25 April Thursday

പമ്പയില്‍ പാലത്തിന്റെ നിര്‍മ്മാണം സൈന്യം ഏറ്റെടുക്കും

വെബ് ഡെസ്‌ക്‌Updated: Friday Aug 24, 2018

പത്തനംതിട്ട > പമ്പ ത്രിവേണിയില്‍ താല്‍ക്കാലികപാലത്തിന്റെ നിര്‍മ്മാണം സൈന്യം ഏറ്റെടുക്കും.  പമ്പയില്‍ ഇതിനായി സൈന്യവും പോലീസും ദേവസ്വം ഉദ്യോഗസ്ഥരും പരിശോധന നടത്തി.അടിസ്ഥാന സൗകര്യങ്ങള്‍ നല്‍കിയാല്‍ പാലം  പണി ഉടന്‍ പൂര്‍ത്തിയാക്കാമെന്ന് സൈന്യം അറിയിച്ചു. എല്ലാ സൗകര്യങ്ങളും ചെയ്ത് തരാമെന്ന് ദേവസ്വം ബോര്‍ഡും അറിയിച്ചു.

പമ്പ തീരത്ത് ദേവസ്വം ബോര്‍ഡ് മുന്‍കൈ എടുത്ത് വലിയ കെട്ടിടം നിര്‍മ്മിക്കില്ല. നിലയ്ക്കലിനെ ബേസ് സ്റ്റേഷനായി നിര്‍ത്തും. പമ്പ ത്രിവേണിയിലേക്ക് തീര്‍ത്ഥാടകരെ കെഎസ്ആര്‍ടിസി ബസില്‍ മാത്രമേ കൊണ്ടുവരികയുള്ളുവെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. നൂറ് കോടിയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം ബോര്‍ഡിന്റെ പ്രാഥമിക നിഗമനം.

 അടുത്ത തീര്‍ത്ഥാടനകാലം ആകുമ്പോഴേക്കും പമ്പാ ത്രിവേണിയെ പഴയ സ്ഥിതിഗതിയിലേക്ക് എത്തിക്കാമെന്നാണ് ദേവസ്വം ബോര്‍ഡ് കരുതുന്നത്. പ്രളയത്തില്‍ തകര്‍ന്ന രണ്ട് പാലങ്ങളുടെ പുനര്‍നിര്‍മാണമാണ് സൈന്യത്തെ ഏല്‍പ്പിക്കാന്‍ തീരുമാനമായിരിക്കുന്നത്. കാല്‍ നടയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും വേണ്ടി രണ്ട് പാലം നിര്‍മ്മിക്കാന്‍ പമ്പയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ്‌ തീരുമാനമായത്.

മന്ത്രി കടകം പള്ളി സുരേന്ദ്രന്റെ നേതൃത്വത്തിലാണ് അവലോകന യോഗം ചേര്‍ന്നത്.

പമ്പയില്‍ നടന്ന അവലോകന യോഗ തീരുമാനങ്ങള്‍

1. പമ്പാനദിക്ക് കുറുകെ രണ്ട് ബെയ്‌ലി പാലങ്ങള്‍ നിര്‍മ്മിക്കും.നിര്‍മ്മാണ ചുമതല മിലിട്ടറിക്ക് നല്‍കിക്കൊണ്ടുള്ള തീരുമാനമായി.ഒരു പാലം ഭക്തര്‍ക്ക് നടക്കാനും മറ്റേത് ആംബുലന്‍സ് ഉള്‍പ്പെടെയുള്ള അത്യാവശ്യ വാഹനങ്ങള്‍ കടന്നു പോകാന്‍ കഴിയുന്നതിനുമാണ്‌. പമ്പ ഹില്‍ ടോപ്പില്‍ തുടങ്ങി പമ്പാ ഗണപതി ക്ഷേത്രം വരെ ബന്ധിപ്പിച്ചായിരിക്കും പാലം നിര്‍മ്മാണം.

2. പമ്പയില്‍ അടിഞ്ഞുകൂടിയിരിക്കുന്ന ടണ്‍ കണക്കിന് മണ്ണ് പൂര്‍ണ്ണമായും നീക്കം ചെയ്യും.

3. പമ്പാനദിയെ പൂര്‍വ്വസ്ഥിതിയിലാക്കുന്ന നടപടികള്‍ സ്വീകരിക്കും.

4. പമ്പയില്‍ ആവശ്യത്തിന് ബയോ - ടോയ്‌ലറ്റ് സംവിധാനം ഏര്‍പ്പെടുത്തും.

