07 July Tuesday

ബിപിസിഎൽ വിൽപ്പന : നഷ്ടമാകുന്നത്‌ 80 കോടിയുടെ ക്ഷേമപദ്ധതി; നൂറോളം പദ്ധതികൾ ഇല്ലാതാകും

പി സന്തോഷ്‌ ബാബുUpdated: Friday Nov 22, 2019


കൊച്ചി
ബിപിസിഎൽ സ്വകാര്യമേഖലയ്ക്ക് വിൽക്കുമ്പോൾ കേരളത്തിന് നഷ്ടം അഞ്ചുവർഷമായി കേരളത്തിൽ അവർ നടപ്പാക്കുന്ന കോടിക്കണക്കിന് രൂപയുടെ സാമൂഹ്യക്ഷേമ പദ്ധതികൾകൂടി. 2014--–-15ൽ കോർപറേറ്റ് കമ്പനികളുടെ സാമൂഹ്യ പ്രതിബദ്ധതാ (സിഎസ്ആർ) പരിപാടി നിയമപ്രകാരം ബിപിസിഎൽ കൊച്ചി റിഫൈനറി കേരളത്തിൽ 80 കോടി രൂപയുടെ വികസന, സാമൂഹ്യ ക്ഷേമ പദ്ധതികളാണ് നടപ്പാക്കിയിട്ടുള്ളത്. ഒരുവർഷം ശരാശരി 16 കോടി രൂപ. സൗജന്യ ഡയാലിസിസും സ്കൂൾ വിദ്യാർഥികൾക്കുള്ള പോഷകാഹാരപദ്ധതിയും ആദിവാസിക്ഷേമ പരിപാടികളുമൊക്കെ ഇതിലുണ്ട്‌.

പി രാജീവ് രാജ്യസഭാ എംപിയായിരിക്കെ  എറണാകുളം ജനറൽ ആശുപത്രിയിൽ  ലീനിയർ ആക്സിലറേറ്റർ പദ്ധതി പൂർത്തിയാക്കാൻ ബിപിസിഎൽ ഒരുകോടി രൂപ നൽകി. രോ​ഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണത്തിന്‌ 25 ലക്ഷം രൂപയും ജനറൽ ആശുപത്രിയിലെ രണ്ടു പാലിയേറ്റീവ് കെയർ യൂണിറ്റുകളുടെ മുഴുവൻ ചെലവും ഏറ്റെടുത്തു. 45 ലക്ഷത്തോളം രൂപയും നൽകി. ഒരുകോടി രൂപ മുതൽമുടക്കിൽ അന്താരാഷ്ട്ര നിലവാരത്തിൽ ട്രോമ കെയർ യൂണിറ്റ് നവീകരിക്കുന്നു.


 

ആഴക്കടലിൽ രക്ഷാപ്രവർത്തനത്തിന് പോകാവുന്ന ആറുകോടി രൂപയുടെ മറൈൻ ആംബുലൻസ് സംസ്ഥാന ഫിഷറീസ് വകുപ്പിന് നൽകി. ജില്ലയിലെ 153 സ്കൂളുകളിൽ 36,500 കുട്ടികൾക്ക് പ്രഭാതഭക്ഷണം നൽകുന്ന പദ്ധതി മൂന്നുവർഷം പിന്നിട്ടു. ഓരോ വർഷവും 5.5 കോടി രൂപയാണ് ചെലവഴിക്കുന്നത്.തൃപ്പൂണിത്തുറ, വടവുകോട്, തിരുവാണിയൂർ പ്രദേശങ്ങളിൽ മൂന്നരക്കോടിയോളം രൂപ മുടക്കി 16 അങ്കണവാടികൾ നിർമിച്ചു. മുഴുവൻ അങ്കണവാടിയിലെയും എല്ലാ കുട്ടികൾക്കും പോഷകാഹാരം നൽകുന്നതിനായി വർഷം 15 ലക്ഷത്തോളം രൂപയും ചെലവഴിക്കുന്നു.

