ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ അഖിലേന്ത്യാ ഓർഗനൈസിങ് സെക്രട്ടറി പി ആർ പരമേശ്വരൻ പറഞ്ഞു.

ജീവനക്കാർ കൊഴിഞ്ഞുപോയാൽ  ഓരോ മേഖലയും സ്വകാര്യവൽക്കരിക്കുകയാണ് ലക്ഷ്യം. വിആർഎസ്‌ എടുത്തവരെ പിന്നീട്‌ കരാർ അടിസ്ഥാനത്തിൽ നിയമിക്കുക,  കരാർ അടിസ്ഥാനത്തിൽ കേബിൾ ഓപ്പറേറ്റർമാരെ ഏൽപ്പിക്കുക, ബില്ലിങ്‌, കസ്‌റ്റമർ സർവീസ്‌, കേബിൾ വലിക്കൽ എന്നിവയും കരാർ നൽകുക തുടങ്ങിയവയാണ്‌ ബിഎസ്‌എൻഎൽ ലക്ഷ്യമിടുന്നത്‌. തുടർന്ന്‌ റിലയൻസിനെ മൊത്തമായും ഏൽപ്പിക്കാനുള്ള പദ്ധതിയും തയ്യാറാകുന്നതായി ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ നേതാക്കൾ പറയുന്നു.


പ്രധാന വാർത്തകൾ
 Top