5. സ്വീവേജ് ട്രീറ്റിംഗ് പ്ലാന്‍ പ്രവര്‍ത്തനക്ഷമമാക്കും.

6 കെട്ടിടങ്ങള്‍ അറ്റകുറ്റ പണി തീര്‍ത്ത് ബലപ്പെടുത്തും.

7. കുടിവെള്ളം പുനസ്ഥാപിക്കുന്നതിനുള്ള നടപടി വാട്ടര്‍ അതോറിറ്റി സ്വീകരിക്കും.

8. റോഡുകള്‍ ശാസ്ത്രീയമായി സൈഡ് വാള്‍ കെട്ടി ഗതാഗതയോഗ്യമാക്കാന്‍ തീരുമാനിച്ചു.

9. ട്രാഫിക് നിയന്ത്രണം ഏര്‍പ്പെടുത്തും.

10. ശബരിമലയിലേക്ക് വരുന്ന വാഹനങ്ങള്‍ക്ക് പമ്പയില്‍  വണ്‍വെ സംവിധാനം നടപ്പാക്കും.

11. വാട്ടര്‍ അതോറിറ്റി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിക്കും.

12. അന്നദാന മണ്ഡപം കേടുപാട് തീര്‍ത്ത് ബലപ്പെടുത്തും.

13. ടവ്വറുകള്‍ നിര്‍മ്മിച്ച് വൈദ്യുതി പുനസ്ഥാപിക്കും.

14. റോഡില്‍ അപകടകരമായി നില്‍ക്കുന്ന മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ഫോറസ്റ്റ് നടപടി എടുക്കും.

15. ചാലക്കയം -പമ്പാ റോഡ് ദേവസ്വം ബോര്‍ഡ് അറ്റകുറ്റപണി നടത്തി ഗതാഗത യോഗ്യമാക്കും.

16. റോഡിന്റെ സുരക്ഷിതത്വം സംബന്ധിച്ച് പരിശോധന നടത്തും.

17. രാമമൂര്‍ത്തി മണ്ഡപത്തിനു പകരം താല്‍ക്കാലിക മണ്ഡപം നിര്‍മ്മിക്കും.

18. വലിയാനവട്ടം, ചെറിയാനവട്ടം പാലങ്ങളുടെ പുനരുദ്ധാരണത്തില്‍  ഇറിഗേഷന്‍-ഫോറസ്റ്റ് വകുപ്പുകള്‍ സംയുക്തമായി നടപടി സ്വീകരിക്കും.

19. പമ്പയിലെ ആശുപത്രി നഷ്ടം കണക്കാക്കി, മരുന്നുകള്‍ ലഭ്യമാക്കും.

20. ജില്ലാ ഭരണകൂടം വേണ്ട ഇടപെടല്‍ നടത്തണം .

21.അടുത്ത മാസം നട തുറക്കുന്നതിന് മുന്‍പ് തന്നെ ബെയ്‌ലി പാലം യാഥാര്‍ത്ഥ്യമാക്കും.

23. പമ്പാനദിക്കരയില്‍ ഇനി കോണ്‍ഗ്രീറ്റ് നിര്‍മ്മാണങ്ങള്‍ ഉണ്ടാവില്ല.

24. യോഗ തീരുമാനങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കാനും യോഗത്തില്‍ തീരുമാനമായി.
ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന്റെ അധ്യക്ഷതയില്‍ പമ്പയില്‍ ചേര്‍ന്ന യോഗത്തില്‍ദേവസ്വം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ആന്റോ ആന്റണി എം.പി, രാജു എബ്രഹാം എം എല്‍ എ, ദേവസ്വം ബോര്‍ഡ് അംഗങ്ങളായ കെ രാഘവന്‍, കെ പി ശങ്കരദാസ് ,ആര്‍മി മേജര്‍ ആശിഷ് ഉപാധ്യായ,ദേവസ്വം കമ്മീഷണര്‍ എന്‍.വാസു, ദേവസ്വം സെക്രട്ടറി, പത്തനംതിട്ട ജില്ലാപൊലീസ് മേധാവി, വിവിധ വകുപ്പു് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

അവലോകന യോഗ തീരുമാനങ്ങളുടെ പുരോഗതി വിലയിരുത്താന്‍ 15 ദിവസം കഴിയുമ്പോള്‍ വീണ്ടും യോഗം വിളിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അറിയിച്ചു. 
 

പ്രധാന വാർത്തകൾ
 Top