14 December Saturday

തട്ടിയെടുത്ത കപ്പൽ മോചിപ്പിക്കാൻ ശ്രമം തുടങ്ങിയെന്ന‌് അധികൃതർ

വെബ് ഡെസ്‌ക്‌Updated: Monday Jul 22, 2019

ഇറാൻ പിടിച്ചെടുത്ത ബ്രിട്ടീഷ്‌ കപ്പലിലെ ജീവനക്കരനായ ഡിജോയുടെ വീട്ടിൽ സി എൻ മോഹനനും പി രാജീവും സന്ദർശിച്ചപ്പോൾ

കളമശ്ശേരി > ഇറാനിയൻ സംഘം തട്ടിയെടുത്ത കപ്പൽ മോചിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും ആരംഭിച്ചതായി  കപ്പൽ അധികൃതർ അറിയിച്ചുവെന്ന‌് കപ്പലിൽ അകപ്പെട്ട കളമശ്ശേരി സ്വദേശി ഡിജോയുടെ ബന്ധുക്കൾ. മുഴുവൻ സമയ വൈഫൈ ഉൾപ്പെടെ എല്ലാ സൗകര്യവുമുള്ള കപ്പലിൽനിന്ന് ദിവസേന ഡിജോ വിളിച്ചിരുന്നതായി അമ്മ ഡീന പറഞ്ഞു. വെള്ളിയാഴ്ച രാത്രിയാണ് ഡിജോ അവസാനമായി വിളിച്ചത്. ശനിയാഴ്ച പുലർച്ചെ കപ്പൽ കമ്പനിയിൽനിന്ന് പാപ്പച്ചനെ വിളിച്ച് കപ്പൽ ഇറാന്റെ കസ‌്റ്റഡിയിലാണെന്ന‌് അറിയിക്കുകയായിരുന്നു. ലണ്ടനിൽ ജോലി ചെയ്യുന്ന മകൾ ദീപയെക്കൊണ്ട് കമ്പനിയിലേക്ക‌് വിളിപ്പിച്ച‌് ഇക്കാര്യം സ്ഥിരീകരിച്ചു. ഇവരുടെ മോചനത്തിന‌് ശ്രമം ആരംഭിച്ചതായും ഭയപ്പെടേണ്ടതില്ലെന്നും കമ്പനി പിന്നീട‌് ദീപയെ അറിയിച്ചു. കമ്പനി പ്രതിനിധി ദീപയെ ഇടവിട്ട് വിളിക്കുന്നുണ്ടെന്നും വീട്ടുകാർ പറഞ്ഞു. കമ്പനി പ്രതിനിധി വിമാനത്താവളത്തിൽനിന്ന‌് കളമശേരിയിലെ വീട്ടിലേക്കുള്ള ദൂരവും മറ്റുവിവരങ്ങളും തിരക്കിയിട്ടുണ്ട‌്. മുംബൈയിൽനിന്ന‌് കമ്പനി പ്രതിനിധികൾ വീട്ടിലെത്തി കൂടുതൽ വിവരങ്ങൾ അറിയിക്കുമെന്നാണ‌് പ്രതീക്ഷ.

അവധി റദ്ദാക്കി തിരിച്ചുവിളിച്ചു

മേയ് അവസാനം ഒന്നരമാസത്തെ അവധിക്ക് വന്ന ഡിജൊയെ അവധി തീരുംമുമ്പ‌് മുബൈയിലെ ഓഫീസിൽനിന്ന‌് തിരിച്ചുവിളിക്കുകയായിരുന്നു. അവധി റദ്ദാക്കി ജൂൺ 12ന‌് മുബൈയിലേക്കും തുടർന്ന് കപ്പൽ ചരക്കിറക്കുകയായിരുന്ന ഗുജറാത്തിലേക്കും പോയി. 18ന് ഗുജറാത്തിലെ തുറമുഖത്തുനിന്ന് പുറംകടലിൽ നങ്കൂരമിട്ട കപ്പലിൽ കയറി ഏതാനും ദിവസങ്ങൾക്കുശേഷം ദുബായിലെ ഫുജൈറാ തുറമുഖത്ത് എത്തി. അവിടെനിന്ന് ചരക്കെടുക്കാൻ സൗദി തുറമുഖത്തേക്ക് പോകുമ്പോഴാണ് ശനിയാഴ്ച വെളുപ്പിന് ഇറാന്റെ പിടിയിലായത്. രണ്ടു ദിവസമായി വീട്ടുകാർക്ക് ഡിജോയെകുറിച്ച് ഒരു വിവരവുമില്ല.

ബിഎസ്‌സി ഹോട്ടൽ മാനേജ്മെന്റ് പൂർത്തിയാക്കിയശേഷം ഒരുവർഷം മുമ്പാണ് ഡിജോ കപ്പൽ ജോലിക്ക് ചേർന്നത്. അച്ഛൻ തേക്കനാത്ത് പാപ്പച്ചൻ കേരള സ്റ്റേറ്റ് ടാങ്കർ ലോറി വർക്കേഴ്സ് യൂണിയൻ (സിഐടിയു) ഓഫീസ് ചുമതലക്കാരനാണ്. അമ്മ: ഡീന. സഹോദരിമാർ ദീപ (ലണ്ടൻ), ഡിൻസി (വിദ്യാർഥിനി).

കുടുംബത്തെ ആശ്വസിപ്പിക്കാൻ നേതാക്കൾ

ഇറാൻ പിടിച്ചെടുത്ത കപ്പലിൽ ഡിജോയുമുണ്ടെന്നറിഞ്ഞ‌് പ്രദേശത്തെ സിപിഐ എം പ്രവർത്തകർ പാപ്പച്ചന്റെ വീട്ടിലെത്തുകയും സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവിനെ അറിയിക്കുകയും ചെയ്തു. രാജീവ് രാവിലെ എട്ടരയോടെ ഫോണിൽ കുടുംബവുമായി സംസാരിച്ചു. തുടർന്ന് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട് അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടു. തുടർന്ന് പി രാജീവ്,  ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, ഏരിയ സെക്രട്ടറി വി എ സക്കീർ ഹുസൈൻ, പി വി ഷാജി, കെ എസ് സലിം തുടങ്ങിയവർ വീട്ടിലെത്തി കുടുംബത്തെ ആശ്വസിപ്പിച്ചു. 

 


പ്രധാന വാർത്തകൾ
 Top