തെരഞ്ഞെടുത്ത വാർഡുകളിൽ മൂന്നുവർഷമായി ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതിയുമുണ്ട്. ഒരു  കുടുംബത്തിന് ചികിത്സാസഹായമായി 50,000 രൂപ നൽകുന്ന പദ്ധതിക്കായി വർഷം 70 ലക്ഷം രൂപയാണ് മുടക്കുന്നത്.

ഇല്ലാതാകും നൂറോളം പദ്ധതി
നാൽപ്പത്‌ സ്കൂളിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ കുട്ടികൾക്ക് പ്രഭാതഭക്ഷണവും സൗജന്യ ട്യൂഷനും നൽകുന്ന ‘രോഷ്നി പദ്ധതി’ക്ക് ഒരുകോടി, മാലിന്യത്തിൽനിന്ന്‌ വൈദ്യുതി ഉണ്ടാക്കാനുള്ള ബ്രഹ്മപുരം പദ്ധതിക്ക് 25 കോടി, വടവുകോട് കമ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഒരുകോടി രൂപ മുടക്കി വനിതാ വാർഡ്, തൃപ്പൂണിത്തുറ ​സർക്കാർ ​ഗേൾസ് ഹൈസ്കൂളിൽ 3.5 കോടി രൂപയുടെ പ്രധാന കെട്ടിടം,  ഏഴു ജില്ലകളിലെ എച്ച്ഐവി ബാധിതർക്ക് മരുന്നടക്കം സഹായമെത്തിക്കുന്ന 65 ലക്ഷം രൂപയുടെ പദ്ധതി.

യുവാക്കൾക്ക് വിവിധ വ്യവസായ തൊഴിൽ പരിശീലനം കൊടുക്കുന്നതിനുള്ള അങ്കമാലി ഇൻകൽ ബിസിനസ് പാർക്കിലെ  നൈപുണ്യവികസന ഇൻസ്റ്റിറ്റ്യൂട്ട്, പ്രതിവർഷം 1000 വിദ്യാർഥികൾക്ക് പരിശീലനം നൽകുന്ന ഏറ്റുമാനൂരിലെ നിർദിഷ്ട സമ്പൂർണ നൈപുണ്യവികസന കേന്ദ്രം, 50 വർഷത്തിലധികമായി അമ്പലമു​കൾ നിവാസികൾക്ക്‌ സൗജന്യ ആരോ​ഗ്യപരിരക്ഷ നൽകുന്ന അമ്പലമു​കൾ മെഡിക്കൽ എയ്ഡ് സൊസൈറ്റി (അമാസ്), കോഴിക്കോട് മെഡിക്കൽ കോളേജ്, പേരാമ്പ്ര താലൂക്കാശുപത്രി, ഷൊർണൂർ സിഎച്ച്സി, ശ്രീ ചിത്തിരതിരുനാൾ മെഡിക്കൽ സയൻസ് എന്നിവിടങ്ങളിൽ ഡയാലിസിസ് സെന്ററുകൾ തുടങ്ങി നൂറോളം പദ്ധതികളാണ് ബിപിസിഎൽ കേരളത്തിൽ നടത്തിക്കൊണ്ടിരിക്കുന്നത്. കമ്പനി വിൽക്കുന്നതോടെ  ഈ പദ്ധതികളുടെ പ്രവർത്തനം അവതാളത്തിലാകും.

ആദിവാസിക്ഷേമത്തിന് ലക്ഷങ്ങൾ
വയനാട്ടിൽ ‘എൻ ഊര്’ പദ്ധതി നടപ്പാക്കുന്നു. തൃശൂർ ജില്ലയിലെ പൂവഞ്ചിറ, മണിയൻകിണർ, താമരവെള്ളച്ചാൽ എന്നിവിടങ്ങളിലും ആദിവാസി സഹായം പദ്ധതിയുണ്ട്‌.


പ്രധാന വാർത്തകൾ
 Top