25 August Sunday

ബ്രണ്ണന്‍ കോളേജ‌് പ്രിന്‍സിപ്പലിന‌് ആര്‍എസ്എസ് വധഭീഷണി ; വീട്ടിലും ഓഫീസിലും പൊലീസ‌് സുരക്ഷ ഏർപ്പെടുത്തി

സ്വന്തം ലേഖകൻUpdated: Friday Jul 19, 2019

തലശേരി
ബ്രണ്ണൻ കോളേജ് പ്രിൻസിപ്പൽ പ്രൊഫ. കെ ഫൽഗുനന‌് -ആർഎസ്എസ് വധഭീഷണി. വ്യാഴാഴ്ച പകൽ പതിനൊന്നോടെ പ്രിൻസിപ്പലിന്റെ ചേംബറിൽ അതിക്രമിച്ചുകയറിയാണ് പുറത്തുനിന്നുള്ള സംഘം ഭീഷണി മുഴക്കിയത്. പുറത്തിറങ്ങിയാൽ ശരിപ്പെടുത്തുമെന്നായിരുന്നു ആക്രോശം.

ഉച്ചയ‌്ക്ക‌് ധർമടം എസ്‌ഐയുടെ സാന്നിധ്യത്തിൽ നടത്തിയ ചർച്ചയ‌്ക്കിടെയും വധഭീഷണി ആവർത്തിച്ചു. എബിവിപി ജില്ലാസെക്രട്ടറി പി പ്രജു, അഭിനവ്, വിഷ്ണുപ്രസാദ്, നിധിൻ, ബ്രണ്ണനിലെ വിദ്യാർഥി വിശാഖ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. വധഭീഷണിയെ തുടർന്ന് പ്രിൻസിപ്പലിനും ധർമടം വെള്ളൊഴുക്ക് നരിവയലിലെ വീടിനും പൊലീസ് സുരക്ഷ ഏർപ്പെടുത്തി.ഫോണിലൂടെയും വധഭീഷണിയുണ്ടായതായി പ്രിൻസിപ്പൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

എബിവിപിക്കാർ കാമ്പസ്സിൽ ഫോട്ടോവച്ച് പുഷ്പാർച്ചന നടത്താനും കൊടിമരം സ്ഥാപിക്കാനും അനുമതി തേടിയിരുന്നു. പുതുതായി കൊടിമരത്തിന് അനുവാദം നൽകാനാവില്ലെന്ന് ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി അറിയിച്ചു. അരമണിക്കൂറിനകം എടുത്തുമാറ്റാമെന്ന ഉറപ്പിലാണ് ഒടുവിൽ അനുവദിച്ചത്. മുക്കാൽ മണിക്കൂർ കഴിഞ്ഞിട്ടും എടുത്തുമാറ്റാത്തതിനെ തുടർന്നാണ് കൊടിമരം പൊലീസിനെ ഏൽപ്പിച്ചത്. പൊലീസിനെ ക്യാമ്പസിൽ കയറ്റേണ്ടെന്ന് കരുതിയാണ‌്  അതെടുത്ത് കൈമാറിയത്–- പ്രിൻസിപ്പൽ പറഞ്ഞു. 

അനുവാദമില്ലാതെയാണ് വ്യാഴാഴ്ച  വീണ്ടും കൊടിമരം സ്ഥാപിച്ചത്. പുതിയ പ്രിൻസിപ്പൽ തിങ്കളാഴ്ച വരുമെന്നും സർവകക്ഷിയോഗം ചേർന്നശേഷം തീരുമാനിക്കാമെന്നും അറിയിച്ചിട്ടും അനുസരിച്ചില്ല. കൊടിമരം സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഇനി പ്രിൻസിപ്പലിനാണെന്നു പറഞ്ഞാണ‌് വധഭീഷണി മുഴക്കിയവർ മടങ്ങിയത്.

കോളേജിലേക്ക് വ്യാഴാഴ്ച എബിവിപി നടത്തിയ പ്രകടനം പൊലീസ് തടഞ്ഞിരുന്നു. ബുധനാഴ്ച രാത്രി ആർഎസ്എസ്സുകാർ പ്രിൻസിപ്പലിന്റെ വീട്ടിലേക്ക് നടത്തിയ മാർച്ചിലും അധിക്ഷേപവും കൊലവിളിയുമായിരുന്നു. വധഭീഷണിയുണ്ടെന്നും തന്റെ മരണമൊഴിയായി ഇതുരേഖപ്പെടുത്തണമെന്നും  ധർമടം എസ്‌ഐയെ അറിയിച്ചതായി പ്രിൻസിപ്പൽ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top